എം-സോണ്‍ റിലീസ് – 760
ഭാഷ | കൊറിയൻ |
സംവിധാനം | Sung-su Kim |
പരിഭാഷ | അഖില്‍ ആന്റണി |
ജോണർ | ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ |
കൊറിയയിലേക്ക് നിയമവിരുദ്ധമായി മനുഷ്യരെ കടത്തുന്ന രണ്ടംഗ സംഘത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. കുടിയേറ്റക്കാരിൽ ചിലർ അസ്വാഭാവികമായി ചുമയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മനുഷ്യക്കടത്തുകാർ അത് നിസാരമായി കണ്ടു അവരെ ഒരു കണ്ടെയ്നറിൽ കുത്തിനിറച്ചു കൊറിയയിലേക്ക് കയറ്റിക്കൊണ്ടു പോകുന്നു. ഒമ്പത് ദിവസത്തിനു ശേഷം കൊറിയയിലെ തുറമുഖ നഗരമായ പ്യോങ്തേക്കിൽ എത്തുന്ന കണ്ടെയ്‌നർ തുറക്കുന്ന മനുഷ്യക്കടത്തു സംഘം ആ ഭയാനകമായ കാഴ്ച്ച കണ്ടു ഞെട്ടുന്നു. കുടിയേറ്റക്കാർ മുഴുവൻ അജ്ഞാതമായ ഏതോ രോഗം ബാധിച്ചു മരിച്ചു കിടക്കുന്നു. സഹോദരങ്ങളായ മനുഷ്യക്കടത്ത് സംഘത്തിലെ ഇളയ സഹോദരൻ ഈ വിവരം അവരുടെ ബോസിനെ അറിയിക്കാൻ മൊബൈലിൽ പകർത്തുന്നതിനിടെ ദുരന്തത്തെ അത്ഭുതകരമാംവിധം അതിജീവിച്ച ഒരു വ്യക്തി സഹായത്തിനായി തന്റെ കരമുയർത്തുന്നു. ഞെട്ടിത്തരിച്ചു പോകുന്ന അവന്റെ കൈയ്യിൽ നിന്നും മൊബൈൽ ഫോൺ രക്തത്തിൽ കുളിച്ചുകിടക്കുന്ന കബന്ധങ്ങളിലേക്ക് വീഴുന്നു. ദുരന്തത്തെ അതിജീവിച്ച യുവാവിനെയും കൊണ്ട് നഗരത്തിലെത്തുന്ന അവരുടെ പക്കൽ നിന്നും ആ യുവാവ് രക്ഷപ്പെടുന്നു. അക്കാലത്ത് “പക്ഷിപ്പനി” എന്നറിയപ്പെട്ട H5N1 എന്ന പകർച്ചപ്പനിയുടെ വിളയാട്ടം തുടങ്ങുകയായിരുന്നു ആ കൊറിയൻ നഗരത്തിൽ.