എം-സോണ്‍ റിലീസ് – 442
ഭാഷ | ഇംഗ്ലീഷ്, ഗ്രീക്ക് |
സംവിധാനം | Michael Cacoyannis |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | കോമഡി, ഡ്രാമ |
മനുഷ്യ വികാരങ്ങളുടെ പച്ചമണ്ണ് കൊണ്ട് നിർമിക്കപ്പെട്ടവനാണ് സോർബ. അയാൾക്ക് പഠിപ്പില്ല, പദവികളില്ല, ഇന്നലെകളെ കുറിച്ചോ, നാളെയേക്കുറിച്ചോ ആലോചനകളോ ആശങ്കകളോ ഇല്ല. മുൻവിധികളില്ലാതെ തെളിഞ്ഞ കണ്ണുകളോടെയാണ് സോർബ ലോകത്തെ നോക്കി കാണുന്നത്. ആന്റണി ക്വിൻ എന്ന അതുല്യ നടൻ സോർബയായി പകർന്നാടിയത് കണ്ട്, ഞാൻ വിസ്മയിച്ചത് എത്രയാണ്. ഒരു നടൻ്റെ ധന്യത.
സോർബ ഒരു മാനസികാവസ്ഥയാണ്. അയാൾ നമുക്ക് ചുറ്റും എവിടെയൊക്കെയോ ഉണ്ട്. സോർബയെ സൃഷ്ടിച്ച, നോവലിസ്റ്റ് കസാൻദ്സാക്കീസ് തന്റെ കല്ലറയിൽ കൊത്തിവെച്ച ഒരു വാചകമുണ്ട്. I hope nothing, I fear nothing, I am free. എന്റെ ജീവിതത്തിൻ്റെയും അടിവര ഈ വാചകമായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു”.
നിക്കോസ് കസാൻദ്സാക്കീസിന്റെ “The Life and Times of Alexis Zorba” എന്ന നോവലിനെ അടിസ്ഥാനമാക്കി 1964 ൽ പുറത്തിറങ്ങിയ “സോർബ ദ ഗ്രീക്ക്” എന്ന ചിത്രത്തെ പറ്റി മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ, തന്റെ ബ്ലോഗിൽ കുറിച്ച വരികളാണ് മുകളിൽ വായിച്ചത്. പുസ്തകപ്പുഴു എന്ന് മറ്റുള്ളവരാൽ കളിയാക്കപ്പെടുന്ന, എഴുത്തുകാരനായ നായകൻ (അലൻ ബേറ്റ്സ്), തൻ്റെ അച്ഛൻ്റെ വകയിൽ കിട്ടിയ ഖനി നോക്കി നടത്താനായി ക്രീറ്റ് എന്ന ദ്വീപിലേക്ക് യാത്രയാകുന്നതാണ് സിനിമയുടെ തുടക്കം. കപ്പൽ കാത്തുനിൽക്കുന്ന അയാൾ, സോർബ എന്ന് പേരുള്ള ഒരാളെ പരിചയപ്പെടുന്നു (ആന്റണി ക്വിൻ). നല്ലൊരു പാചകക്കാരനാണെന്നും, ഖനി തൊഴിലാളിയാണെന്നും സ്വയം പരിചയപ്പെടുത്തുന്ന അയാളെ, ഉടൻ തന്നെ നായകൻ തന്റെ യാത്രയിൽ കൂടെ കൂട്ടുന്നു.
തുടർന്നുള്ള അവരുടെ യാത്രയാണ്, ചിത്രത്തിൻ്റെ പ്രമേയം.
സങ്കടം വന്നാൽ കരഞ്ഞു തീർക്കുന്ന, പുസ്തകങ്ങളിൽ മാത്രം തത്വചിന്തകൾ തിരയുന്ന നായകനെ, ഏത് തകർച്ചകൾ നേരിട്ടാലും നൃത്തം ചെയ്യണമെന്ന് സോർബ പഠിപ്പിക്കുന്നു. ജീവിതമേല്‍പ്പിക്കുന്ന പ്രതിസന്ധികളെ, നേരിടേണ്ടി വരുന്ന പരാജയങ്ങളെ, തടസങ്ങളെ മറികടന്ന് വെളിച്ചത്തിലേക്ക് എങ്ങനെ കടന്നു ചെല്ലണമെന്ന് സോർബയെന്ന കഥാപാത്രം നമ്മോട് ഉണർത്തുന്നു. മൈക്കല്‍ കാക്കൊയാനിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം 3 ഓസ്കർ പുരസ്കാരങ്ങൾ നേടുകയും, മറ്റ് 16 നോമിനേഷനുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ, എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി “സോർബ ദി ഗ്രീക്ക്”നെ കണക്കാക്കപ്പെടുന്നു.