എം-സോണ് റിലീസ് – 1380
ത്രില്ലർ ഫെസ്റ്റ് – 15
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sam Mendes |
പരിഭാഷ | വിഷ്ണു പ്രസാദ്, ഗിരി പി എസ് |
ജോണർ | ഡ്രാമ, വാർ |
ഏപ്രിൽ – 1917 ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം. അവിചാരിതമായി ജർമ്മനി യുദ്ധമുഖത്തു നിന്നും പിൻവാങ്ങുന്നു. ഈ അവസരം മുതലാക്കി മുന്നേറാൻ ബ്രിട്ടീഷ് പട്ടാളത്തിലെ സെക്കന്റ് ബറ്റാലിയൻ തീരുമാനിക്കുന്നു. എന്നാൽ ജർമ്മനി പിന്മാറിയതല്ല മറിച്ച് അത് ഒരു യുദ്ധ തന്ത്രമാണ് എന്ന് മനസ്സിലാക്കിയ ജനറൽ വിവരം അവരെ അറിയിക്കാൻ 2 പട്ടാളക്കാരെ അയക്കുന്നു. യുദ്ധ മുഖത്തു കൂടെ ജീവൻ പണയം വച്ചുള്ള അവരുടെ യാത്രയാണ് സിനിമയുടെ പ്രമേയം.
സിനിമയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ ലോകപ്രശസ്തമായ ഒരു പാട് യുദ്ധസിനിമകൾ നമ്മൾ കണ്ടതാണ്. അതിൽ നിന്നെല്ലാം വിത്യസ്തമായ ഒരു ദൃശ്യ വിസ്മയം ഒരുക്കാൻ അണിയറക്കാർ നടത്തിയ ശ്രമമാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. ജോർജ്ജ് മക്കോയ് അവതരിപ്പിക്കുന്ന വിൽ എന്ന പട്ടാളക്കാരന്റെ മുഖം കാണിച്ചു കൊണ്ട് ആരംഭിക്കുന്ന സിനിമ അയാളുടെ മുഖത്ത് തന്നെ അവസാനിക്കുമ്പോൾ ഒരൊറ്റ ഷോട്ടിൽ എടുത്ത സിനിമയാണ് എന്ന് നമ്മെ വിശ്വസിപ്പിക്കുന്നതിൽ അണിയറക്കാർ നൂറ്റൊന്നു ശതമാനം വിജയിച്ചിരിക്കുന്നു. കഥാപാത്രങ്ങളെയും സംഭവങ്ങളെയും വിത്യസ്തമായ ആംഗിളുകളിൽ കാണിക്കുമ്പോഴും ഒരിടത്ത് പോലും ഒരു കട്ട് ഉള്ളതായി തോന്നാത്ത വിധം ഛായാഗ്രഹണം ഒരുക്കാൻ കഴിഞ്ഞത് സംവിധായകന്റെയും ഛായാഗ്രാഹകന്റെയും അസാധ്യമായ പാടവമാണ് കാണിക്കുന്നത്. കൂടെ മനോഹരമായ ദൃശ്യങ്ങളും വിഷയത്തിനിണങ്ങുന്ന പശ്ചാത്തല സംഗീതവും.
കടപ്പാട്: സുനിൽ നടക്കൽ