എം-സോണ്‍ റിലീസ് – 610
ഭാഷ | മാന്‍ഡരിന്‍ |
സംവിധാനം | Jianqi Huo |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ബയോഗ്രഫി, മിസ്റ്ററി |
ഹുയാൻ സാങ്. തീർത്ഥാടകരുടെ രാജകുമാരൻ.ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുൻപ് ഇരുപത്തെട്ട് വയസ്സുള്ള ആ ബുദ്ധ സന്യാസി പടിഞ്ഞാറിനെ സ്വപ്നം കണ്ടു തുടങ്ങി… ഒരു മഹാ പ്രയാണത്തിന്റെ തുടക്കം. ഭാരതത്തിൽ നിന്ന് ബുദ്ധ ദർശനങ്ങൾ പരിഭാഷയിലൂടെ ചൈനയിലെത്തിയപ്പോൾ മ്യൂല്യച്യുതി സംഭവിച്ചിരുന്നു. ഓരോരുത്തരും ബുദ്ധ ദർശനങ്ങൾ അവരവർക്കിഷ്ടമുള്ള തരത്തിൽ വ്യാഖ്യാനിച്ചപ്പോൾ, യാഥാർത്ഥ ബുദ്ധൻ എവിടെയോ മറഞ്ഞു കിടന്നു. ആ ബുദ്ധ സന്യാസിയെ ഇത് വല്ലാതെ അസ്വസ്ഥനാക്കി. അത് അദ്ദേഹത്തെ നിരന്തരം നായാടി.നിദ്രയിലും സ്വപ്നത്തിലും. ഉറങ്ങാനുള്ള ഓരോ ശ്രമവും അദ്ദേഹത്തെ ഉണർത്തി കൊണ്ടേയിരുന്നു.. ഒരു നാൾ വിലക്കുകൾ ലംഘിച്ച് ആ ഭിക്ഷു യാത്രയാരംഭിച്ചു.. പടിഞ്ഞാറേക്ക്, ഭാരതത്തിലേക്ക്. ബുദ്ധനെ കണ്ടെത്താൻ വേണ്ടി മാത്രം. കാവൽനിലയങ്ങളും അതിർത്തികളും ഭേദിച്ച് ഒരു യാത്ര. മനോഹരമായ ഭൂപ്രകൃതി ആ ഭിക്ഷുവിനെ ഭ്രമിപ്പിച്ചില്ല, മരഭൂമിയിലെ കൊടുംതാപം തളർത്തിയില്ല, മഞ്ഞു പർവ്വതങ്ങൾ മനസ്സിനെ മരവിപ്പിച്ചില്ല. മരീചികയുടെ മായാ വലയത്തിൽ അകപ്പെടുമ്പോഴെല്ലാം, സിരകളിൽ ബോധമായ് നിറഞ്ഞു നിന്നിരുന്നത് ബുദ്ധൻ മാത്രം. വഴി നീളെ നിഴലായ് ബുദ്ധൻ കൂടെ നടന്നിരുന്നു. വെള്ളത്തിൽ നിന്ന് ഉയർന്നു വന്ന കൽത്താമര പോലെ… വർഷങ്ങൾ നീണ്ട പ്രയാണം…. ഒരു തരത്തിൽ പ്രവാസം. ബുദ്ധനിലേക്കുള്ള നീണ്ട പ്രയാണം. ചരിത്രം ആ ഭിക്ഷുവിന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്നു. 16000 ത്തോളം കിലോമീറ്ററുകൾ താണ്ടിയ ഹുയാൻ സാങിന്റെ ഐതിഹാസികമായ യാത്രയുടെ കഥയാണിത്. ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത സംരംഭമാണ് 2016ൽ പുറത്തിറങ്ങിയ ഈ സിനിമ.ഹുവാങ് സിയോമിങ് എന്ന നടനാണ് ഈ സിനിമയിൽ ഹുയാൻ സാങിനെ അവതരിപ്പിച്ചിരിക്കുന്നത്. 89-മത് ഓസ്കാർ അവാർഡ്സിൽ ചൈന മത്സരത്തിനയച്ചത് ഈ ചിത്രമായിരുന്നു.