എം-സോണ്‍ റിലീസ് – 1054
Best of IFFK 2018 – 6
ഭാഷ | സ്പാനിഷ് |
സംവിധാനം | Alfonso Cuarón |
പരിഭാഷ | Krishnaprasad MV |
ജോണർ | ഡ്രാമ |
2013 മികച്ച സംവിധായകനും, എഡിറ്റര്‍ക്കുമുള്ള ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ഗ്രാവിറ്റി എന്ന ചിത്രത്തിനുശേഷം മെക്സിക്കന്‍ സംവിധായകന്‍ അല്‍ഫോന്‍സോ കുവറോണ്‍, 5 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തന്‍റെ മടങ്ങിവരവ് ആഘോഷമാക്കിയ തികച്ചും വ്യത്യസ്തമായ സിനിമാനുഭാവമാണ് റോമ.
കുവറോണ്‍ തന്‍റെ തന്നെ കുട്ടിക്കാലത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ഒരു സെമി ബയോഗ്രഫിക്കല്‍ ഡ്രാമയാണ് റോമ. മെക്സിക്കോയിലെ ഒരു ചെറിയ പ്രദേശമായ റോമയില്‍ 1970 കാലഘട്ടത്തിലെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരു സമ്പന്ന കുടുംബത്തിൽ വീട്ടുജോലികൾ ചെയ്തു ജീവിക്കുന്ന ക്ലിയോ എന്ന യുവതിയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ആ കുടുംബത്തിലെ കുട്ടികൾ അടക്കം എല്ലാവർക്കും പ്രിയ്യപ്പെട്ടവളാണ് ക്ലിയോ. ക്ലിയോയുടെ ജീവിതവും, അവൾ ജോലി ചെയ്യുന്ന കുടുംബത്തിലെ പ്രശ്നങ്ങളും കുടുബനാഥയായ സോഫിയയുടെ കഥാതന്തുവും കൂട്ടിച്ചേര്‍ത്ത് പറഞ്ഞു പോകുന്നു റോമ.70’s ലെ മെക്സിക്കന്‍ സാമൂഹ്യവ്യവസ്ഥിതി, രാഷ്ട്രീയം, സംസ്കാരം എന്നിങ്ങനെ പലതും സിനിമയിൽ വിഷയമാകുന്നുണ്ട്. ക്ലിയോ എന്ന കേന്ദ്രകഥാപാത്രത്തെ യാലിറ്റ്സ അപാരിറ്റ്സിയോ മാര്‍ട്ടിനെസ് എന്ന പുതുമുഖ നടിയും, സോഫിയയെ മരീന ഡി ടാവിരയും അവതരിപ്പിച്ചിരിക്കുന്നു.
സംവിധാനം, എഡിറ്റിംഗ് എന്നിവക്കു പുറമേ മികച്ച ഒരു ഛായാഗ്രാഹകന്‍ കൂടിയാണ് താനെന്ന് കുവറോണ്‍ തെളിയിച്ചിരിക്കുന്നു. മികച്ച ചിത്രത്തിനടക്കം അനവധി അക്കാഡമി നോമിനേഷനുകളും സിനിമ നേടി.
വളർന്ന കാലഘട്ടവും, ചുറ്റു പാടുകളും , രാഷ്ട്രീയ സാഹചര്യങ്ങളും, ക്ലിയോയെയും, സോഫിയയെയും പോലുള്ള സ്ത്രീ കഥാപാത്രങ്ങളെയും, അവരുടെ ജീവിതവും എല്ലാം കോർത്തിണക്കി തന്‍റെ കുട്ടിക്കാലം തന്നെയാണ് കുവറോണ്‍ പ്രേക്ഷകന് മുൻപിൽ തുറന്നു കാണിക്കുന്നത്. പകരം വെക്കാനാകാത്ത ദൃശ്യാനുഭവമാണ് റോമ.
ഒരേസമയം മനോഹരവും വേദനാജനകവുമായ ഒരുത്തമകലാസൃഷ്ടി!