എം-സോണ്‍ റിലീസ് – 748
ക്ലാസ്സിക് ജൂണ്‍ 2018 – 2
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | സ്റ്റാൻലി കുബ്രിക്ക് |
പരിഭാഷ | വെള്ളെഴുത്ത് |
ജോണർ | ക്രൈം, ഡ്രാമ, റൊമാൻസ് |
വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ലോലിത റഷ്യൻ സാഹിത്യകാരനായ വ്ലാഡിമിർ നബക്കോഫിന്റെ കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രം 1962 ലാണ് പുറത്തിറങ്ങിയത്. ഹംബർട്ട് എന്ന കോളേജ് അദ്ധ്യാപകന് ലോലിതയെന്ന കൗമാരക്കാരിയോട് തോന്നുന്ന ഭ്രാന്തമായ പ്രണയവും അടങ്ങാത്ത അഭിനിവേശവും സംബന്ധിച്ചതാണ് ചിത്രത്തിന്റെ പ്രമേയം. അവധിക്കാലം ചിലവഴിക്കാനായി റാംസ് ഡേയ്ൽ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന ഹംബർട്ട് അവിടെ വച്ച് ലോലിതയെ കണ്ടുമുട്ടുകയും പ്രഥമ ദർശനത്തിൽ തന്നെ അവളിൽ അനുരക്തനാവുകയും ചെയ്യുന്നു. എന്നാൽ അയാളിൽ താല്പര്യം തോന്നിയ വിധവയായ അവളുടെ അമ്മക്കിത് ഇഷ്ടമാവുന്നില്ല. ലോലിതയുമായി കലഹിച്ച് പുറത്ത് പോകുന്ന അവർ വാഹനാപകടത്തിൽ മരണമടയുന്നു. ഇത് ഹംബർട്ട് ലോലിതയെ അറിയിക്കുന്നില്ല. അവധിക്കാലം കഴിഞ്ഞ് കോളേജിലേക്ക് തിരിച്ചു പോകുന്ന അയാൾ ലോലിതയെ അടുത്തുള്ള സ്കൂളിൽ ചേർക്കുന്നു. പുറമേക്ക് പിതാവെന്ന പോലെ പെരുമാറുകയും ഉള്ളിൽ പ്രണയം ഒളിപ്പിച്ച് അവളെ വശത്താക്കാൻ സദാ ശ്രമിച്ചുകൊണ്ടും
പെരുമാറിയ ഹംബർട്ടിന്, ലോലിതക്ക് ഡോ: സെംഫ് എന്ന വ്യക്തിയുമായുണ്ടാവുന്ന സൗഹൃദം ഉൾക്കൊള്ളാനാവുന്നില്ല. നിൽക്കകള്ളിയില്ലാതെ അയാൾ ലോലിതുമായി നിരന്തരം യാത്ര ചെയ്യുന്നു. യാത്രയിലുടനീളം ഒരജ്ഞാത വാഹനം അവരെ പിന്തുടരുന്നുണ്ട്. ഒരു രാത്രി ലോലിത അപ്രത്യക്ഷമാകുന്നു. എവിടേക്കാണ് ലോ ലിത അപ്രത്യക്ഷമായത്?
ഏറെ വിവാദമുണ്ടാക്കിയ ചിത്രമാണിത്. ബ്രിട്ടണിൽ പതിനാറ് വയസിന് താഴെയുള്ളവരുടെ കാഴ്ചയെ വിലക്കുന്ന x സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയത്. നോവലിനെ അതേ പാതയിലൂടെ പിന്തുടരുന്നതിന് പകരം ചലച്ചിത്രഭാഷയിലൂടെ പുതിയൊരു വ്യാഖ്യാനം നൽകാനാണ് കൂബ്രിക് ശ്രമിച്ചത്. അത് കൊണ്ടു തന്നെ മൂലകൃതിയിൽ നിന്നുള്ള ഒട്ടേറെ വഴി മാറി യാത്ര കൂബ്രിക് നടത്തിയിട്ടുണ്ട്. നോവലിലെ കുപ്രസിദ്ധമായ പല രതി തരംഗങ്ങളും കൂബ്രിക് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽപ്രേക്ഷകന് വ്യാഖ്യാനിച്ച് പൊലിപ്പിക്കാനുള്ള ഒട്ടേറെ വിടവുകൾ അവശേഷിപ്പിച്ചിട്ടുമുണ്ട്. നിരവധി അന്താരാഷ്ട്ര നോമിനേഷനുകളും പുരസ്ക്കാരങ്ങളും നേടിയതാണീ ചിത്രം.