എം-സോണ്‍ റിലീസ് – 637
ഭാഷ | ഹിന്ദി |
സംവിധാനം | Rahul Bose, Prashant Pandey |
പരിഭാഷ | സുനിൽ നടക്കൽ |
ജോണർ | അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ |
എവരിബഡി സേയ്സ് ഐ ആം ഫൈന്‍! എന്ന പ്രശസ്ത ചിത്രത്തിന് ശേഷം രാഹുല്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂര്‍ണ. 13 വയസില്‍ എവറസ്റ്റ് കീഴടക്കിയ മലാവത് എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിവാസി പെണ്‍കുട്ടിയായ മലാവത്, സമൂഹത്തില്‍ നേരിട്ട ചില വെല്ലുവിളികളെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. അതിഥി ഇനാംന്ദറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എങ്ങനെയാണ് ഈ നിയോഗത്തിലേക്ക് പൂര്‍ണ എന്ന കുട്ടി എത്തപ്പെട്ടത് എന്നതിനാണ് ബോസ് തന്റെ ചിത്രത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്.
എവറസ്റ്റില്‍ നിന്നും വളരെ ദൂരെ, അങ്ങ് ആന്ധ്രാപ്രദേശിലെ ദരിദ്രമായ ഒരു ഗ്രാമത്തില്‍ ജനിച്ച് ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച പൂര്‍ണയില്‍ എങ്ങനെ ഒരു പര്വതാരോഹകയാവാനുള്ള ആഗ്രഹം ഉടലെടുത്തു എന്ന അന്വേഷണത്തിനാണ് ബോസ് തന്റെ ചിത്രത്തില്‍ ഊന്നല്‍ നല്‍കുന്നത്. പൂര്‍ണയുടെ കസിന്, പ്രിയയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പൂര്‍ണ സ്കൂളില്‍ പോകാന്‍ സമ്മതിക്കുന്നത്. അവിടെ നല്ല ഭക്ഷണം ലഭിക്കുമെന്നതായിരുന്നു ആകര്‍ഷണം. എന്നാല്‍, അവിടെ വെറും പരിപ്പും ചോറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാനുള്ള ചുമതല ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍എസ് പ്രവീണ്‍ കുമാറിനെ ഏല്‍പ്പിച്ചതോടെയാണ് കഥ മാറുന്നത്. നിലവിലുള്ള കുട്ടികളെ എവറസ്റ്റ് കീഴടക്കാന്‍ പ്രാപ്തരാക്കുന്നത് വഴി കൂടുതല്‍ കുട്ടികളെ സര്‍ക്കാര്‍ സ്കൂളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും എന്ന വന്യമായ ആശയം ഉടലെടുത്തത് അദ്ദേഹത്തിന്റെ മനസിലാണ്. എന്നാല്‍ സ്കൂളില്‍ നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുകയാണ് ആദ്യം വേണ്ടതെന്ന് പൂര്‍ണ വാദിക്കുന്ന ഭാഗം ചിത്ര വളരെ ആകര്‍ഷകമാക്കുന്നു. പ്രിയയും പൂര്‍ണയും തമ്മിലുള്ള സംവാദങ്ങളാണ് ചിത്രത്തെ സജീവമാക്കുന്നത്.