Elia Suleiman Fest

“PLEASURE IS EXTREMELY POLITICAL. THE REPERCUSSION OF A MOMENT OF PLEASURE IS EXTREMELY POLITICAL IN THE POSITIVE SENSE OF THE WORD. IT’S AGAINST THOSE WHO WANT TO IMPOSE ON YOU THEIR OWN AGENDA, THOSE WHO WANT TO PROGRAM YOUR DAILY LIFE.”

"ആനന്ദം എന്നത് അങ്ങേയറ്റം രാഷ്ട്രീയപരമായ വികാരമാണ്. ആനന്ദത്തിന്റെ ഒരു നിമിഷത്തിന്റെ പ്രതിധ്വനി രാഷ്ട്രീയപരമായി വളരെ നല്ല രീതിയിലുള്ള മാറ്റം ഉണ്ടാക്കാൻ കെൽപ്പുള്ള ഒന്നാണ്. സ്വന്തം അജണ്ടകൾ നിങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നവരെയും, നിങ്ങളുടെ ദൈനംദിന ജീവിതം 'പ്രോഗ്രാം' ചെയ്യാൻ ശ്രമിക്കുന്നവരെയും ആനന്ദം കൊണ്ട് നേരിടാം.” - ഏലിയാ സുലൈമാൻ

പതിറ്റാണ്ടുകളായി നീണ്ടു പോകുന്ന ഒന്നാണ് ഇസ്രായേൽ-പലസ്തീൻ പ്രശ്നം. അതുകൊണ്ട് തന്നെ പലസ്തീൻ ജീവിതത്തെ ചിത്രീകരിക്കുന്ന സിനിമകൾ മിക്കപ്പോഴും യുദ്ധത്തിന്റെയും നാശത്തിന്റെയും കഥകളാണ് പറയാറുള്ളത്. ഇതിൽ നിന്നും വ്യത്യസ്തമായ രീതിയാണ് ഏലിയാ സുലൈമാൻ എന്ന ചലച്ചിത്രകാരന്റേത്.

ഇസ്രായേലിലെ നാസറെത്തിൽ 1960ൽ ജനിച്ച സുലൈമാൻ പലസ്തീൻ ജനതയെവച്ചെടുക്കുന്നത് കോമഡി ചിത്രങ്ങളാണ്. വിദ്യാർത്ഥി ജീവിതത്തിന്റെ സമയത്ത് നാട്ടിൽ നിന്നും മാറി പലയിടത്തായി ജീവിച്ച ഇദ്ദേഹത്തിന്റെ പടങ്ങളിൽ നമുക്ക് കാണാനാകുക മറ്റേത് രാജ്യങ്ങളിലെയും പോലെ കൊച്ചു കൊച്ചു പ്രശ്നങ്ങളും സന്തോഷങ്ങളുമായി മുന്നോട്ട് പോകുന്ന ഒരു കൂട്ടം ആളുകളെയാണ്. പ്രത്യേകിച്ച് കഥയൊന്നും ഇല്ലാതെ, നിർവികാരനായ ഒരു കാഴ്ചക്കാരനായി ഏലിയായുടെ സ്വന്തം കണ്ണിലൂടെ കാണുന്ന ഒരു പിടി സംഭവങ്ങൾ കോർത്തിണക്കി മുന്നോട്ട് പോകുന്നതാണ് ഇദ്ദേഹത്തിന്റെ സിനിമകൾ. കഥപറയുന്ന ശൈലിയിൽ ജാക്ക് തത്തി, ബസ്റ്റർ കീറ്റൺ പോലുള്ള മഹാരഥന്മാരുമായുള്ള സാമ്യം ഒരുപാട് കാണാം. സംഭാഷണങ്ങൾ അധികം ഇല്ലാതെ ജീവിതത്തിലെ വിരസമായ നിമിഷങ്ങളിൽ നിരീക്ഷണത്തിലൂടെ തമാശകൾ കണ്ടെത്തുന്ന രീതിയാണ് ഇദ്ദേഹത്തിന്റെ സിനിമകളിൽ കാണാനാകുക. സൂക്ഷ്മമായ നർമത്തിലൂടെയും മെലോഡ്രാമാറ്റിക് ആകാതെയുള്ള വൈകാരികതയിലൂടെയും തമാശയിൽ ഒളിപ്പിച്ചുവെക്കുന്ന നിരാശയും വ്യാകുലതയും മോഹഭംഗങ്ങളും നൽകുന്നത് വ്യത്യസ്തമായ അനുഭവമാണ്. കോമഡി എന്നത് വളരെ ശക്തിയുള്ള ആയുധമാണെന്നും പലപ്പോഴും ആനന്ദത്തിന് അധികാരസ്ഥാനങ്ങളിൽ വിള്ളലേൽപ്പിക്കാനുള്ള കെൽപ്പുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.