എം-സോണ്‍ റിലീസ് – 1026
ഭാഷ | കൊറിയന്‍ |
സംവിധാനം | Yoon-cheol Jung |
പരിഭാഷ | ഷെഹീർ |
ജോണർ | കോമഡി, ഡ്രാമ |
എല്ലാവരുടെയുള്ളിലും കാണും ഒരു സൂപ്പര്‍മാന്‍.
ചിലര്‍ക്ക് അവരുടെ അച്ഛന്‍, ജ്യേഷ്ഠന്‍ , സുഹ്യത്ത് എന്നിങ്ങനെ.
കുട്ടിക്കാലത്ത് കൈ മുകളിലോട്ടുയര്‍ത്തി സൂപ്പര്‍മാനെ അനുകരിക്കാത്തവരും കുറവായിരിക്കും.
ഒരു സൂപ്പര്‍മാന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്. മൂന്ന് വര്‍ഷമായി ഹ്യുമണ്‍ ഇന്റ്രസ്റ്റിംങ് സ്റ്റോറീസ് ഷൂട്ട് ചെയ്ത് ടീവിയില്‍ അവതരിപ്പിക്കുകയാണ് സോംഗ് സൂ-ജംഗ് എന്ന മാധ്യമ പ്രവര്‍ത്തക, ഒരുതരത്തില്‍ മടുപ്പ് അനുഭവപ്പെട്ടു വരുമ്പൊഴാണ് എല്ലാവരേയും സഹായിക്കുന്ന ഒരു സൂപ്പര്‍മാനെ കാണാനും കേള്‍ക്കാനും ഇടയാകുന്നത്. അയാള്‍ എല്ലാവരോടും സ്വയം താനൊരു സൂപ്പര്‍മാന്‍ ആണെന്ന് പരിചയപ്പെടുത്തുന്നു. തെരുവിലും മറ്റും പ്രായഭേദമന്യേ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു.
ഒരു പ്രത്യേക സാഹചര്യത്തില്‍ സോംഗ് സൂ-ജംഗും സൂപ്പര്‍മാനും കാണാന്‍ ഇടയാകുന്നു. അയാളുടെ ചെയ്തികളില്‍ വ്യത്യസ്ഥത കണ്ടെത്തിയ സോംഗ് സൂ-ജംഗ് അയാളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുകയും, ഇന്‍റര്‍വ്യൂ ചെയ്യുകയും ചെയ്യുന്നു. അവള്‍ സൂപ്പര്‍മാനോട് കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു, എല്ലാ ഉത്തരങ്ങള്‍ക്കുമുള്ള ചോദ്യം തന്‍റെ ജീവിതം കൊണ്ട് കാണിച്ചു കൊടുക്കുകയാണ് ഇവിടെ സൂപ്പര്‍മാന്‍. ‘താങ്കള്‍ സൂപ്പര്‍മാനാണെങ്കില്‍ എന്തു കൊണ്ട് താങ്കള്‍ക്ക് പറക്കാന്‍ കഴിയുന്നില്ല?’ എന്ന അവളുടെ ചോദ്യത്തിന് വളരെ രസകരമായാണ് സൂപ്പര്‍മാന്‍ ഉത്തരം നല്‍കുന്നത്, തന്‍റെ തലക്കുള്ളില്‍ ദുഷ്ട ശക്തികള്‍ ഒരു ക്രിപ്റ്റണേറ്റ് വച്ചുവെന്നും അതിന്‍റെ പ്രവര്‍ത്തനം മൂലം തനിക്ക് പഴയ ശക്തികള്‍ ഒന്നുമില്ല എന്നും, ഒരുനാള്‍ അത് പുറത്തെടുത്താല്‍ തനിക്കെല്ലാ ശക്തിയും തിരിച്ചുവരുമെന്നും അയാള്‍ പറയുന്നു.
പിന്നീട് സൂപ്പര്‍മാന്‍റെയും സോംഗ് സൂ-ജംഗ് എന്ന മാധ്യമ പ്രവര്‍ത്തകയുടേയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് “A man who was superman” പറയുന്നത്. വളരെ ഹ്യദയഹാരിയായ, മനസലിയിപ്പിക്കുന്ന ഒരു കൊച്ചു ചിത്രം, കൂടുതല്‍ വേദനപ്പിച്ചത് ഇതൊരു നടന്ന സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണെന്ന് അറിഞ്ഞപ്പൊഴാണ്. ഒരു മനുഷ്യന്‍ സൂപ്പര്‍മാന്‍ ആകുന്നത് താന്‍ മറ്റുള്ളവരെ സഹായിക്കുമ്പോഴും, അവരുടെ പുഞ്ചിരി സമ്മാനമായിക്കിട്ടുമ്പോഴും ആണെന്ന് ചിത്രം പറഞ്ഞ് വെക്കുന്നു. സഹായങ്ങള്‍ മാത്രമല്ല, പ്രക്യതിയെ ചെയ്യുന്ന ചൂഷണങ്ങളും സംവിധായകന്‍ പറയുന്നു. ഒരാളെ സഹായിക്കുമ്പൊള്‍ അവരുടെ ഭാവിയാണ് മാറുക എന്ന ചിന്തയും സംവിധായകന്‍ ഇവിടെ ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെ വൈകാരികമായി പറഞ്ഞു വെക്കുന്നുണ്ട്.
ചിരിയിലൂടെയും, ചിന്തിപ്പിച്ചും മറ്റു ചില സോ കോള്‍ഡ് സൂപ്പര്‍മാന്‍സിനേയും ചിത്രം ട്രോളുന്നുണ്ട്. എന്താണ് എന്ന് ചിത്രം കണ്ട് തന്നെ അറിയുക. കൂടാതെ സൂപ്പര്‍മാനായി വേഷമിട്ട ഹ്വാംഗ് ജംഗ് മിനും മാധ്യമപ്രവര്‍ത്തകയായി അഭിനയിച്ച ജുന്‍ ജി ഹൈന്‍റെയും അഭിനയവും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്! അഭിനയമികവ് കൊണ്ട് മറ്റൊരു തലത്തില്‍ സിനിമയെ എത്തിക്കുന്നുണ്ടവര്‍, കൊറിയന്‍ സിനിമാ പ്രേമികളെ സമ്പന്ധിച്ചിടത്തോളം ഇവിരെ പ്രത്യേകം പരിചയപ്പെടുത്തണ്ട ആവശ്യമില്ല. വര്‍ഷങ്ങളായി ചെയ്യുന്ന ഒരോ കഥാപാത്രങ്ങളെയും അതിന്‍റെ പൂര്‍ണ്ണതയിലെത്തിക്കുന്ന രണ്ട് പേര്‍. അവരൊന്നിക്കുമ്പൊള്‍ അത്ഭുതമല്ലാതെ മറ്റെന്തു സംഭവിക്കാന്‍.
കൊറിയന്‍ ഫീല്‍ഗുഡ് ചിത്രങ്ങള്‍ കാണുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക