• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Battleship Potemkin / ബാറ്റില്‍ഷിപ്പ് പോടെംകിന്‍ (1925)

April 6, 2019 by Nishad

എം-സോണ്‍ റിലീസ് – 1059

പോസ്റ്റർ : ഷൈജു എസ്
ഭാഷറഷ്യന്‍
സംവിധാനംSergei Eisenstein
പരിഭാഷവെന്നൂര്‍ ശശിധരന്‍
ജോണർഡ്രാമ, ഹിസ്റ്ററി

8.0/10

Download

റഷ്യയിലെ സർ ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെ 1905 ൽ പൊട്ടിപ്പുറപ്പെടുകയും പരാജയത്തിൽ കലാശിക്കുകയും ചെയ്ത വിപ്ലവശ്രമവും 1917 ന് റഷ്യയിലെ തന്നെ സഹോദയിൽ നടന്ന വെടിവപ്പിനേയും ഇഴചേർത്താണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സർ ചകവർത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പോടെംകിൻ എന്ന പടക്കപ്പലിലെ അടിമ സമാനജീവിതം നയിച്ചിരുന്ന പടയളികൾ ഒരു സുപ്രഭാതത്തിൽ തങ്ങൾക്കുള്ളിൽ അടക്കി വച്ചിരുന്ന പ്രതിഷേധം മേലാധികാരികൾക്കു മുൻപിൽ തുറന്നു പ്രകടിപ്പിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്.

തങ്ങൾക്കായി പാകം ചെയ്യാൻ സൂക്ഷിച്ചിരുന്ന മാംസം ചീഞ്ഞ് പുഴുവരിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെടുന്നതേടെ ഭക്ഷണ ബഹിഷ്ക്കരണമുൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങൾക്ക് അവർ ഇറങ്ങി പുറപ്പെടുന്നു. നേതൃസ്ഥാനത്ത് വാക്കുലിൻചക്ക് എന്ന യുവ സൈനികനാണ്. ചീഞ്ഞ മാംസം ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സൈനികരെ സൈനിക മേധാവി തിരഞ്ഞ് നിർത്തി വെടിവെച്ച് കൊല്ലാൻ ഉത്തരവിടുന്നതോടെ പോടെംകിൻ കലാപഭൂമിയായി പരിണമിക്കുന്നു. സൈനിക മേധാവികളെ ആജ്ഞാനുവർത്തികളും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘർത്തിനിടയ്ക്ക് വിപ്ലവത്തിന്റെ നേതൃസ്ഥാനത്തുള്ള വാക്കുലിൻചക്ക് വെടിയേറ്റ് മരിക്കുന്നു.

വാർത്ത ഒഡേസ തുറമുഖത്ത് പരക്കുന്നതോടെ തീരത്തെ ജനങ്ങൾ വിമതരായ പടയാളികളോട് ഐക്യഭാർഢ്യം പ്രഖ്യാപിക്കുന്നു. വാക്കുലിൻ ചക്കിന്റെ ജഢവുമായി കപ്പൽ ഒഡേസാ തീരത്തടുക്കുന്നതോടെ ജനങ്ങളുടെ പ്രതിഷേധം അനിയന്ത്രിതമാവുന്നു. അവർക്കു നേരെ സർ ചക്രവർത്തിയുടെ കരസേനാ ഭടന്മാർ വെടിവെപ്പുൾപ്പെടെ കിരാതമായ മർദ്ദനമുറകൾ അഴിച്ചുവിടുന്നു. നിരവധി ആളുകൾ കൊല്ലപ്പെടുന്നു. ഒഡേസ പടവുകൾ ജഡങ്ങളാൽ നിറയുന്നു. നാവിക സേനയിലെ വിപ്ലവകാരികളായ സൈനികർ ജനങ്ങളെ കൊന്നൊടുക്കുന്ന സർ ചക്രവർത്തിയുടെ പ ട്ടാളക്കാർക്ക് എതിരെ തിരിയുന്നതോടെ കലാപത്തിന് പുതിയൊരു മാനം കൈവരുന്നു. വിപ്ലവത്തേക്കുറിച്ചുള്ള പുതിയ സമവാക്യങ്ങളിലേയ്ക്കുള്ള സൂചനകൾ നൽകി ചിത്രം മറ്റൊരു തലത്തിലേയ്ക്ക് പുരോഗമിക്കുന്നു.

1925 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. റഷ്യയിലെ സർ ചക്രവർത്തിക്കെതിരെയുള്ള 1905 ലെ ആദ്യ വിപ്ലശ്രമത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റാലിന്റെ നിർദ്ദേശാനുസരണം നിർമ്മിച്ച ചിത്രം ക്ലാസ്സിക്കൽ ദുരന്തനാടകത്തിന്റെ ശൈലിയിൽ അഞ്ച് ഖണ്ഡങ്ങളായാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. എന്നാൽ ഈ അഞ്ച് ഖണ്ഡങ്ങളേയും വിപ്ലവമെന്ന പൊതു പ്രമേയത്തിൽ കോർത്ത് നിർത്തിയിട്ടുണ്ട്. അധീശത്വത്തിനെതിരെയുള്ള വിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ വിജയത്തെ ഉത്ഘോഷിക്കുന്ന ചിത്രം പുറത്തിറങ്ങിയ കാലത്ത് പ്രചരണപരമെന്ന് വ്യാഖ്യാനം ചെയ്യപ്പെടുകയും പല കമ്മ്യൂണിസ്റ്റ് വിരുദ്ധ രാജ്യങ്ങളിലും നിരോധിക്കുകയുമുണ്ടായി. (ചിത്രം പുറത്തിറങ്ങി 30 വർഷക്കൾക്കു ശേഷമാണ് എഡിറ്റ് ചെയ്യപ്പെട്ട പതിപ്പ് ജർമ്മനിയിൽ റിലീസ് ചെയുന്നത്. പ്രചരണ മാധ്യമമെന്ന നിലയ്ക്കു സിനിമയുടെ ശക്തി ഹിറ്റ്ലർ മന്ത്രിസഭയിലെ പ്രചാരണ വിഭാഗം മന്ത്രിയായ ജോസഫ് ഗീബൽസ് തിരിച്ചറിയുകയും, അചരേണ ഹിറ്റ്ലറെ മഹത്വവൽക്കരിക്കാൻ ലെനി റീഫൻ സ്റ്റാളിനേക്കൊണ്ട് പ്രൊപ്പഗാൻഡ ജനുസ്സിൽപ്പെടുന്ന ചിത്രങ്ങൾ ( ട്രൈംഫ് ഓഫ് ദ വിൽ പരമ്പര ) സംവിധാനം ചെയ്യിപ്പിക്കുകയും ചെയ്തു. പ്രസ്തുത ചിത്രങ്ങൾക്ക് പ്രത്യക്ഷമായ പ്രചാരണ സ്വഭാവമുണ്ടെങ്കിലും അവ ലോക ക്ലാസ്സിക്കുകളായി തന്നെയാണ് പരിഗണിച്ചു വരുന്നത്.) പ്രതിരോധ സമരങ്ങളെ ജ്വലിപ്പിച്ചു നിർത്താനുള്ള ഊർജ്ജം പ്രേക്ഷകരിലേയ്ക്ക് പകർന്നു നൽകുന്നുണ്ട് എന്ന നിലയ്ക്ക് ഈ ചിത്രം പ്രസക്തമാണ്. എന്നാൽ കൂടുതൽ പ്രസക്തമാവുന്നത് മൊണ്ടാഷ് എന്ന ചിത്രസംയോജന സങ്കേതം സൗന്ദര്യ ശാസ്ത്രപരമായും ഒരാഖ്യാനതന്ത്രമെന്ന നിലയ്ക്കും പ്രഥമമായി തികവോടെ സിനിമയിൽ പ്രയോഗിച്ചിരിക്കുന്നു എന്ന നിലയ്ക്കാണ്.

സിനിമ എന്ന മാധ്യമത്തെ ഇഷ്ടപ്പെടുന്ന എല്ലാതരം പ്രേക്ഷകനും സിനിമയുടെ ചരിത്രവഴിയിലെ അതിപ്രധാനമായ നാഴികകല്ലായ ഈ ചിത്രം ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ടതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, History, Russian Tagged: Vennur Sasidharan

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]