എം-സോണ് റിലീസ് – 1462
MSONE GOLD RELEASE
ഭാഷ | ബംഗാളി |
സംവിധാനം | Rituparno Ghosh |
പരിഭാഷ | സ്‌മിത പന്ന്യൻ |
ജോണർ | ഡ്രാമ |
ഇന്ത്യൻ പൊതുസമൂഹം ‘ട്രാൻസ്ജെൻഡർ’ എന്നോ LGBT എന്നോ ഉള്ള വാക്കുകൾ ശരിക്കു പരിചയിക്കുന്നതിനുമുമ്പേ തന്നെ, ഇന്ത്യൻ സിനിമയിൽ അത്തരം മനുഷ്യരെ ആവിഷ്കരിച്ച ചലച്ചിത്ര പ്രതിഭയാണ് ഋതുപർണഘോഷ്. 2013ൽ അകാലത്തിൽ പൊലിയുന്നതിനുമുമ്പേ അദ്ദേഹം ചെയ്തു പൂർത്തിയാക്കിയ പടമാണ് ചിത്രാംഗദ.
സ്വന്തം ശരീരത്തെയും സിനിമയെയും ഒരു പോലെ ക്വീർ(Queer) രാഷ്ട്രീയം സംസാരിക്കാൻ വേണ്ടി ഉപയോഗിച്ച ഋതുപർണോ തന്നെയാണ് ചിത്രാംഗദയിലെ രുദ്ര ചാറ്റർജി എന്ന നൃത്തപരിശീലകനായ കേന്ദ്ര കഥാപാത്രമായി വരുന്നത്. ‘ചിത്രാംഗദ’ ടാഗോറിന്റെ പ്രശസ്തമായ നൃത്തനാടകമാണ്. ഇത് തീർത്തും നൂതനമായി അരങ്ങിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ രുദ്ര, ജിഷ്ണു സെൻ ഗുപ്ത അവതരിപ്പിക്കുന്ന പാർത്ഥോ എന്ന ചെറുപ്പക്കാരന്റെ പ്രണയിയായിത്തീരുന്നു.
വ്യവസ്ഥാപിതമായ ആൺ-പെൺ സ്വത്വവും ശരീരഭാഷയും മാത്രമല്ല, ബംഗാളി മധ്യവർഗ്ഗത്തിന്റെ, ‘ഭദ്രലോക്’ എന്നറിയപ്പെട്ട സദാചാര ജീവിതവും ചലച്ചിത്രത്തിൽ തകർന്നു തരിപ്പണമാകുന്നുണ്ട്. സ്നേഹം, ബന്ധങ്ങൾ, ശരീരം, ചിന്തകൾ എല്ലാം മാറ്റത്തിനു വിധേയമാണെന്നിരിക്കെ നമ്മളെന്തിനാണ് ലിംഗപദവി, സ്വത്വം എന്നിവയുടെ മാറ്റത്തിൽ അസ്വസ്ഥരാവുന്നത് എന്ന ചോദ്യമാണ് ചലച്ചിത്രമുയർത്തിക്കാട്ടുന്നത്. നിഴലും വർണ്ണവും വെളിച്ചവും ഇഴകലരുന്ന അഭിക് മുഖോപധ്യായയുടെ ഫ്രെയിമുകളിലേക്ക് ഒഴുകി നിറയുന്ന ദേബ്ജ്യോതി മിശ്രയുടെ സംഗീതവും മാസ്മരികമായ നൃത്തചലനങ്ങളും ചിത്രാംഗദയെ പലതുകൊണ്ടും ഇന്ത്യൻ സിനിമയിലെ നവ്യാനുഭവമാക്കിത്തീർത്തിട്ടുണ്ട്. ഋതുപർണഘോഷ് എന്ന അസാധാരണ പ്രതിഭയുടെ ജീവിതമുദ്രകൾ പതിഞ്ഞുകിടക്കുന്ന ഹൃദയസ്പർശിയായ ചലച്ചിത്രം.