എം-സോണ്‍ റിലീസ് – 1014
MSONE GOLD RELEASE
ഭാഷ | സ്പാനിഷ് |
സംവിധാനം | Víctor Erice |
പരിഭാഷ | സിനിഫൈൽ |
ജോണർ | ഡ്രാമ, റൊമാൻസ് |
സ്പെയിനിലെ വടക്കൻ പ്രവിശ്യയിലൊരിടത്ത് ജീവിക്കുന്ന എട്ടുവയസ്സുകാരിയായ ഒരു പെൺകുട്ടിയാണ് എസ്ത്രേയ. ഏതൊരു പെൺകുട്ടിയേയും പോലെ അച്ഛനായിരുന്നു അവളുടെ മനസ്സിലെ ആദ്യ ഹീറോ. യാദൃശ്ചികമായി അവൾക്കുമുന്നിലെത്തുന്ന അച്ഛന്റെ ഭൂതകാലത്തിന്റെ ശ്ലഥചിത്രങ്ങൾ കൂട്ടിവെക്കുകയാണവൾ. അദ്ദേഹം ചെറുപ്പം ചെലവഴിച്ച ജന്മനാടായ ദക്ഷിണദേശം അവൾക്ക് കേട്ടറിവ് മാത്രമാണ്. സ്പെയിനിലെ ആഭ്യന്തരയുദ്ധാനന്തരമുള്ള കാലാവസ്ഥയും, അത് ജനങ്ങളെ എങ്ങനെ വ്യത്യസ്തമായി സ്വാധീനിച്ചു എന്നുള്ളതും, എല്ലാകാര്യങ്ങളിലും ഒരല്പം നിഗൂഢതയുള്ള ഡോ. അഗസ്റ്റിൻ അറീനസിന്റെ പ്രണയവും എല്ലാം എസ്ത്രേയയുടെ ചിന്തകളിലൂടെ, അവളുടെ ഓർമ്മയിലുള്ള ദൃശ്യങ്ങളിലൂടെ, ശബ്ദങ്ങളിലൂടെ പ്രേക്ഷകനും അനുഭവിക്കാം. ഒരു പെൺകുട്ടിയുടെ, അവളുടെ ജീവിതത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടത്തിലുള്ള (ബാല്യം, കൗമാരം) ചിതറിയ ഓർമ്മകളിലൂടെ അവളുടെ അച്ഛന്റെ നഷ്ടപ്രണയകഥയിലേക്ക് ചില വാതിലുകൾ സിനിമ തുറന്നിടുന്നു.
ഇതേ പേരിലുള്ള ചെറുനോവലിനെ ആസ്പദമാക്കിയാണ് സംവിധായകൻ വിക്ടർ എറിക് ചിത്രം തയ്യാറാക്കിയത്. The Spirit of the Beehive എന്ന ക്ലാസ്സിക് ചിത്രത്തിനുശേഷം 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഈ രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. 1996-ൽ സ്‌പാനിഷ്‌സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വോട്ടെടുപ്പിൽ; സ്പാനിഷ് സിനിമാ ചരിത്രത്തിലെതന്നെ മികച്ച ആറാമത്തെ ചിത്രമായി നിരൂപകരും സിനിമാപ്രവർത്തകരും തെരഞ്ഞെടുത്ത ഈ ചിത്രം 1983-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ എൻട്രിയായിരുന്നു