എം-സോണ്‍ റിലീസ് – 694
ഭാഷ | സ്പാനിഷ് |
സംവിധാനം | Ernesto Contreras |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, റൊമാൻസ് |
രണ്ടു പേരിലൊരാൾ മരിച്ചാൽ ഒരു ഭാഷ തന്നെ ഭൂമിയിൽ നിന്നും നാമാവശേഷമാകുന്ന സ്ഥതിവിശേഷത്തിന്റെ കഥയാണ് I Dream in Another Language എന്ന മെക്സിക്കൻ സിനിമയിൽ പറയുന്നത്… മെക്സികോയിലെ വനാതിർത്ഥിയിലുള്ള ഗ്രാമത്തിൽ ജീവിക്കുന്ന ആത്മസുഹൃത്തുക്കളായിരുന്ന ഇശ്വാറോയും എവറിസ്റ്റോയും തമ്മിൽ സംസാരിച്ചിട്ട് വർഷം അമ്പതു കഴിഞ്ഞിരിക്കുന്നു…. ഊർദ്ദാൻ വലിക്കുന്ന സിക്രിൽ ഭാഷയുടെ ചില അടയാളങ്ങളെങ്കിലും രേഖിതമാക്കുന്നതിന് മാർട്ടിൻ എന്ന ഭാഷസ്നേഹിക്ക് ആ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുകയും അത് റെക്കോഡു ചെയ്യുകയും വേണം… കാടും പക്ഷികളുമെല്ലാം പ്രതികരിക്കുന്ന സിക്രിൽ ഭാഷയുടെ സ്വപ്ന സമാനമായ മാസ്‌മരതയുടെ ഒരു അവശേഷിപ്പ് സൂക്ഷിക്കുക അയാളുടെ കടമാണ്. അതിനായി അയാൾ അവരുടെ ഇടയിലുള്ള ശത്രുതയുടെ വേരുകൾ ചികയുന്നതിലൂടെ, ആ ആത്മസുഹൃത്തുക്കൾക്ക് ഇടയിൽ ഉടലെടുത്ത വൈര്യത്തിന്റെ കാരണങ്ങളിലേക്കുമാണ് I Dream in Another Language വികസിക്കുന്നത്.
കോളനിവൽക്കരണവും ആഗോളികരണവും ഭാഷകളെ തന്നെ ഭൂമുഖത്തു നിന്നും നാമവശേഷമാക്കുന്ന കാലത്ത് ഒരു ഭാഷ മാത്രമല്ല അതിൽ ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ കലകളും സംസ്കാരവുമെല്ലാം അപ്രത്യക്ഷമാവുകയാണ്. കാടകത്തിന്റെ സ്വപ്നസമാനമായ ദൃശ്യപരിചരണം, മികച്ച പശ്ചാത്തല സംഗീതം, അതിലെറെ വലിഞ്ഞുമുറുകുന്ന കഥാഘടന, ഇതെല്ലാം കൊണ്ട് I Dream in Another Language മികച്ച സിനിമയായി മാറുന്നു .