എം-സോണ് റിലീസ് – 518
ഭാഷ | സ്പാനിഷ് |
സംവിധാനം | പോബ്ളെ ജോർജെല്ലി |
പരിഭാഷ | കെ എം മോഹനൻ |
ജോണർ | ഡ്രാമ |
ലാറ്റിനമേരിക്കൻ സംവിധായകനായ പാബ്ലോ ജോർജിലി(Pablo Giorgilli)യുടെ ആദ്യ സംവിധാന സംരംഭമാണ് Las Acacias. കൂടുതൽ ഭാഗവും ഒരു ട്രക്കിന്റെ ക്യാബിനുള്ളിൽ ഷൂട്ട് ചെയ്ത
വെറും ഒരു മണിക്കൂർ മിച്ചം മാത്രമുള്ള റോഡ് മൂവിയാണിത്.
പരാഗേ എന്ന സ്ഥലത്തുനിന്നും Buenos Aires എന്ന സ്ഥലത്തേക്ക് തടിയുമായി പോകുന്ന റൂബൻ എന്ന ട്രക്ക് ഡ്രൈവറും , അയാൾക്ക് ഒപ്പം യാത്രചെയ്യുന്ന ജസിന്റാ എന്ന യാത്രക്കാരിയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രേമേയം.
റൂബൻ 30 വർഷമായി ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്ന , അതികം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത, അന്തർമുഖനായ വ്യക്തിയാണ്. അങ്ങനെയിരിക്കേ ഒരു ദിവസം പരാഗേയുടെ അതിർത്തിഗ്രമത്തിൽ നിന്നും ട്രക്കിൽ ഒരുലോഡ് തടിയുമായി Buenos Aires-ലേക്ക് പോകുകയാണ്. പതിവിന് വിപരീതമായി ഇന്ന് കൂടെ യാത്രചെയ്യാൻ
ജസിന്റാ എന്നൊരു യാത്രക്കാരിയും അവളുടെ അഞ്ച് മാസം പ്രായമായ മകനുമുണ്ട് . റൂബന്റെ മുതലാളിയുടെ ജോലിക്കാരന്റെ മകളാണ് ജസിന്റാ അതാണ് Buenos Aires ലേക്കുള്ള യാത്ര ട്രക്കിലാക്കാം എന്ന് അവൾ തീരുമാനിച്ചത് .
ഇരുവരും യാത്രതുടങ്ങിട്ട് നേരം കുറേയായി, ആരും പരസ്പരം ഒന്നും മിണ്ടുന്നില്ലാ, യാത്രയുടെ വിരസതയകറ്റാനുള്ള പതിവ് പുകവലിയും നടക്കുന്നില്ലാ, ഇടക്ക് വിശന്ന് കരയുന്ന കുട്ടി റൂബനിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.
അങ്ങനെ യാത്ര മുന്നോട്ട് പോകുന്നതിനിടയിൽ കുട്ടി , റൂബനെ സ്നേഹത്തോടെ നോക്കി ചിരിക്കുന്നു. നിഷ്ക്കളങ്കമായ ആ കുട്ടിയുടെ ചിരിയിൽ അയാളുടെ മനസ് മയപ്പെടുന്നു. റൂബിന് കുട്ടിയോട് വാത്സല്യവും സ്നേഹവും തോന്നുന്നു. വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ അയാൾ കുട്ടിയെ കളിപ്പിക്കുകയും സ്നേഹത്തോടെ തലോടുകയും ചെയ്യുന്നു. ഇടക്ക് അസ്വസ്ഥയായി കരയുന്ന കുട്ടിയെ തോളിൽകിടത്തി ആശ്വസിപ്പിക്കാൻ റൂബൻ ശ്രമിക്കുന്നുണ്ട്.
പതുക്കെ അവർക്കിടയിൽ ഒരു ആത്മബ്ന്ധം ഉടലെടുക്കുന്നു. റൂബിനും ജസിന്റായും പരസ്പരം കുശലങ്ങൾ അന്വേഷിക്കുന്നു. കുട്ടിയുടെ അച്ഛനെക്കുറിച്ച് റൂബിൻ ചോദിക്കുബോൾ ഇവൾക്ക് അച്ഛനില്ലാ എന്ന മറുപടിയാണ് ജസിന്റാ പറയുന്നത്. ജസിന്റാ തന്റെ ദാമ്പത്തിക ജീവിതം ഉപേക്ഷിച്ച് പുതിയൊരു ജീവിതം തുടങ്ങുവാനാണ് സഹോദരിയുടെ അടുക്കലേക്ക് പോകുന്നത് എന്ന് ചിത്രത്തിലെ ചില സൂചനകളിൽനിന്ന് മനസിലാകും. യാത്രക്കിടയിൽ റൂബിനും ജസിന്റാക്കും ഇടയിൽ ഒരു സ്നേഹബന്ധം ഉടലെടുക്കുന്നു അത് അവരുടെ ശരീരഭാഷയിൽ നിന്നും മുഖഭാവത്തിൽ നിന്നും നമ്മുക്ക് വായിച്ചെടുക്കാവുന്നതാണ് .
കൊച്ച് കുട്ടിയെ ഒഴിച്ച് നിർത്തിയാൽ പ്രധാനമായും രണ്ട് കഥാപാത്രങ്ങൾ മാത്രമേ സിനിമയിലുള്ളു. കഥ നടക്കുന്നത് ഭൂരിഭാഗവും ട്രക്കിലെ ക്യാബിനിലാണ്. അതികസമയവും കഥാപാത്രങ്ങളുടെ മുഖഭാവവും ശരീരഭാഷയും ഒപ്പിയെടുക്കുവാനും ഊറുഗേയുടെ അതിർത്തി ഗ്രാമങ്ങളിലെ പ്രകൃതി സൗന്ദര്യം പകർത്തുവാനുമാണ് ക്യാമറ ഉപയോഗിച്ചിരിക്കുന്നത്.
2011 കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പുരസ്കാരത്തിന് അർഹമായ സിനിമയാണിത്.
ഒരുമിച്ചുള്ള യാത്രയിൽ രണ്ട് വ്യക്തികൾക്ക് ഇടയിലുണ്ടാകുന്ന സ്നേഹബന്ധം എന്ന വളരെ നിസാരമായ പ്ലോട്ടിനെ , അഭിനയത്തിന്റെയും മേക്കിംഗിന്റെയും സാധിതയുപയോഗിച്ച് ഒരു നല്ല സിനിമായക്കിമാറ്റി എന്നതാണ് ലാസ് അക്വേഷിയ എന്ന സിനിമയുടെ വിജയം.
സിനിമ വിവരണത്തിന് കടപ്പാട് സിനോയ് കെ ജോസ്