എം-സോണ്‍ റിലീസ് – 1268
ഭാഷ | കൊറിയന്‍ |
സംവിധാനം | Bong Joon-ho |
പരിഭാഷ | പരിഭാഷ 1 : സുനില്‍ നടയ്ക്കല്‍, അര്ജുന് ശിവദാസ് പരിഭാഷ 2 : ഹരീഷ് മണിയങ്ങാട്ടില്‍ |
ജോണർ | കോമഡി, ഡ്രാമ, ത്രില്ലര്‍ |
Info | 3C5A6F1FE1EE3504595D688F3708B56B38EDF050 |
Memories of murder, Okja തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകൻ Bong Joon-Ho വിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാരസെറ്റ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള ജീവിത സാഹചര്യങ്ങളിലെ അന്തരങ്ങൾ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുറിക്ക് കൊള്ളും വിധം അവതരിപ്പിച്ച ചിത്രം 2019 ലെ കാൻ ഫെസ്റ്റിവലിൽ മികച്ച വിദേശചിത്രത്തിനുള്ള പുരസ്കാരം (Palms D’Or) നേടി.
കിം കി-ടേക് ഒരു തൊഴിൽ രഹിതനായ ഡ്രൈവർ ആണ്. ഭാര്യ(ചോങ് സൂക്) ഒരു മകൻ (കി-വൂ)മകൾ (കി-ജോംഗ്) എന്നിവർ അടങ്ങിയ കുടുംബം ഒരു കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലാണ് താമസിക്കുന്നത്. കുടുംബത്തിൽ ആർക്കും തന്നെ ജോലി ഇല്ലാത്ത കാരണം അപ്പപ്പോൾ ലഭിക്കുന്ന ചില്ലറ പണികൾ കൊണ്ടാണ് ചിലവുകൾ തള്ളി നീക്കുന്നത് . അതിനിടയിലാണ് കി-വൂ വിന്റെ ഒരു സുഹൃത്ത് ഒരു ധനികന്റെ മകൾക്ക് ഇംഗ്ലീഷ് ട്യൂഷൻ എടുക്കാനുള്ള ഒരു അവസരം അവന് ഒപ്പിച്ചു കൊടുക്കുന്നത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാകാത്ത അവൻ ഒരു കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ആ ജോലിക്ക് കയറുന്നു.
ജോലിക്ക് കയറിയ വീട്ടിലെ അനുകൂല സാഹചര്യം മുതലാക്കി നിലവിൽ ഉണ്ടായിരുന്ന ജോലിക്കാരെയൊക്കെ തന്ത്രത്തിൽ ഒഴിവാക്കി കുടുംബം മുഴുവൻ ആ വീട്ടിൽ കയറി പറ്റുന്നു. ദാരിദ്രൃത്തിന്റെ പടുകുഴിയിൽ നിന്നും സമ്പന്നതയുടെ ശീതളിമയിലേക്ക് അവർ പെട്ടന്നാണ് എത്തിപ്പെടുന്നത്. ഇതിനിടയിൽ കി-വൂ ട്യൂഷൻ കൊടുക്കുന്ന കുട്ടിയുമായി പ്രണയത്തിലാകുന്നതോടെ ആ കുടുംബം തങ്ങൾ ജോലിക്കാരായ വീട്ടിലെ ബന്ധുക്കൾ ആകാനുള്ള സ്വപ്നം നെയ്ത് തുടങ്ങുന്നു.
വളരെ ലളിതവും രസകരവുമായ ഒരു ഫീൽ ഗുഡ് മൂവി എന്ന നിലയിൽ നിന്ന്, കാഴ്ചക്കാരന്റെ ഭാവനകളെ വെല്ലുവിളിച്ചു കൊണ്ട് ഒരു നിമിഷത്തിൽ എല്ലാം തകിടം മറിയുന്നു. അതു വരെ കണ്ടതല്ല യഥാർഥ വിഷയം എന്ന് കാഴ്ചക്കാരെ കൊണ്ടു ചിന്തിപ്പിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും ഇന്നും നില നിൽക്കുന്ന സാമ്പത്തിക, ജീവിത ചുറ്റുപാടുകളുടെ അന്തരം ഒരു നിമിഷം ഒരു പൊട്ടിത്തെറിയിലേക്ക് എങ്ങിനെ എത്തിച്ചേരുന്നു എന്നതിന്റെ പച്ചയായ ആവിഷ്കാരം.
മൂന്ന് പേർ ചെയ്ത വ്യത്യസ്ഥമായ രണ്ട് പരിഭാഷകളാണ് ഇത്.