Pather Panchali
പഥേര്‍ പാഞ്ചലി (1955)

എംസോൺ റിലീസ് – 27

ഭാഷ: ബംഗാളി
സംവിധാനം: Satyajit Ray
പരിഭാഷ: രോഹിത് ഹരികുമാർ
ജോണർ: ഡ്രാമ
IMDb

8.2/10

Movie

N/A

വിഖ്യാത സംവിധായകന്‍ സത്യജിത് റായുടെ ആദ്യ ചിത്രമാണ് പഥേര്‍ പാഞ്ചലി.
അദ്ദേഹത്തിന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. രാജ്യാന്തര പ്രേക്ഷകരെ ഇന്ത്യന്‍ സിനിമയിലേക്ക് കൂടുതല്‍ അടുപ്പിച്ച ആദ്യ ചിത്രം തന്നെയാണ് പഥേര്‍ പാഞ്ചലി. ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചത്. അപു ത്രയത്തിലെ ആദ്യ ചിത്രം. ബംഗാളി ഗ്രാമജീവിതത്തെ ഇറ്റാലിയന്‍ നിയോ-റിയലിസ്റ്റിക് ശൈലിയിലൂടെ പ്രേക്ഷകരുടെ മുന്നില്‍ തുറന്നുകാട്ടുകയാണ് സംവിധായകന്‍.

ദാരിദ്ര്യത്തെ എത്ര മനോഹരമായാണ് സത്യജിത് റായ് വരച്ചുകാട്ടുന്നതെന്ന് ചിത്രം കണ്ടാല്‍ മനസിലാകും. 1925 കളിലെ വനമേഖലയോടു ചേര്‍ന്നുള്ള ഒരു ബംഗാള്‍ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥയൊരുക്കിയിരിക്കുന്നത്. എഴുത്തുകാരനും നാടകകൃത്തുമായ ഒരു ദരിദ്ര ബ്രാഹ്മണന്റെ കുടുംബജീവിതം. വൃദ്ധമാതാവും പത്നിയും രണ്ടു കുട്ടികളുമടങ്ങുന്ന ആ വീടിന്റെ നിത്യവൃത്തിക്കായുള്ള അധ്വാനം മുഖ്യ പ്രമേയമാകുമ്പോഴും ഒരേസമയം കുട്ടികളുടെ കൗതുകലോകത്തേയും അവഗണിക്കപ്പെടുന്ന വാര്‍ധക്യത്തേയും മനോഹരമായി സംവിധായകന്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നു.

താരതമ്യേന പുതുമുഖങ്ങളായ ടെക്നിഷ്യന്മാരെയും അമച്വര്‍ നടീനടന്മാരെയും അണിനിരത്തിയാണ് സിനിമ ചിത്രീകരിച്ചതെങ്കിലും റായ് എന്ന പ്രതിഭയുടെ കരസ്പർശത്താൽ അതൊന്നും ചിത്രത്തിന്റെ പൂർണ്ണതയെ ബാധിച്ചില്ല. വെളിച്ചവും ചലനവും ക്രമീകരിക്കാനുള്ള സാങ്കേതിക വിദ്യ ആ കാലഘട്ടത്തില്‍ ലഭ്യമല്ലായിരുന്നിട്ടും ഇന്നും ഒട്ടും മടുപ്പുളവാകാതെ കണ്ടിരിക്കാന്‍ പറ്റുന്ന സീനുകള്‍.

ചിത്രത്തിലെ രവി ശങ്കറിന്റെ സംഗീതം, സുബ്രത മിത്രയുടെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. ഒരു നോവലിനെ സിനിമയാക്കുമ്പോൾ സംഭവിക്കുക സീനുകളുടെ ബാഹുല്യവും ചോര്ന്നു പോകുന്ന അന്തസത്തയുമാണ്. എന്നാൽ പഥേർ പാഞ്ചാലിയിൽ അനാവശ്യമെന്നു തോന്നുന്ന ഒരു ഷോട്ടുപോലും നമുക്ക് കണ്ടെടുക്കാനില്ല. പ്രകൃതിയും മനുഷ്യനുമായുള്ള ലയം. ഗ്രാമീണത. കഥപറച്ചിലിലെ രസം ചോർന്നുപോകാതെ ഒരു ചിത്രകാരന്റെ കലാചാരുതയോടെ പ്രകൃതിയെ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ചില ഷോട്ടുകൾ. മഴ, ആമ്പല്‍ക്കുളം, ജലജീവികള്‍.
കാന്‍സ്‌ ചലച്ചിത്ര മേളയില്‍ പാം ഡി ഓറിന് മത്സരിക്കുകയും മികച്ച ഹ്യൂമന്‍ ഡോക്യുമെന്റിനുള്ള പുരസ്കാരം കരസ്ഥമാക്കി ഈ ചിത്രം.

നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂടെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരവും നേടി. രണ്ട് ദേശീയ പുരസ്കാരം (മികച്ച ചിത്രം, മികച്ച ബംഗാളി ചിത്രം) കരസ്ഥമാക്കുകയും ചെയ്തു. കൂടാതെ മറ്റ് പല അന്മേതാരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പല പുരസ്കാരങ്ങളും നേടി.

1992-ലെ സൈറ്റ് ആന്‍ഡ്‌ സൗണ്ട് പോളില്‍ മറ്റ് പല വിദേശ സിനിമകളുടെ കൂടെ ഈ ചിത്രം ആറാം സ്ഥാനത്ത് എത്തി. എക്കാലത്തെയും മികച്ച സിനിമ തന്നെയാണ് “പഥേര്‍ പാഞ്ചലി” എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഭൂരിഭാഗം പേരും ഈ ചിത്രം കണ്ടിട്ടുണ്ടാകും. കണ്ടിട്ടില്ലാത്തവര്‍ ഈ ചിത്രം തീര്‍ച്ചയായും കാണുക. കണ്ടിട്ടുള്ളവര്‍ ഈ ചിത്രത്തിലേക്ക് ഒരിക്കല്‍ കൂടി തിരനോട്ടം നടത്തുന്നതിനും കുഴപ്പമില്ല.