എം-സോണ്‍ റിലീസ് – 1029
ഹിന്ദി ഹഫ്ത II

ഭാഷ | ഹിന്ദി |
സംവിധാനം | Kapri Vinod |
പരിഭാഷ | സുനിൽ നടക്കൽ |
ജോണർ | ഡ്രാമ, ത്രില്ലർ |
“എല്ലാ മാതാപിതാക്കളും ഒരു കുഞ്ഞിനെ അര്‍ഹിക്കുന്നില്ല”. ‘പിഹു’ കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ വരുന്ന തോന്നല്‍ ഇതായിരിക്കും. ഒരു രണ്ടു വയസ്സുകാരിയുടെ ദിനചര്യകള്‍ മാത്രം ഒരു സിനിമയില്‍ കാണിച്ചാല്‍ പ്രേക്ഷകന്‍ എത്ര മാത്രം താല്‍പ്പര്യത്തോടെ കണ്ടിരിക്കും? എന്നാല്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ‘പിഹു’ സ്ക്രീനില്‍ നിന്നു കണ്ണെടുക്കാതെ കണ്ടുതീര്‍ക്കാനാവില്ല. ഇടയ്ക്ക് പ്രേക്ഷകനില്‍ ഭീതി ഉളവാക്കും. ഇടയ്ക്ക് വിഷമം തോന്നിക്കും. ഇടക്ക് ആശ്വാസത്താല്‍ നെടുവീര്‍പ്പിടുവിക്കും. അതെ ‘പിഹു’ ഒരു വ്യത്യസ്ത ചിത്രമാണ്. പ്രേക്ഷകരെ – പ്രത്യേകിച്ചും കുട്ടികള്‍ ഉള്ളവരെ – അല്‍പ്പമൊക്കെ ഭയപ്പെടുത്തുന്ന ഒന്ന്.
അവളുടെ രണ്ടാമത്തെ പിറന്നാള്‍ പാര്‍ട്ടിയ്ക്ക് ശേഷം ഉറക്കമുണരുന്ന ഓമനത്തം തുളുമ്പുന്ന ‘പിഹു’ എന്ന രണ്ടു വയസ്സുകാരി ആ വീട്ടില്‍ താന്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കുന്നു. അമ്മ അടുത്ത് തന്നെ ഉണ്ടെങ്കിലും അവള്‍ ‘പ്രായോഗികമായി’ ഒറ്റയ്ക്ക് ആണ്. കാരണം, അമ്മ മരണപ്പെട്ടിരിക്കുന്നു. പിതാവ് ആണെങ്കില്‍ കൊല്‍ക്കത്തയിലേക്ക് പോയിരിക്കുന്നു. ആ വീടിന്‍റെ വാതിലിനപ്പുറമുള്ള ലോകം ഇതൊന്നും അറിയുന്നില്ല. അവള്‍ ജീവിക്കുന്ന കെട്ടിടത്തിലുള്ള അയല്‍വാസികളും അത് മനസ്സിലാക്കുന്നില്ല. സമകാലത്തെ അയല്‍ബന്ധങ്ങളിലെ ദൃഢതയില്ലായ്മയും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്.
ഒരു രണ്ടു വയസ്സുകാരി അവളുടെ കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ അപകടങ്ങള്‍ ഏറെ ഉണ്ടാകാം. പ്രേക്ഷകനെ സംഭ്രമിപ്പിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ നിറഞ്ഞ ഒരു ചിത്രമാണ് ‘പിഹു’. പിഹുവിനെ അനായസേന അവതരിപ്പിച്ച ‘പിഹു വിശ്വകര്‍മ’ എന്ന കുഞ്ഞഭിനേത്രി പ്രേക്ഷകമനസ്സുകളില്‍ ഏറെക്കാലം മായാതെ നില്‍ക്കും.