എം-സോണ് റിലീസ് – 703
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Matt Duffer, Ross Duffer |
പരിഭാഷ | ആര്യ നക്ഷത്രക് |
ജോണർ | Drama, Fantasy, Horror |
സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ് ഹാർബർ, ഫിൻ വൂൾഫ്ഹാർഡ് , മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാതറാസ്സോ, കേലബ് മക്ലോഗ്ലിൻ, നടാലിയ ഡയർ, ചാർലി ഹെയ്ടൺ, കാര ബുവോനൊ, മാത്യൂ മൊഡിൻ, നോഹ ഷ്നാപ്പ്, ജോ കീറി തുടങ്ങിയവർ അഭിനയിക്കുന്നു.
1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിലാണ് കഥ നടക്കുന്നത്. പട്ടണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളെ തുടർന്ന് ഒരു ബാലൻ അപ്രത്യക്ഷമാകുന്നു. തുടർന്ന് അവന്‍റെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് നടത്തുന്ന അന്വേഷണവും,അതിനു അമാനുഷിക സിദ്ധിയുള്ള ഒരു പെൺകുട്ടി നൽകുന്ന സഹായവുമാണ് ആദ്യ സീസണിലെ ഇതിവൃത്തം.
അമാനുഷിക ഘടകങ്ങൾ ഉൾപ്പെട്ട ഒരു അന്വേഷണാത്മക പരമ്പര എന്ന നിലയിൽ ആണ് നിർമാതാക്കളായ ദഫർ ബ്രദേഴ്‌സ് സ്ട്രേഞ്ചർ തിങ്സ് വികസിപ്പിച്ചിരിക്കുന്നത്. 1980 കളിൽ നടക്കുന്നത് ആയി ചിത്രീകരിച്ച പരമ്പരയിൽ ആ കാലഘട്ടത്തിലെ ജനപ്രിയ സാംസ്കാരിക ഘടകങ്ങൾ നിരവധി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപ്പെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയ പ്രമുഖരുടെ ആ കാലഘട്ടത്തിലെ ചലച്ചിത്ര, സാഹിത്യസൃഷ്‌ടികൾ പരമ്പരയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ട്.
2016 ജൂലൈ 15ന് പരമ്പരയുടെ ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയുടെ മികവിന് സ്ട്രേഞ്ചർ തിങ്സ് നിരൂപകപ്രശംസ നേടി. ധാരാളം അവാർഡുകളും നാമനിർദ്ദേശങ്ങളും പരമ്പര നേടി. മികച്ച പരമ്പരയ്ക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദേശങ്ങൾ ആ വർഷം പരമ്പര നേടി.
നെറ്റ്ഫ്ലിക്സ് ഒരിക്കലും അവരുടെ ഒറിജിനൽ പരമ്പരകളുടെ കാഴ്ചക്കാരുടെ എണ്ണം വെളിപ്പെടുത്തുന്നില്ല. അതിനാൽ സിംഫണി ടെക്നോളജി ഗ്രൂപ്പ് എന്ന കമ്പനി ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റോൾ ചെയ്ത ഒരു സോഫ്റ്റ്‌വെയർ മുഖേന പ്രോഗ്രാമിന്റെ ശബ്ദം വിശകലനം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. സിംഫണി ശേഖരിച്ച വിവരങ്ങൾ അനുസരിച്ച്, പുറത്തിറങ്ങി ആദ്യ 35 ദിവസത്തിനുള്ളിൽ, സ്ട്രേഞ്ചർ തിങ്‌സ് അമേരിക്കയിൽ 18-49 വയസ്സിനിടയിൽ പെട്ട 14.07 ദശലക്ഷം പേര് കണ്ടതായി പറയുന്നു. ഇതോടെ ഫുള്ളർ ഹൗസിന്റെ ഒന്നാം സീസണിനും ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്കിൻ്റെ നാലാം സീസണിനും ശേഷം യു.എസിൽ ഏറ്റവും കൂടുതൽ കണ്ട മൂന്നാമത്തെ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയായി സ്ട്രേഞ്ചർ തിങ്‌സ് മാറി.