എം-സോണ് റിലീസ് – 1471
ഭാഷ | ഹിന്ദി |
സംവിധാനം | Vikas Bahl |
പരിഭാഷ | ലിജോ ജോളി, സുനിൽ നടക്കൽ |
ജോണർ | ബയോഗ്രഫി, ഡ്രാമ |
“ന:ചോര ഹാര്യം, ന: ച രാജ ഹാര്യം
ന: ഭാത്ര് ഭാജ്യം, ന: ച ഭാരകാരി
വ്യയം കൃതേ വർദ്ദേ ഏവം നിത്യം
വിദ്യാധനം സർവ്വധന പ്രധാനം“
ഇന്ന് ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും ലാഭം ലഭിക്കുന്ന ബിസിനസ്സാണ് വിദ്യാഭ്യാസരംഗം. എന്നാൽ കഴിവുണ്ടായിട്ടും ആവശ്യത്തിന് പണവും സൗകര്യങ്ങളുമില്ലാതെ അർഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കാതെ പോയ ലക്ഷങ്ങളുടെ നാട് കൂടെയാണ് നമ്മുടെ രാജ്യം. ഇന്ത്യയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വിപ്ലവത്തിന്റെ പാത വെട്ടി തെളിച്ച വ്യക്തിയാണ് ആനന്ദ് കുമാർ. അദ്ദേഹത്തിന്റെ ജീവിത കഥയാണ് സൂപ്പർ 30.
ബിഹാറിലെ പറ്റ്നയിൽ ഒരു തപാൽ ജീവനക്കാരന്റെ മകനായി ദരിദ്ര കുടുംബത്തിലായിരുന്നു ആനന്ദിന്റെ ജനനം. നിലവാരം കൂടിയ സ്‌കൂളുകളിലെ ഫീസ് താങ്ങാൻ മാത്രമുള്ള സമ്പത്തിക സ്ഥിതി ഇല്ലാത്ത കാരണം സർക്കാർ സ്കൂളുകളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ചെറുപ്പം മുതൽ ഗണിത ശാസ്ത്രത്തിൽ അസാമാന്യ പാടവം പ്രദർശിപ്പിച്ചിരുന്ന ആനന്ദ് കുമാർ, ഗണിത ശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന “മാത്തമാറ്റിക്കൽ സ്പെക്ട്രം” എന്ന ജേർണലിലെ “നമ്പർ തിയറി” സോൾവ് ചെയ്തതിലൂടെ കേംബ്രിഡ്ജിൽ ഉന്നത പഠനം നടത്തുന്നതിന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
പക്ഷേ, അകാലത്തിൽ ഉണ്ടായ അച്ഛന്റെ മരണവും സാമ്പത്തിക പരാധീനതകളും കാരണം കേംബ്രിഡ്ജിൽ പഠിക്കാൻ പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ ദരിദ്രരായ കഴിവുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യഭ്യാസ പരീക്ഷകൾക്കായി സൗജന്യ കോച്ചിങ് നൽകുന്ന ഒരു സ്ഥാപനം (സൂപ്പർ 30) ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. എന്നാൽ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. രാജ്യത്തെ വിദ്യാഭ്യാസ മാഫിയയുമായി പോരാടി ആനന്ദ് കുമാറും കുട്ടികളും നേടിയെടുത്ത വിജയത്തിന്റെയും അത് വഴി ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം തീർത്ത വിപ്ലവത്തിന്റയും നേട്ടങ്ങളുടെയുംചലച്ചിത്രാവിഷ്കാരമാണ് സൂപ്പർ 30.