എം-സോണ്‍ റിലീസ് – 686
ഭാഷ | സ്പാനിഷ് |
സംവിധാനം | Carlos Cesar Arbelaez |
പരിഭാഷ | നിഷാദ് ജെ എൻ |
ജോണർ | ഡ്രാമ |
യുദ്ധം വിഷയമായിട്ടുള്ള അനേകം സിനിമകൾ ഉണ്ടായിട്ടുണ്ട് . യുദ്ധാനന്തര മരണപ്പാടങ്ങൾ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുമുണ്ട്. മനുഷ്യൻ ചരിത്രത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് ഓരോ യുദ്ധ പ്രഖ്യാപനങ്ങളും. നഷ്ട കണക്കുകൾ മാത്രം ബാക്കിയാവുന്ന, വേട്ടക്കാരും , ഇരകളും, ദൈന്യതയും നടനമാടുന്ന ഭീതിദമായ നാടകമായി യുദ്ധം ഇന്നും നിറഞ്ഞാടുന്നു.
യുദ്ധം ബാല്യത്തിന്റെ കണ്ണുകളിലൂടെ അവതരിപ്പിച്ച സിനിമകൾ ഹൃദയത്തിലേക്ക് അഴ്ന്നിറങ്ങിയവയായിരുന്നു. പ്രത്യക്ഷത്തിൽ യുദ്ധം തെളിഞ്ഞു നില്ക്കുന്നില്ലെങ്കിലും ആഭ്യന്തര കലാപ ബാധിതമായ ഒരു പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച മികച്ച ഒരു സിനിമയാണ് കൊളംബിയൻ സംവിധായകനായ CARLOS CEASAR ARBELAEZ ന്റെ THE COLOURS OF MOUNTAIN (2010 ).
കൊളംബിയിലെ ഒരു ഉള്നാടന്‍ ഗ്രാമത്തിലാണ് മാനുവല്‍ എന്ന ഒന്‍പതു വയസുകാരന്റെ വീട്. ഫുട്ബാള്‍ അവനു ജീവനാണ്. സന്ധ്യക്ക് തന്റെ സ്കൂളിനോട് ചേര്‍ന്നുള്ള ചെറിയ ഗ്രൌണ്ടില്‍ സുഹൃത്തുക്കളോടൊപ്പമുള്ള ഫുട്ട്ബാള്‍ കളി അവനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ പറ്റാത്തതാണ്. മാന്വലിന്റെ അച്ഛന്‍ ഏണസ്റ്റ് ഒരു ദരിദ്രകര്‍ഷകനാണെങ്കിലും മകന്റെ ആഗ്രഹത്തെ യാതൊരു രീതിയിലും തടയാന്‍ ശ്രമിക്കാറില്ല.
പക്ഷേ ഗ്രാമത്തിലെ കുട്ടികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത, മുതിര്‍ന്നവരെ ഓരോ നിമിഷവും ഭയത്തിന്റെ പിടിയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു രാഷ്ട്രീയാന്തരീക്ഷമായിരുന്നു അവിടെ നിലനിന്നിരുന്നത്. മിലിട്ടറിയും ഗറില്ലാതീവ്രവാദികളും തമ്മിലുള്ള യുദ്ധം കാരണം ഭൂരിഭാഗംപേരും ഗ്രാമമുപെക്ഷിചു പലായനം ചെയ്തിരുന്നു. ശേഷിക്കുന്നവരേ ഭീഷണിപ്പെടുത്തി തങ്ങളോടു ചേര്‍ക്കാന്‍ ഗറില്ലകള്‍ ശ്രമിക്കുമ്പോള്‍ ഏണസ്റ്റിനെപ്പോലെയുള്ള വളരെ ചുരുക്കം ആളുകള്‍ ചെറുത്തുനില്‍ക്കാനാണ് ശ്രമിക്കുന്നത് .
പക്ഷേ ഇതൊന്നും മാനുവലിനെയും അവന്റെ സുഹൃത്തുക്കളുടെയും കൊച്ചു കൊച്ചു കുസൃതികള്‍ക്കും സന്തോഷങ്ങള്‍ക്കും യാതൊരു രീതിയിലും വിഘാതമാവുന്നില്ല.
അങ്ങനെയിരിക്കെ ഒന്‍പതാം പിറന്നാളിനു മാനുവലിന് അവന്റെ അച്ഛന്‍ സമ്മാനിച്ച പന്ത് കളിക്കിടയില്‍ ഒരു മൈന്‍ ഫീല്‍ടിലെക്ക് തെറിച്ചുപോവുന്നു. പന്തെടുക്കാനായി ഒരിക്കലും അവിടേക്ക് പോവരുതെന്നുള്ള മുതിര്‍ന്നവരുടെ താക്കീത് മാനുവലിന്റെയും സുഹൃത്തുക്കളുടെയും കളി മുടക്കുന്നു. പക്ഷേ മാനുവലും സുഹൃത്തുക്കളും പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. മുതിര്‍ന്നവര്‍ക്ക് അതിജീവനം പോലെ പ്രധാനമായിരുന്നു അവര്‍ക്കവരുടെ കളിയും…
കാര്‍ലോസ് സീസര്‍ അല്ബരെസിന്റെ ആദ്യ സംവിധാനസംരഭമായ ഈ ചിത്രം 2011 ല്‍ കേരളത്തില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു. മികച്ച വിദേശ ചിത്രത്തിനുള്ള ഒസ്കാറിനുള്ള കൊളംബിയന്‍ എന്ട്രിയും ഈ ചിത്രമായിരുന്നു…