എം-സോണ്‍ റിലീസ് – 1008
ഭാഷ | കൊറിയൻ |
സംവിധാനം | Sung-hyun Byun |
പരിഭാഷ | സിനിഫൈൽ |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
പരസ്പരവിശ്വാസത്തിലൂന്നിയ സൗഹൃദത്തിന്റെയും, ചതിയുടെയും, അതിജീവനത്തിന്റെയും സങ്കീർണകഥയാണ് ബ്യുൻ സങ്-ഹ്യുൻന്റെ ‘ദ മെഴ്‌സിലെസ്സ്’ വരച്ചുകാട്ടുന്നത്. ക്രൈം-ത്രില്ലർ ആണെങ്കിലും ഇതൊരു പക്കാ കൊറിയൻ മാസ്സ്-മസാല പടമല്ല. വ്യത്യസ്തവും സുന്ദരവുമായൊരു മധ്യവർത്തി സിനിമ എന്നൊക്കെ പറയാവുന്ന ഒന്ന്.
കൊറിയയിലെ ഒരു അധോലോക സംഘാംഗമായ ഹാൻ ജേ-ഹോയെ, ജയിലിൽ വെച്ച് മറ്റൊരു ഗുണ്ടാത്തലവന്റെ അനുയായി നടത്തിയ വധശ്രമത്തിൽ നിന്നും ചെറുപ്പക്കാരനായ മറ്റൊരു തടവുകാരൻ ഹ്യുങ്-സു രക്ഷപ്പെടുത്തുന്നു. അത് അവർ തമ്മിൽ ഹൃദ്യമായ സൗഹൃദത്തിന് തുടക്കം കുറിക്കുന്നു. ജയിൽ മോചിതരായ ശേഷം രണ്ടുപേരും ഒരുമിച്ച് പ്രവർത്തിക്കാൻ ആരംഭിക്കുന്നു. എന്നാൽ ആ സൗഹൃദത്തിന്റെ പിറകിൽ പരസ്പരമറിയാത്ത രഹസ്യങ്ങൾ രണ്ടുപേർക്കും ഉണ്ടായിരുന്നു. പക്ഷെ, ഇത്തരമൊരു പ്ലോട്ട് സാധാരണ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ ഉദ്വേഗജനകമായ ഒരു രീതിയല്ല സംവിധായകൻ കൈക്കൊണ്ടിട്ടുള്ളത്. അവരുടെ ബന്ധത്തിലേക്കും മാനസികവ്യാപാരങ്ങളിലേക്കും സംഘർഷത്തിലേക്കും ആണ് ക്യാമറ തിരിച്ചു വെച്ചിട്ടുള്ളത്.
നോൺ-ലീനിയർ നറേഷൻ ആണ്. Oasis (2002), No Mercy (2010), Memoir of a Murderer (2017) എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ Kyun-gu Sol ന്റെ മികച്ച പ്രകടനം, Hyung Rae Cho യുടെ മനോഹര ഛായാഗ്രഹണം എന്നിവയാണ് പ്ലസ്. ഒരു കിടുക്കൻ കൊറിയൻ മാസ്സ് അതിരടിപ്പടം പ്രതീക്ഷിച്ചാൽ നിരാശരാകും. എന്നാൽ അല്പം വ്യത്യസ്തമായ ഒരു ഗ്യാങ്സ്റ്റർ മൂവി കാണാൻ ആഗ്രഹമുള്ളവർക്ക് നല്ല ഒരനുഭവം ആണ് ഈ സിനിമ.