എം-സോണ് റിലീസ് – 691
ഭാഷ | സ്പാനിഷ് |
സംവിധാനം | Juan José Campanella |
പരിഭാഷ | സദാനന്ദൻ കൃഷ്ണൻ |
ജോണർ | ഡ്രാമ, മിസ്റ്ററി, റൊമാൻസ് |
വിരമിച്ചഒരു ലീഗൽ കൗൺസെലറാണ് ബെന്യാമിൻ എസ്പൊസിതൊ. ഔദ്യോഗിക ജീവിതത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ച ഒരു കേസിനെയും മേലുദ്യോഗസ്ഥയോടുണ്ടായിരുന്ന തന്റെ പരാജിത പ്രണയത്തെയും വിഷയമാക്കി അദ്ദേഹം ഒരു നോവൽ എഴുതാൻ ആരംഭിക്കുന്നു. ഇരുപത്തി അഞ്ചു വർഷത്തിനിപ്പുറവും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ കേസിനെപ്പറ്റിയുള്ള അന്വേഷണത്തിൽ അവിശ്വസീനയമായ ചില രഹസ്യങ്ങൾ അയാൾക്കു മുന്നിൽ ചുരുൾ നിവരുന്നു. പ്രണയം, ക്രൈം എന്നീ വിഭിന്ന ധ്രുവങ്ങളിലുള്ള രണ്ടു വിഷയങ്ങൾ ഈ ചിത്രം കൈകാര്യം ചെയ്യുന്നു. ഒരേ സമയം മികച്ച സസ്പെൻസ് ത്രില്ലറും ഹൃദയസ്പർശിയായ പ്രണയ കഥയുമാകുന്നു ഈ ചിത്രം.
എക്കാലത്തെയും മികച്ച അർജന്റീനിയൻ ചിത്രങ്ങളിലൊന്നായി ഈ ചിത്രം പരിഗണിക്കപ്പെടുന്നു. ഹുവാൻ ഹോസെ കാംപാനെല്ലയാണ് ചിത്രത്തിന്‍റെ നിർമ്മാണം, സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിവ നിർവഹിച്ചത്. എഡ്വേർഡൊ സച്ചേരിയുടെ ലാ പ്രെഗുന്ത ദെ സുസ് ഓഹോസ് (ദ ക്വെസ്റ്റ്വൻ ഇൻ ദെയർ ഐസ്) എന്ന നോവലാണ് ചിത്രത്തിനാധാരം.
മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 82 മത് അക്കാദമി പുരസ്കാരം ഈ ചിത്രം നേടി. ഈ നേട്ടം കൈവരിച്ച രണ്ടാം അർജന്റീനിയൻ ചിത്രമാണിത്. അക്കാദമി അവാർഡിന് തത്തുല്യമായ സ്പാനിഷ് അവാർഡ് ആയ ഗോയ അവാർഡും ഈ ചിത്രം നേടി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചലച്ചിത്രങ്ങളുടെ ഒരു പട്ടിക ബി.ബി.സി തയ്യാറാക്കുക ഉണ്ടായി. അതിൽ ‘ദി സീക്രട്ട് ഇൻ ദെയർ ഐസും’ സ്ഥാനം പിടിച്ചു.