എം-സോണ്‍ റിലീസ് – 704
ഭാഷ | സ്പാനിഷ് |
സംവിധാനം | Guillem Morales |
പരിഭാഷ | സിദ്ധിക്ക് അബൂബക്കര്‍ |
ജോണർ | Drama, Horror, Mystery |
നിങ്ങളുടെ വീട്ടിൽ ഒരാൾ നിങ്ങളുടെ സമ്മതമില്ലാതെ കയറി ഒളിച്ചു നിൽക്കുകയാണ്. ആ അപരിചിതൻ എവിടെയാണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ പറ്റുന്നില്ല. നിങ്ങളുടെ വീട് അത്രയും വലുതും വിശാലവുമാണ്. ഇടയ്ക്കിടെ പല ശബ്ദങ്ങളും കേൾക്കുന്നു. പക്ഷെ ആ ആളെ മാത്രം എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല. നിങ്ങൾ എന്തുചെയ്യും..? സ്വാഭാവികമായി ഭയം എന്ന വികാരം വരും. ഈ ചിത്രം പറയുന്നതും ഭയം എന്ന വികാരത്തിലൂടെയാണ് .
ഫെലിക്സ് ഈയടുത്താണ് തന്റെ ഭാര്യയുമായി പിരിഞ്ഞത്. അതുകൊണ്ട് തന്നെ ആ വലിയ വീട്ടിൽ അയാൾ ഒറ്റയ്ക്കാണ്. തീർത്തും ഏകാകിയായി അയാൾ അവിടെ ജീവിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ അവിചാരിതമായി ഒരു അപരിചിതൻ ഫെലിക്സിന്റെ വീട്ടിന്റെ വാതിൽക്കലെത്തുന്നു. അയാൾക്ക് ഒരു ഫോൺ ചെയ്യേണ്ടിയിരുന്നു. കാര്യം അത്യാവശ്യമാണ്. പുറത്തു റോഡിലൊരു ഫോൺ ബൂത്ത് ഉണ്ടല്ലോ എന്ന് ഫെലിക്സ് ചോദിച്ചപ്പോൾ അത് കേടായി എന്നായിരുന്നു അയാളുടെ മറുപടി. അതോടെ ഫെലിക്സ് അയാൾക്ക് തന്റെ വീട്ടിൽ കയറി ഫോൺ വിളിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നു. ഫോൺ ചെയ്യുമ്പോൾ തനിക്ക് അൽപ്പം സ്വകാര്യത വേണമെന്ന് അയാൾ ആവശ്യപ്പെട്ടതോടെ ഫെലിക്സ് മറ്റൊരു റൂമിലേക്ക് മാറി നിൽക്കുന്നു. കുറച്ചു കഴിഞ്ഞു ഫെലിക്സ് വന്നുനോക്കുമ്പോൾ അയാളെ കാണാനില്ല.
പുറത്തേക്ക് പോയോ അതോ വീടിനുള്ളിൽ തന്നെ എവിടെയെങ്കിലും പതുങ്ങി നിൽക്കുന്നുണ്ടോ എന്ന് ഫെലിക്സിന് മനസ്സിലാക്കാൻ പറ്റുന്നില്ല. ഫെലിക്സ് പുറത്ത് ഫോൺ ബൂത്തിൽ പോയി നോക്കി. അത് പ്രവർത്തിക്കുന്നുണ്ട്. കേടായിട്ടില്ല. അയാൾക്ക് പേടിയായി. തുടർന്നുള്ള ദിവസങ്ങളിൽ ആ വലിയ വീടിന്റെ പല ഭാഗങ്ങളിൽ നിന്നായി പല ശബ്ദങ്ങളും കേൾക്കുന്നതോടെ ഫെലിക്സിന് സമാധാനം മൊത്തം നഷ്ടപ്പെടുന്നു. പേടി കൂടി വരുന്നു. ഇങ്ങനെ ഒരു അപരിചിതൻ തന്റെ വീട്ടിൽ ഒളിച്ചു കിടക്കുന്നുണ്ടോ അതോ തന്റെ തോന്നൽ മാത്രമാണോ എന്നറിയാതെ അയാൾ കുടുങ്ങി. അങ്ങനെയിരിക്കെയാണ് അവിചാരിതമായി ചില സംഭവങ്ങളുണ്ടായത്. അതോടെ കഥ നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് നീങ്ങാൻ തുടങ്ങുന്നു .