എം-സോണ്‍ റിലീസ് – 222
ഭാഷ | അറബിക് , ഫ്രഞ്ച് |
സംവിധാനം | Abderrahmane Sissako |
പരിഭാഷ | പ്രേമ ചന്ദ്രൻ. പി |
ജോണർ | ഡ്രാമ, വാർ |
പ്രാക്തനമായ ഇസ്ലാമിക സാംസ്കാരിക മഹിമയ്ക്ക് പുകൾപെറ്റ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ ഉൾപ്പെട്ട തിംബുക്തു പ്രദേശം ഇസ്ലാമിക തീവ്രവാദികളുടെ ഹിംസാത്മകവും സങ്കുചിതവുമായ അധികാര പരീക്ഷണങ്ങൾക്ക് വേദിയായി. ഏപ്രിൽ 2012ൽ അൻസാറുദ്ദീൻ എന്നു പേരുള്ള തീവ്രവാദി വിഭാഗം ശരീഅത്ത് ഭരണം തിംബുക്തുവിൽ നടപ്പാക്കാൻ തുടങ്ങി. ഹ്രസ്വമെങ്കിലും നിഷ്ഠുരമായിരുന്ന തിംബുക്തുവിലെ ഇസ്ലാമിസ്റ്റ് ഭരണത്തിന്റെ ഹിംസാത്മകത ഭംഗിയാർന്ന ദൃശ്യബോധത്തോടെ അനുവാചകർക്ക് പകർന്നു നൽകുന്ന സിനിമയാണ് അബ്ദുർറഹ്മാൻ സിസാക്കോയുടെ ‘തിംബുക്തു.
നിരുപദ്രവങ്ങളായ വിനോദങ്ങളെയും സംഗീതമടക്കമുള്ള സാംസ്കാരികചിഹ്നങ്ങളെയും നിരോധിച്ചുകൊണ്ടും അറിവിനേയും സംസ്കാരത്തേയും ഹിംസ കൊണ്ട് പടിക്കു പുറത്തു നിർത്തിയും തീവ്രവാദ ഇസ്ലാമിസ്റ്റുകൾ നടപ്പാക്കുന്ന ‘ഭരണപരിഷ്കാരങ്ങളെ സിസാക്കോ ഈ ചിത്രത്തിൽ നിഷ്കളങ്കമായ സ്നേഹത്തിന്റേയും തദ്ദേശീയമായ കുലീനതയുടെയും യാഥാർത്ഥ്യങ്ങളെ പശ്ചാത്തലമാക്കിയാണ് അവതരിപ്പിക്കുന്നത്. ഹിംസയുടെ വൈവിധ്യമാർന്ന മതതീവ്രവാദ നിദർശനങ്ങളോടൊപ്പം കാലി മേയ്ക്കുന്ന കിസാൻ എന്ന ഗോത്രവർഗ്ഗക്കാരനും അയാളുടെ ഭാര്യ സതിമയും അവരുടെ മകളം തമ്മിലുള്ള വികാരതീവ്രമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദാരുണമായ സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ കേന്ദ്രപ്രമേയം. സിനിമയിലുടനീളം നിറയുന്ന ശക്തമായ മാനവികതയുടെ അന്തർധാര ആസ്വാദകനെ സ്പർശിക്കും. ശക്തമായ രാഷ്ട്രീയപ്രമേയം കൈകാര്യം ചെയ്യുമ്പോഴും സിനിമ ഭാവതീവ്രവും ലാവണ്യപൂർണ്ണവുമാവുക സാധ്യമാണെന്ന് സിസ്സാക്കോ ഈ സിനിമയിലൂടെ തെളിയിക്കുന്നു. പല അന്തര്‍ദേശിയ അവര്‍ഡുകളും ഈ സിനിമ കരസ്ഥമാക്കിയിട്ടുണ്ട്