എം-സോണ് റിലീസ് – 1046
ഭാഷ | ആസാമീസ് |
സംവിധാനം | Rima Das |
പരിഭാഷ | അഖില പ്രേമചന്ദ്രൻ |
ജോണർ | ഡ്രാമ |
ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തുള്ള അസം എന്ന സംസ്ഥാനം എത്രമേൽ നമ്മുടെ മലയാള ദേശത്തോട് സമാനമാണ് എന്ന് അതിശയിക്കും ഈ സിനിമ കണ്ടാൽ. മുണ്ടും നേരിയതിനോടും സമാനമായ പരമ്പരാഗത വേഷം, വയലുകളും നെൽകൃഷിയും, ഇടതടവില്ലാത്ത മഴ, കുടയായി ചേമ്പില പിടിക്കുന്ന കുട്ടികൾ, പച്ചപ്പ്, ഇങ്ങനെ കേരളത്തെ ഓർമിപ്പിക്കും ഓരോ ഫ്രെയിമിലും അസം. വില്ലേജ് റോക്‌സ്‌റ്റാർസ് എന്ന ചിത്രം ഒരു കൊച്ചുകഥയാണ്. കൊച്ചു കുട്ടികളുടെ വല്യ സ്വപ്നങ്ങളുടെ കഥ.
അസമിലെ ഒരു കൊച്ചു ഗ്രാമത്തിലെ ചില കൊച്ചുകുട്ടികൾക്ക് സ്വന്തമായി ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങണമെന്ന് ആഗ്രഹം. നമ്മുടെ കൊച്ചു നായിക ധുനുവിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു ഗിറ്റാർ വേണമെന്നാണ്. കുട്ടികൾക്ക് അന്നന്നത്തേക്കുള്ള ഭക്ഷണം കണ്ടെത്താൻ പാട് പെടുമ്പോഴും ഈ ആഗ്രഹം നടത്തികൊടുക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട് അമ്മ ബസന്തി. ഭർത്താവ് മരിച്ച ശേഷം ഉത്തരവാദിത്തങ്ങളെല്ലാം സ്വയം ഏറ്റെടുത്തു നടത്തിയ ബസന്തിക്ക് അതിൽ അഭിമാനവമുണ്ട്. മരം കയറുന്ന മകളെ നാട്ടിലെ ചില സ്ത്രീകൾ വഴക്ക് പറയുമ്പോൾ പൊട്ടിത്തെറിക്കുന്നുമുണ്ട് ഈ അമ്മ. ചെറിയ കുടുംബവും ചെറിയ കൂട്ടുകെട്ടുകളും ചെറിയ സന്തോഷങ്ങളുമാണ് ഈ ചിത്രം.
ചിത്രത്തെ കുറിച്ച് പറയുമ്പോൾ സംവിധായിക റിമാ ദാസിനെ പറ്റി പറയാതിരുന്നാൽ അപൂർണമാകും. മികച്ച ചിത്രത്തിനുള്ള 2018ലെ ദേശീയ അവാർഡ് അസമിലെത്തിച്ച സംവിധായിക. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി മുംബൈയിൽ അലഞ്ഞ റിമയ്ക്ക് ചില നാടകങ്ങളിൽ മാത്രമാണ് അവസരം കിട്ടിയത്. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം വന്നപ്പോൾ സഹായത്തിന് ആരും ഉണ്ടായില്ല. ഒടുവിൽ അസമിലെ സ്വന്തം ഗ്രാമത്തിൽ അവിടുത്തെ കുട്ടികളെ വച്ച് സിനിമ ചെയ്യുകയായിരുന്നു. എഡിറ്റിംഗ് സ്വയം നിർവഹിച്ച റിമയ്ക്ക് അതിനും ദേശീയ അവാർഡ് കിട്ടി. ധുനു ആയി ജീവിച്ച ഭനിത ദാസ് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കി. അന്താരാഷ്ട്ര തലത്തിലും ചിത്രം നിരവധി പുരസ്‌കാരങ്ങൾ നേടി.