ആഭിചാരകർമങ്ങളുടെ ഇരയാകേണ്ടി വന്നവരിൽ പ്രവാചകനായ മുഹമ്മദ് നബി (സ) വരെ ഉൾപ്പെട്ടിരുന്നു എന്നുള്ള ആമുഖത്തോടെയാണ് ടർക്കിഷ് സിനിമയായ സിജ്ജീൻ തുടങ്ങുന്നത്. ഖുർആനിലെ രണ്ടു സൂറത്തുകൾ ആഭിചാരക്രിയകളെ പറ്റി പരാമർശിക്കുന്നു എന്നുമുള്ള വിവരണത്തോടെ നേരെ ഓസ്‌നൂർ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ്.
തന്റെ ആന്റിയുടെ മകനായ ഖുദ്റത് ആയുള്ള വിവാഹം ഭാവിശോഭനമാക്കുമോ എന്നുള്ള ചോദ്യത്തിന് ഒരു ആഭിചാരക്കാരൻ ഇല്ലായെന്നുള്ള മറുപടി നൽകുന്നു. ഒസ്‌നൂറിന്റെ മരണകാരണം ഖുദ്ത് ആകും എന്നും പ്രവചിക്കുന്നു. പിന്നീട് 12 വർഷങ്ങൾക്കു ശേഷമുള്ള കാലമാണ് കാണിക്കുന്നത്. ഓസ്‌നൂർ ഇന്നിപ്പോൾ ഒരു വിധവയാണ്. ഖുദ്റത് ഭാര്യ നിസയും മകളുമൊത്ത് സന്തോഷത്തോടെ ജീവിക്കുന്നു. ഖുദ്രത്തിനെ മറക്കാൻ കഴിയാത്ത ഒസ്‌നൂർ അയാളെ സ്വന്തമാക്കാനായി ഏറ്റവും അപകടം പിടിച്ച ഒരു ആഭിചാരപ്രക്രിയ നടത്തുന്നു. തുടർന്നുള്ള അവിചാരിതമായ സംഭവവികാസങ്ങളാണ് ഒന്നര മണിക്കൂറിൽ സിജ്ജീൻ പറയുന്നത്.
സ്ഥിരം കണ്ടു മടുത്ത ക്രിസ്ത്യാനിറ്റി തീമിൽ വരുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് എന്നതാണ് പ്രധാന ആകർഷണം. ഇന്ത്യൻ സിനിമയിൽ തന്നെ Pari, Ghoul (Netflix Movie) ഒക്കെ ഇസ്ലാമിക പശ്ചാത്തലത്തിൽ പ്രേതകഥകൾ പറഞ്ഞവ ആയിരുന്നു. അതിനാൽ തന്നെ ഒരു പുതുമ ഫീൽ ചെയ്യുന്നുണ്ട്.
വളരെ ഡാർക്ക് ആയ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ ആയതിനാൽ തന്നെ ഇടയ്ക്കിടെ അസ്വസ്ഥമാക്കുന്ന രംഗങ്ങൾ വന്നു പോകുന്നുണ്ട്. സസ്പെൻസോടു കൂടി അവസാനിക്കുന്ന ഈ സിനിമ നടന്ന ഒരു സംഭവത്തെ ആധാരമാക്കി ചിത്രീകരിച്ചതാണ് എന്നതാണ് ശ്രദ്ധേയം. ഹൊറർ പ്രേമികൾക്കും ത്രില്ലർ പ്രേമികൾക്കും മുൻഗണന!
കടപ്പാട് : സിദ്ധീഖ് ഹസ്സൻ