എം-സോണ് റിലീസ് – 1727
ഭാഷ | ഹിന്ദി |
സംവിധാനം | Abhay Chopra |
പരിഭാഷ | ഗിരീഷ് കുമാർ എൻ. പി. & വിഷ്ണുപ്രിയ ഗിരീഷ് കുമാർ |
ജോണർ | മിസ്റ്ററി, ത്രില്ലർ |
ഇന്ത്യൻ വംശജനും ഇപ്പോൾ ബ്രിട്ടീഷ് പൗരനുമായ ഒരു പ്രശസ്‌ത എഴുത്തുകാരനും യുവതിയായ ഒരു വീട്ടമ്മയും ഇരട്ട കൊലപാതകത്തിൽ മുഖ്യപ്രതികളായി സംശയിക്കപ്പെട്ട് അറസ്റ്റിലാവുന്നു. എഴുത്തുകാരൻ വിക്രം സേഥിയുടെ ഭാര്യ കാതറിൻ സേഥിയും വീട്ടമ്മയായ മായ സിൻഹയുടെ ഭർത്താവ് ശേഖർ സിൻഹയുമാണ് ഒരേ രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെടുന്നത്. നിർഭാഗ്യകരമായ ആ രാത്രിയിലെ സംഭവങ്ങളെക്കുറിച്ച് ഇരുവരും പരസ്പരവിരുദ്ധമായ കഥകൾ പറയുമ്പോൾ ആരാണ് യഥാർത്ഥ കുറ്റവാളി എന്ന് പൊലീസ് ഓഫീസർ ദേവിന് മൂന്ന് ദിവസത്തിനുള്ളിൽ കണ്ടെത്തേണ്ടി വരുന്നു. സത്യം കണ്ടെത്താൻ ദേവ് ഒരേസമയം കുറ്റവാളികളെന്ന് സംശയിക്കപ്പെടുകയും സാക്ഷികളുമായ അവരെ ചോദ്യം ചെയ്യാൻ തുടങ്ങുന്നു.
സിദ്ധാർത്ഥ് മൽഹോത്ര, അക്ഷയ് ഖന്ന, സോനാക്ഷി സിൻഹ എന്നിവരാണ് മുഖ്യ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. റെഡ് ചില്ലീസ്, ബി.ആർ.സ്റ്റുഡിയോ, ധർമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാറൂഖ് ഖാൻ, ഗൗരി ഖാൻ, രേണു രവി ചോപ്ര, ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭയ് ചോപ്രയാണ്. യാഷ് ചോപ്രയുടെ ഇതേ പേരിലുള്ള കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് അഭയ് ചോപ്ര, ശ്രേയസ് ജെയിൻ, നിഖിൽ മെഹ്റൂട്ടാ എന്നിവർ ചേർന്നാണ്. അഭിനേതാക്കളുടെയെല്ലാം മികച്ച പ്രകടനം, ചിത്രത്തിന്റെ സ്വഭാവത്തിന് ചേർന്ന് നിൽക്കുന്ന ഗംഭീര ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, മികവുറ്റ എഡിറ്റിംഗ് എന്നിവ ഈ ചിത്രത്തിന് ഒരു മുതൽക്കൂട്ടാണ്. ത്രില്ലർ സിനിമാ ആസ്വാദകർക്ക് തീർച്ചയായും ഒരു വിരുന്നാണ് ഈ ചിത്രം.