എംസോൺ റിലീസ് – 3123
ഭാഷ | അറബിക് |
സംവിധാനം | Darin J. Sallam |
പരിഭാഷ | റിയാസ് പുളിക്കൽ |
ജോണർ | ഡ്രാമ |
ഏഴ് പതിറ്റാണ്ടിലേറെക്കാലമായി പിറന്ന മണ്ണിൽ അഭയാർത്ഥികളായി കഴിയാൻ വിധിക്കപ്പെട്ട പലസ്തീനികളുടെ കഥയാണ് ഫർഹ എന്ന ജോർദാനിയൻ ചിത്രം പറയുന്നത്. ഫർഹ എന്ന പതിനാല് വയസ്സുകാരി ബാലികയുടെ കണ്ണിലൂടെ, അവളുടെ ജീവിതത്തിലൂടെ, നമുക്ക് പലസ്തീനികൾ അനുഭവിച്ച നരകയാതനകളുടെ നേർസാക്ഷ്യം കാണാം. റോമാക്കാരുടെയുടെയും ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിന്റെയും മറ്റു സ്വേച്ഛാധിപതികളുടെയും ക്രൂരപീഡനങ്ങളും കൂട്ടക്കൊലകളും അതിജീവിച്ച് നൂറ്റാണ്ടുകളായുള്ള ജൂതന്മാരുടെ സഹനജീവിതത്തിനിടയ്ക്കാണ് 1940-കളിൽ “വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങുക” എന്ന ആഹ്വാനം കേട്ട് ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ജൂതന്മാർ അവർക്ക് സ്വന്തമായൊരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി പലസ്തീനിന്റെ മണ്ണിലേക്ക് ഒഴുകുന്നത്. പക്ഷേ, പീഡനങ്ങളും യാതനകളും ഒരുപാട് അനുഭവിച്ച ഒരു സമൂഹത്തിന്റെ അതിജീവനം, നിരപരാധികളായ മറ്റൊരു സമൂഹത്തിന്റെ നെഞ്ചത്ത് ചവിട്ടിയാകുന്നതിനും, പീഡിതർ പീഡകരും കൂട്ടക്കൊലകൾ നടത്തുന്ന ക്രൂരന്മാരും ആയി മാറുന്ന ഒരു ഭീകര ചരിത്രത്തിനാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. ഹിറ്റ്‌ലറുടെ ക്രൂരതകൾ നേരിട്ട ഇസ്രായേലികൾ ഹിറ്റ്‌ലറെക്കാർ വലിയ കൊലയാളികളും അധിനിവേശകരും ആയി മാറുന്ന കാഴ്ച്ച കണ്ട് ലോകം നിസ്സഹായരായി നോക്കിനിന്നു. പലസ്തീനികൾ അനുഭവിച്ച “നഖ്ബ” എന്നറിയപ്പെടുന്ന മനുഷ്യനിർമ്മിതമായ കൊടുംദുരന്തത്തിനു മുൻപും അവർക്കൊരു ജീവിതമുണ്ടായിരുന്നു. സമാധാനവും സന്തോഷകരവുമായുള്ള അവരുടെ ആ ജീവിതം എങ്ങനെയാണ് ഇന്നീ കാണുന്ന നിലയിലേക്ക് ആയത് എന്നുള്ളതിന്റെ നേർക്കാഴ്ച്ചയാണ് ഫർഹ. 92 മിനിറ്റുകൾ പലസ്തീനികൾക്ക് കൂടെ കഴിയുമ്പോൾ പ്രേക്ഷകർ അനുഭവിക്കാൻ പോകുന്ന മാനസിക സംഘർഷങ്ങൾ തന്നെയാണ് സംവിധായകൻ ദാരിൻ ജെ. സല്ലം ലക്ഷ്യമിട്ടിരിക്കുന്നതും. ആ 92 മിനിറ്റുകൾ കഴിഞ്ഞതിനു ശേഷവും ഈ സിനിമ നിങ്ങളെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നുണ്ടെങ്കിൽ, ആ കുഞ്ഞിന്റെ കരച്ചിൽ ഇപ്പോഴും നിങ്ങളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടെങ്കിൽ ഈ സിനിമ ലക്ഷ്യം കൈവരിച്ചു എന്ന് തന്നെ പറയാം.