Yomeddine
യോമദൈൻ (2018)
എംസോൺ റിലീസ് – 1510
ഭാഷ: | അറബിക് |
സംവിധാനം: | Abu Bakr Shawky |
പരിഭാഷ: | നിഷാദ് ജെ.എൻ |
ജോണർ: | അഡ്വെഞ്ചർ, കോമഡി, ഡ്രാമ |
യോമദൈൻ എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ന്യായവിധി ദിനം എന്നാണ്. സാംക്രമിക രോഗംമൂലം സമൂഹത്തിൽ നിന്നും ബഹിഷ്‌കൃതരായ മനുഷ്യരുടെ ആത്മനൊമ്പരങ്ങളുടെ ചലച്ചിത്ര ആവിഷ്കരങ്ങൾ മുമ്പും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ കാൻ മേളയിൽ ഫ്രൻകൊസ് ഷാലൈ അവാർഡും പാം ഡി ഓർ നോമിനേഷനും ലഭിച്ച ഈ ചിത്രം പറയുന്നതും പാർശ്വവൽക്കരിക്കപ്പെട്ട കുഷ്ഠരോഗികളുടെ സമൂഹ്യബഹിഷ്കരണത്തിൻറ്റെയും ഏകാന്തതയുടെയും കഥ തന്നെയാണ്.
കുഷ്ഠരോഗ വിമുകതനായ ബെഷേ. ആ രോഗത്തിന് മുഖവും കൈയുമെല്ലാം കാർന്നു തിന്നാൻ കഴിഞ്ഞെങ്കിലും അയാളുടെ സ്വാഭിമാനത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും തിരസ്കരിക്കപ്പെട്ട ഉപയോഗ ശൂന്യമായ വസ്തുക്കള്‍ പെറുക്കി എടുത്ത് ഉപജീവനം നടത്തുന്ന ആളാണയാൾ. അനാഥനായി വളർന്ന് തെരുവിന്റെ കാരുണ്യത്തിൽ വളർന്ന അയാൾ രോഗിയായ ഭാര്യയുടെ മരണത്തോടെ തീർത്തും ഒറ്റപ്പെടുന്നതോടെ തന്റെ കുടുംബത്തിന്റെ വേരുകൾ അന്വേഷിച്ചു ഈജിപ്ഷ്യൻ മരുഭൂമിയിലൂടെ നടത്തുന്ന സഞ്ചാരമാണ് യോമദൈൻ. ഈ യാത്രയിൽ ബാഷെയെ മറ്റൊരാൾ അനുഗമിക്കുന്നുണ്ട്. അത് മറ്റൊരു അനാഥാനായ ഒബാമയെന്ന ബാലനാണ്…
കഥാപാത്രങ്ങളെപ്പോലെ നടന്മാരും പാർശ്വവൽക്കരിക്കപ്പെട്ടവർ തന്നെയാണ് ഈ സിനിമയിലുള്ളത്. മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന റാഡി ഗാമൽ യഥാർത്ഥത്തിൽ ഒരു ലെപ്രസി രോഗി തന്നെയാണ്. രോഗത്തിൽ നിന്നും കരകയറിയ റാഡി താൻ രോഗി എന്ന നിലയിൽ അനുഭവിച്ച കഷ്ടങ്ങളാവും ഇത്ര മനോഹരമായി ബേഷയ് യെ അവതരിപ്പിക്കാൻ സഹായിച്ചിട്ടുണ്ടാവുക. തിരസ്കരിക്കപ്പെട്ട മനുഷ്യരുടെ വികാരങ്ങളെ ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റൊരു ചിത്രം ഉണ്ടാവില്ല.