Mahanagar
മഹാനഗർ (1963)

എംസോൺ റിലീസ് – 2630

ഭാഷ: ബംഗാളി
സംവിധാനം: Satyajit Ray
പരിഭാഷ: എൽവിൻ ജോൺ പോൾ
ജോണർ: ഡ്രാമ
IMDb

8.3/10

Movie

N/A

1963ല്‍ പുറത്തിറങ്ങിയ സത്യജിത് റേ സംവിധാനം ചെയ്ത ബംഗാളി ചലച്ചിത്രമാണ് “മഹാനഗര്‍” ചിത്രത്തെക്കുറിച്ച് പ്രശസ്ത സിനിമാ നിരൂപകന്‍ റോജര്‍ ഇബെര്‍ട്ട് പറഞ്ഞത് ഇപ്രകാരമാണ്: “നമ്മുടെ കാലത്തെ ഏറ്റവും സഫലീകൃതമായ സ്‌ക്രീൻ അനുഭവങ്ങളിലൊന്നാണ് ഈ സിനിമ”

ഈ വര്‍ഷം ഇറങ്ങിയ മലയാള ചലച്ചിത്രമായ “ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍” പോലുള്ള സ്ത്രീ പക്ഷ സിനിമകളുടെയെല്ലാം മുന്‍ഗാമിയാണ് “മഹാനഗര്‍“. മഹാനഗര്‍, മാധഭി മുഖര്‍ജി അവതരിപ്പിക്കുന്ന ആരതി മോജൂംദാറിന്റെ കഥയാണ്‌. ആരതിയിലൂടെ സ്വാതന്ത്രാനന്തര ഇന്ത്യയില്‍ സ്ത്രീകള്‍ അടുക്കള വിട്ട് ജോലി സ്ഥലത്തേക്ക് എത്തിയതിന്റെ തുടക്കം റേ നമുക്ക് കാണിച്ചു തരുന്നു.

ആരതിയും ഭർത്താവും കുഞ്ഞും ഭർത്താവിന്റെ അച്ഛനമ്മമാരും പെങ്ങളും അടങ്ങുന്ന കല്‍ക്കത്തയിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിന്റെ ഏക വരുമാന മാർഗം ഭർത്താവിന്റെ സ്വകാര്യബാങ്കിലെ ജോലിയാണ്. തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കുന്നില്ല അയാൾക്ക്. വിരമിച്ച സ്‌കൂൾ മാസ്റ്ററായ അച്ഛന് പൊട്ടിപ്പോയ കണ്ണടയ്ക്ക് പകരമായി പുതിയതൊന്ന് വാങ്ങിക്കാൻ പോലും അയാള്‍ക്ക് കഴിയുന്നില്ല.

വ്യക്തി സ്വാതന്ത്രത്തിലുപരി, ഭര്‍ത്താവിന്റെ വരുമാനം വഴി മാത്രം കുടുംബം മുന്നോട്ട് പോകില്ല എന്ന തിരിച്ചറിവാണ് തനിക്ക് ഒരു ജോലി കിട്ടിയാൽ നന്നാവില്ലേ എന്നൊരു ചിന്തയാണ് ആരതി ജോലിക്ക് പോകാന്‍ കാരണമാകുന്നത്. ആരതി ഒരു ജോലി കണ്ടെത്തുകയും അതിന് പോകാൻ തീരുമാനിക്കുകയും ചെയ്യുന്നു. അതിന് ഭര്‍ത്താവ് സമ്മതം നൽകി എങ്കിലും യാഥാസ്ഥിതികനായ പിതാവ് ഇതിനെ എതിര്‍ക്കുന്നു. തന്മൂലം കാരണവര്‍ മകനോട്‌ മിണ്ടാതെയാവുന്നു. അങ്ങനെ തന്റെ ജോലി ആരതിയെ വ്യക്തിപരമായും കുടുംബത്തെ പൊതുവിലും ആഴത്തിൽ മാറ്റിമറിക്കുന്നു.

ഭര്‍ത്താവ് ജോലി ചെയ്ത് ശമ്പളം കൊണ്ട് വരുന്നു, ഭാര്യ വീട് നോക്കുന്നു എന്ന പരമ്പരാഗത ചിന്താഗതി പുലര്‍ത്തി പോന്നിരുന്ന ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗ കുടുംബം നഗരങ്ങളില്‍ ചെന്ന് താമസമാക്കിയപ്പോള്‍ സാമ്പത്തികമായ നിലനില്‍പ്പിന് ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരായി വരുന്നു. ഈയൊരു മാറുന്ന ചിന്താഗതിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

കുടുംബത്തിന് വേണ്ടിയാണ് ജോലിക്ക് പോയതെങ്കിലും ആരതി വീട്ടിലും, തൊഴിലിടത്തും അനവധി ബുദ്ധിമുട്ടുകള്‍ ഇത് മൂലം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്വതന്ത്രയായ ആധുനിക വനിതയിലേക്കുള്ള ഇന്ത്യൻ പെണ്ണിന്റെ യാത്രയുടെ ഒരു കഠിന ഘട്ടം ആയി ആരതിയുടെ പോരാട്ടത്തെ വായിക്കാവുന്നതാണ്. സിനിമയിൽ അവൾ തൊഴിലിലൂടെ വ്യക്തിത്വം നേടുമ്പോൾ ക്രമേണ അവളുടെ ഭർത്താവ് അസൂയയുടെയും പുരുഷചിന്തയുടെയും കെണിയിൽ പിടുന്നതും നാം കാണുന്നുണ്ട്. സിനിമ ഇറങ്ങി 6 പതിറ്റാണ്ടിന് ശേഷവും ഇന്നും പെണ്ണുങ്ങള്‍ ജോലിക്ക് പോകുന്നത് കുറച്ചിലായി കാണുന്ന കുടുംബങ്ങള്‍ ഉള്ള നമ്മുടെ സമൂഹത്തില്‍ ഈ ചിത്രം വീണ്ടും കാണേണ്ടതും ഇത് മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സത്യജിത് റേടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ എംസോണ്‍ നിങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം മഹാനഗറിന്റെ മലയാളം സബ് ടൈറ്റില്‍ സമര്‍പ്പിക്കുന്നു.