എം-സോണ് റിലീസ് – 2082
Yugosphere Special – 03
ഭാഷ | ബോസ്‌നിയൻ |
സംവിധാനം | Danis Tanovic |
പരിഭാഷ | നിബിൻ ജിൻസി |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
90’കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തിന് ശേഷമുള്ള ബോസ്‌നിയൻ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
20 വർഷത്തെ വിദേശവാസത്തിന് ശേഷം, മദ്ധ്യവയസ്കനായ ദിവ്‌കോ ബുണ്ടിച് തിരിച്ച് തന്റെ നാട്ടിലേക്ക് വരികയാണ്. പുത്തൻ ബെൻസ് കാറും കീശ നിറച്ച് കാശും ഒപ്പം യുവതിയും സുന്ദരിയുമായ തന്റെ കാമുകിയും കൂടാതെ തന്റെ ഭാഗ്യരാശിയായ ബോണിയെന്ന കറുത്ത പൂച്ചയും അയാളുടെ ഒപ്പമുണ്ട്. ശിഷ്ടക്കാലം നാട്ടിൽ സ്വസ്ഥമായൊരു ജീവിതം സ്വപ്നം കണ്ട് കൊണ്ടാണ് അയാൾ വീട്ടിലേക്ക് മടങ്ങി എത്തുന്നത്. വന്ന ഉടൻ തന്നെ, തന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി ആ വീട്ടിൽ കഴിഞ്ഞ 20 വർഷമായി താമസിച്ച് പോന്നിരുന്ന തന്റെ മുൻ ഭാര്യയേയും മകനേയും, അയാൾ സ്ഥലത്തെ പ്രാദേശിക മേയറുടെ സഹായത്തോട് കൂടി ചവിട്ടിപ്പുറത്താക്കുകയാണ്.
തുടർന്ന് അയാൾ തന്റെ കാമുകിയും ഓമനപൂച്ചയും ഒത്ത് ആ വീട്ടിൽ താമസം തുടങ്ങുന്നു.
കാര്യങ്ങൾ അങ്ങനെ സുഗമമായി പൊയ്ക്കൊണ്ടിരിക്കെ പെട്ടന്ന് ഒരു ദിവസം ദിവ്‌കോയുടെ ഓമനപൂച്ചയായ ബോണിയെ കാണാതെയാവുന്നു. ഒപ്പം തന്നെ ദിവ്‌കോയുടെ കാമുകി അസ്രയും മുൻ ഭാര്യയിലെ മകനായ മാർട്ടിനും തമ്മിൽ അടുപ്പത്തിൽ ആവുക കൂടി ചെയ്യുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുന്നു.
83ആമത് Academy Award ൽ ബെസ്റ്റ് ഫോറിൻ ലാംഗ്വേജ് ഫിലിമിനുള്ള പരാമർശത്തിന് പുറമേ, 2010ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള Golden Orange Award (Antalya Golden Orange Film Festival) Audience Award
(Sarajevo Film Festival,Thessaloniki Film Festival) എന്നീ പുരസ്‌കാരങ്ങൾ കൂടി സ്വന്തമാക്കിയ പ്രസ്‌തുത ചിത്രം പ്രസിദ്ധ ബോസ്‌നിയൻ സംവിധായകൻ Danis Tanovic ന്റെ പതിവ് ബോസ്‌നിയൻ മെലോ ഡ്രാമകളുടെ കൂട്ടത്തിൽ പെടുത്താവുന്നൊരു മൂവി തന്നെയാണ്…എങ്കിൽ കൂടിയും Miki Manojlovic എന്ന മഹത്തായ നടന്റെ സ്വാഭാവിക അഭിനയ ശൈലിയുടെ കൂടെ സഹായത്താൽ, ആസന്നമായ ബോസ്‌നിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചില്ലറ നർമ്മത്തിന്റെ മേമ്പൊടിയോട് കൂടി, വളരെ രസകരമായി തന്നെ കഥ പറഞ്ഞു പോവുന്ന ചിത്രം, 90’കളിൽ യുഗോസ്ലോവാക്ക്യയിൽ തരംഗമായി മാറിയ Jadranka Stojakovic ന്റെ മനോഹര ഗാനത്തോട് കൂടി അവസാനിക്കുമ്പോൾ ഒരു ഫീൽഗുഡ് മൂവിയുടെ അനുഭവമായിരിക്കും പ്രേക്ഷകന് സമ്മാനിക്കുക…