എം-സോണ് റിലീസ് – 1500
ഭാഷ | ബോസ്നിയൻ |
സംവിധാനം | Arsen A. Ostojic |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ |
യുദ്ധങ്ങളും അതിലേക്ക് നയിക്കുന്ന പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും ഇടയിൽ വീർപ്പുമുട്ടുന്ന ഒരു കൂട്ടരുണ്ട് – അമ്മമാർ. നിലയ്ക്കാത്ത മുറിവുണങ്ങാത്ത കണ്ണീർക്കയങ്ങളിൽ ഈ അമ്മമാർ എന്നും ഒറ്റയ്ക്കാണ്. പോരാട്ടങ്ങൾക്ക് മുറവിളി കൂട്ടുന്നവരുടെ മൃതദേഹങ്ങൾക്കും ഒരു അമ്മയുണ്ട്. ഉറ്റവരുടെ മൃതദേഹം പോലും കാണാനാവാതെ നീറിനീറി കഴിയുന്ന ഒത്തിരി അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു അമ്മയാണ് ഹലീമ. നിരവധി ചലച്ചിത്ര ഫെസ്റ്റിവൽ വേദികളിൽ പ്രേക്ഷകരുടെ മികച്ച സിനിമയായും മറ്റു പ്രശസ്ത പുരസ്കാരങ്ങളും ലഭിച്ച ഹലീമാസ് പാത്ത് എന്ന് ചിത്രത്തിലെ ഹലീമ.
മഴയുള്ള രാത്രിയിൽ ഓടിക്കിതച്ചെത്തിയ സഹോദരപുത്രിയായ സഫിയയെ ആശ്വസിപ്പിക്കുമ്പോഴും അവളറിഞ്ഞിരുന്നില്ല ഭാവിയിൽ ഇതുമൂലം അനുഭവിക്കേണ്ടിവരുന്ന കഷ്ടതകൾ. ഒരു ക്രിസ്ത്യൻ യുവാവുമായി പ്രണയത്തിലാവുകയും ഒരുപാട് പ്രശ്നങ്ങൾക്കൊടുവിൽ ജനിച്ച – “ഉടനേ മരിച്ച”- ആൺകുഞ്ഞിനെ പ്രസവിക്കാനാകാത്ത ഹലീമയ്ക്ക് നൽകിയിട്ട് അവൾ പോയി. 23 വർഷങ്ങൾക്കിപ്പുറം ബോസ്നിയൻ യുദ്ധാനന്തരം സെർബിയൻ സൈന്യം പിടിച്ചുകൊണ്ടുപോയ തന്റെ ഭർത്താവിനെയും പ്രിയപ്പെട്ട മകനെയും തേടിയിറങ്ങുന്നതാണ് കഥാതന്തു.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ വൈകാരികനിമിഷങ്ങളുടെ ഒരു മലവെള്ളച്ചാട്ടം കണ്ണുനീരീൽ ലയിക്കുമ്പൊൾ അലീമാപ്രീസ ശരിക്കും ഹലീമയായി ജീവിക്കുകയായിരുന്നോ എന്ന് തോന്നാം. ആ തോന്നലിൽ ലോകം തേങ്ങിയപ്പോൾ മികച്ച അഭിനേത്രിയായി നിരവധിപുരസ്കാരങ്ങളും അലിമയെ തേടിയെത്തി.
ഇതെല്ലാം കൂടിച്ചേരുമ്പോളാണ് മനസ്സിൽ നിന്നും മറക്കാനാവാത്ത ഹൃദയത്തിൽ നിന്നും നോവുണങ്ങാത്ത ഒരു മികച്ച കലാസൃഷ്ടിയായി ഹലീമാസ് പാത്ത് മാറുന്നത്.