എംസോൺ റിലീസ് – 3016
ഭാഷ | കാന്റോനീസ് |
സംവിധാനം | Siu-Tung Ching |
പരിഭാഷ | സുബീഷ് ചിറ്റാരിപ്പറമ്പ് |
ജോണർ | ആക്ഷൻ, ഫാന്റസി, ഹൊറർ |
യക്ഷികളെ കുറിച്ചുള്ള സങ്കല്പം ഇല്ലാത്ത നാടുകളില്ല. പാലമരത്തിൽ താമസിച്ച് വഴിപോക്കരോട് ചുണ്ണാമ്പ് ചോദിക്കുന്ന യക്ഷികൾ, മുത്തശ്ശി കഥകളിലൂടെ നമുക്ക് സുപരിചിതമാണ്. Siu-Tung Ching സംവിധാനം നിർവ്വഹിച്ച്, 1987-ൽ റിലീസായ എ ചൈനീസ് ഗോസ്റ്റ് സ്റ്റോറി എന്ന സിനിമ, പേര് പോലെത്തന്നെ ചൈനയിലെ ഉൾനാടൻ ഗ്രാമത്തിൽ പണ്ടു നടന്ന ഒരു മനോഹരമായ യക്ഷിക്കഥയുടെ ഏടുകൾ നമുക്ക് മുന്നിൽ തുറക്കുകയാണ്.
കഥയിലേക്ക് വരുമ്പോൾ, നിങ്-സായി സെൻ ഒരു നികുതി പിരിവുകാരനാണ്. ഒരു ദിവസം ചൈനയിലെ ഒരു വിദൂര ഗ്രാമത്തിലെത്തിയ ഇദ്ദേഹത്തിന് കൈയിൽ കാശില്ലാത്തതിനാൽ താമസസ്ഥലം ആരും നൽകുന്നില്ല. സൗജന്യമായി താമസിക്കാൻ ഒരു സ്ഥലം തിരക്കിയിറങ്ങിയ നിങിനോട്, കാട്ടിന്റെ നടുവിൽ പഴയ ഒരു ക്ഷേത്രമുണ്ടെന്നും, അവിടെ സൗജന്യമായി താമസിച്ചു കൊള്ളാനും നാട്ടുകാരിൽ ഒരാൾ നിർദേശിക്കുന്നു. അതു കേട്ട് സന്തോഷപൂർവ്വം ക്ഷേത്രത്തിൽ താമസിക്കാൻ പോവുന്ന നിങ് അറിയുന്നില്ല, അവിടെ അന്തിയുറങ്ങിയ ആരും പിന്നീട് പുറം ലോകം കണ്ടിട്ടില്ല എന്ന കാര്യം.
12 പ്രമുഖ അവാർഡുകൾ നേടിയ ചിത്രം 18 നോമിനേഷനുകളും കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രം വൻ സാമ്പത്തിക വിജയം നേടിയതിനെ തുടർന്ന് ഇതിന്റെ രണ്ടാമത്തെയും, മൂന്നാമത്തെയും പാർട്ടുകളും വരും വർഷങ്ങളിൽ പുറത്തിറങ്ങി.