എം-സോണ് റിലീസ് – 1938
ഭാഷ | ചെക്ക്, ജർമൻ, റഷ്യൻ |
സംവിധാനം | Václav Marhoul |
പരിഭാഷ | ഹരി കൃഷ്ണൻ |
ജോണർ | ഡ്രാമ, വാർ |
കുട്ടികളെ വച്ചെടുക്കുന്ന സിനിമകളിലെല്ലാം അവർക്കുണ്ടാകുന്ന പാകമാകൽ/ മുതിർച്ചയാണ് പ്രധാന കഥാപാത്രം. ഈപാകമാകൻ അവർ ജീവിക്കുന്ന സമൂഹത്തിന്റെ തിന്മകൾ ഉൾക്കൊണ്ടാണ്. അല്ലാതെ അതിജീവനം ഇല്ല. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിൽ അതൊരു മരണത്തെ തുടർന്നുള്ളതാണെങ്കിൽ ലോകയുദ്ധങ്ങളും അവയേൽപ്പിച്ച ആഘാതവുമാണ് വിദേശ ചിത്രങ്ങളിൽ പലതിലും – ഇവാന്റെ ബാല്യം (1962) കം ആൻഡ് സീ, ടിൻ ഡ്രം (1979) (1985) ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997) എ പെയിന്റിങ് ലെസ്സൺ (2011) പാൻസ് ലാബിറന്ത് (2006) ചൈൽഡ്‌ഹുഡ് ഓഫ് എ ലീഡർ (2015) ജോ ജോ റാബിറ്റ് (2019) … അവയുടെ പട്ടിക വലുതാണ്. കുട്ടികളും കളികളും അവരുടെ ഭാവനാലോകവും എന്ന നേർപാളത്തിലൂടെയല്ല ഇവകളിലെ കഥാവണ്ടിയോടുന്നത്. കൊച്ചുങ്ങൾക്ക് താങ്ങാൻ പറ്റുന്ന അനുഭവങ്ങളല്ല അതിനകത്തുള്ളത് എന്നു വ്യക്തമായും പറഞ്ഞുകൊണ്ടാണ് അവ കാണികളെയും വലയ്ക്കുന്നത്. സ്വച്ഛജീവിതം നയിക്കുന്നവരുടെ മേൽ ലോകത്തിന്റെ ക്രൂരതകൾ എങ്ങനെ കടന്നു കയറുന്നു എന്നു കാണിക്കാൻ നല്ല ഉപാധിയാണ് കുട്ടികൾ. അവരുടെ ദുരന്തത്തിൽ നമുക്കുണ്ടാവുന്ന അനുഭാവം നമുക്ക് നമ്മോടുതന്നെ ഉള്ളതായി മാറും. ക്രൂരതയ്ക്ക് മാറ്റമൊന്നും വരുന്നില്ലെങ്കിലും നമ്മളും ഒരു നിസ്സഹായ ഇരയാണെന്ന ബോധം തലവേദനയെ സിനിമയ്ക്കുശേഷവും നിലനിർത്തും.
അക്കൂട്ടത്തിലൊന്നാണ് വക്ലാവ് മർഹോളിന്റെ ചെക്കോസ്ലോവാക്യൻ സിനിമ, ദ പെയിന്റഡ് ബേഡ്. ജൂതന്മാർക്കെതിരെ നാസികളുടെ ഭീഷണി നിലനിൽക്കുന്ന സമയത്ത് കിഴക്കൻ യൂറോപ്പിലെ ഏതോ ഉൾനാട്ടിൽ നടക്കുന്ന കഥയാണ്. മകന്റെ സുരക്ഷയെ കരുതി പിതാവ് നിക്കോഡെം, കൊണ്ടു ചെന്നാക്കിയ അമ്മായിയുടെ വീട്ടിൽനിന്ന് അവരുടെ ആകസ്മികമായ മരണത്തെ തുടർന്ന് ഇറങ്ങിനടക്കുന്ന പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു കുട്ടി കടന്നുപോകുന്ന തീവ്രമായ അനുഭവങ്ങളാണ് സിനിമയിൽ. സിനിമ മുഴുവനായും കറുപ്പിലും വെളുപ്പിലുമാണ്. ഇരുണ്ട കഥകൾക്ക് അതാണ് യോജിച്ച നിറം. 2 മണിക്കൂറും 49 മിനിട്ടും നീളുന്ന സിനിമയിൽ ആകെ 184 വരി സംഭാഷണമാണുള്ളത്. സിനിമയിലാകെ നിറഞ്ഞു നിൽക്കുന്ന കുട്ടി സംസാരിക്കുന്നത് ‘ശരി അമ്മായി’ എന്ന ഒരേയൊരു വരിയാണ്. നിശ്ശബ്ദത അവന്റെ അവസ്ഥയിലേക്കുള്ള ഒതുങ്ങിക്കൂടലാണ്. ഇവാന്റെ ബാല്യകാലത്തിലെ ഇവാനായ നിക്കളോയ് ബുർല്യേവിന്റെയോ കം & സീയിലെ ഫ്ലയോറയായി അഭിനയിച്ച അലക്സി ക്രാവ് ചെങ്കോയുടെയോ തൊട്ടടുത്ത സ്ഥാനമുണ്ട് ഇതിലെ ജോസ്കയായ പീറ്റർ കോട്ലാറിന്. കുറച്ചുകൂടി സുന്ദരനാണ്.. കൂടുതൽ പീഡിതനും.
സിനിമയിലൊരിടത്ത് ലെഖ് എന്ന പക്ഷിപിടിത്തക്കാരൻ തമാശയ്ക്കു വേണ്ടി ഒരു സ്റ്റാർളിങിനെ ചിറകിൽ ചായം പൂശി അതിനെക്കൊണ്ടുതന്നെ കരയിപ്പിച്ചു വിളിച്ചു വരുത്തിയ പക്ഷിക്കൂട്ടങ്ങൾക്കിടയിലേക്ക് പറത്തി വിടുന്നുണ്ട്. കൂട്ടത്തോടെ കിളികളെല്ലാം അതിനെ കൊത്തി കൊല്ലുകയാണ് ചെയ്യുന്നത്. ചായം അതിനു പുറമേനിന്നു വന്നു കയറിയതാണ്. അതിന്റെ ഇച്ഛ അതിനകത്ത് പ്രവർത്തിച്ചിട്ടേയില്ല. പക്ഷേ അതിനെ കൊല്ലുന്നത് സ്വന്തം വർഗക്കാരുതന്നെ. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ ചായം പുരണ്ട നിസ്സഹായരെ ചാപ്പ കുത്തി മനുഷ്യക്കൂട്ടം തന്നെ കൊന്നൊടുക്കുന്ന ആചാരത്തെയാണ് ദ പെയിന്റഡ് ബേഡ് എന്നു പേരിട്ട് ജെർസി കോസിൻസ്കി തന്റെ നോവലാക്കിയത്. വക്ലാവ് മർഹോൾ നോവലിനെ സിനിമയാക്കിയപ്പോൾ ശീർഷകത്തെ മിഴിവുള്ള ദൃശ്യരൂപകമാക്കിത്തീർത്തു.
മരിച്ച അമ്മായിയുടെ കത്തിക്കരിഞ്ഞ വീട്ടിൽനിന്നും ഒന്നും അറിയാതെ സ്വന്തം കുടുംബാംഗങ്ങളുടെ അടുത്തേക്ക് നടക്കുന്ന കുട്ടി (അവസാന സീനിൽ മാത്രമാണ് അവന്റെ പേരു വെളിപ്പെടുന്നത്) കടന്നു പോകുന്ന അനുഭവങ്ങളിൽ പക്ഷം പിടിക്കലില്ല. തോമസ് വിന്റർബർഗിന്റെ ‘ഹണ്ടി’ൽ നായകനായ ലൂക്കാസിന്റെ ജീവിതത്തെ തുലയ്ക്കുന്നത് 5 വയസ്സുകാരിയുടെ കള്ളമാണ്. ശിശുകാമത്തെപ്പറ്റി (പിഡോഫീലിയ) ലോകം വലിയ ഉത്കണ്ഠയിലായിരിക്കുന്ന സമയത്താണ് ഈ തിരിച്ചിട്ട വീക്ഷണം ഡെന്മാർക്കിൽനിന്നു വരുന്നത്. അതേ പ്രശ്നം ‘ബേഡിലും‘ കാണാം. ജർമ്മൻകാരുടെ കയ്യിൽനിന്നും പള്ളിയിലെ അച്ചൻ രക്ഷിച്ചുകൊണ്ടുവരുന്ന കുട്ടിയെ സംരക്ഷിക്കാനേൽപ്പിക്കുന്ന ഗാർബോസാണ് അവനെ ലൈംഗികതയ്ക്കു ആദ്യം വിധേയമാക്കുന്നത്. അതിന്റെ മറുവശത്ത് വിധവയായ യുവതി ലാബിനയും അവനെ ഉപയോഗിക്കുന്നുണ്ടെന്നു മാത്രമല്ല ആ പേരിൽ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. പരാജയപ്പെട്ട സെക്സിനു ശേഷം നീ ഒന്നിനും കൊള്ളാത്തവനാണെന്ന് പറയുന്ന അതൃപ്തയായ സ്ത്രീയുടെ ദാരുണത്വം, തുണിയൂരി കരയിക്കുന്ന ആണിനേക്കാൾ താഴെയല്ല.
കറുപ്പിലും വെളുപ്പിലും മാത്രം ചിന്തിച്ചു ശീലമുള്ള ആളുകളോട്, ദുരന്തങ്ങൾക്കും ചൂഷണങ്ങൾക്കും നിസ്സഹായതകൾക്കും കാമനകൾക്കും ഒറ്റനിറമല്ല ഉള്ളതെന്നാണ് കറുപ്പിലും വെളുപ്പിലും നിർമ്മിച്ച ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്. നിറമില്ലാത്ത ലോകത്തോട് അതുപോലെ നിറമില്ലാതെ പ്രതികരിച്ചുകൊണ്ട് അവൻ മുതിരുന്നു. അവന്റെ താത്പര്യങ്ങൾ മാറുന്നു. കൊല്ലാൻ പഠിക്കുന്നു. പ്രതികാരം ചെയ്യാൻ പഠിക്കുന്നു. വാസനകളെ പിൻപറ്റുന്നു. ചിറകിൽ സമൂഹം പെയിന്റടിച്ചു കഴിഞ്ഞാൽ പക്ഷിയ്ക്കു പീഡനം ഏറ്റുവാങ്ങി മരിക്കുകയേ നിവൃത്തിയുള്ളൂ.. മനുഷ്യന് ചില സാധ്യതകൾ കൂടി മുന്നിലുണ്ട് എന്നർത്ഥം. അത് സാധ്യതതന്നെയാണോ എന്നത് മറ്റൊരു വിഷയം !
എഴുതിയത്- R.P Sivakumar