എം-സോണ് റിലീസ് – 2473
MSONE GOLD RELEASE
ഭാഷ | സോങ്ഘ |
സംവിധാനം | Pawo Choyning Dorji |
പരിഭാഷ | ഡോ. ജമാൽ |
ജോണർ | ഡ്രാമ, ഫാമിലി |
Pawo choying Dorji നിർമ്മിച്ചു സംവിധാനം ചെയ്തു 2019 ൽ പുറത്തിറങ്ങിയ ഒരു ഭൂട്ടാനി ഫിലിമാണ് ലുണാനാ: യാക് ഇൻ ദി ക്ലാസ്സ്‌റൂം. ഭൂട്ടാനിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ഓസ്കാർ നോമിനിയായിരുന്നു ഈ സിനിമ. ഒട്ടനവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ, ഹിമാലയൻ മഞ്ഞിന്റെ കുളിർമ്മയുള്ള ഒരു കൊച്ചു ചിത്രം.
Straight Forward ആയി പോകുന്ന, ട്വിസ്റ്റുകളോ അത്ഭുതങ്ങളോ ഒന്നുമില്ലാത്ത, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയാണ് ലുണാന. അദ്ധ്യാപക ജോലി ഒട്ടും താല്പര്യമില്ലാത്ത, മൈഗ്രേറ്റ് ചെയ്യാൻ ആസ്‌ട്രേലിയൻ വിസ കാത്തു നിൽക്കുന്ന ഊഗിൻ ദോർജി എന്ന ചെറുപ്പക്കാരനെ ഭൂട്ടാനിലെ ഏറ്റവും വിദൂരമായ മലമ്പ്രദേശമായ ലുണാനയിലെ ചെറിയ സ്കൂളിലേക്ക് നിർബന്ധപൂർവ്വം അയക്കുന്നതാണ് സിനിമയുടെ പ്രമേയം. ഒരാഴ്ച നടന്നു മല കയറി എത്തിപ്പെടേണ്ട സ്ഥലമാണ് ലുണാന. ദുർഘടമായ യാത്രക്കൊടുവിൽ ലുണാനയിൽ എത്തിയ ഉടനെ അവടത്തെ അവസ്ഥ കണ്ടു തിരിച്ചു പോകാനൊരുങ്ങിയ ഊഗിൻ ദോർജി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരിലൊരാളാവുന്നതും തിരിച്ചു പോകാൻ മടിക്കുന്നതുമാണ് സിനിമ. ക്ലീഷേ ക്ലൈമാക്സ് അല്ലാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.
സന്തോഷം എന്നത് നമ്മൾ സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണെന്നും അത് നമ്മെ തേടി ഇങ്ങോട്ട് വരില്ല എന്നുമുള്ള ഒരു നല്ല സന്ദേശം ഈ സിനിമ നൽകുന്നു. ഇഷ്ടപ്പെടാത്ത ജോലിയാണെങ്കിൽ പോലും ആത്മാർത്ഥമായി ജോലിക്ക് വേണ്ടി സ്വയം അർപ്പിച്ചാൽ സംതൃപ്തിയും സന്തോഷവും പിന്നാലെ വരുമെന്നും ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
വൈദ്യതി പോലും ശരിക്കില്ലാത്ത വിദൂരമായ ഈ ഗ്രാമത്തിൽ സോളാർ ബാറ്ററികളുടെ സഹായത്തോടെയാണ് ഷൂട്ടിങ് മുഴുവനാക്കിയത്. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ നമ്മളും ഒരു ലുണാനക്കാരനായി മാറും. സംവിധായകൻ ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ നേരത്തെ പ്രശസ്തനായ വ്യകതി ആയതിനാലാകും സിനിമയിലെ ഫ്രെയിമുകൾ അതി മനോഹരമായ ഒരു ദൃശ്യവിരുന്നു തന്നെയാണ്.