എം-സോണ് റിലീസ് – 894
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Mikael Håfström |
പരിഭാഷ | ശരത് മേനോൻ |
ജോണർ | ഫാന്റസി, ഹൊറർ, മിസ്റ്ററി |
മൈക്കിൾ ഹാഫ്സ്റ്റോർമിന്റെ സംവിധാനത്തിൽ ജോൺ കുസാക്ക്, സാമുവൽ ജാക്സൺ തുടങ്ങിയവർ മുഖ്യ വേഷത്തിലഭിനയിച്ച അമേരിക്കൻ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ചിത്രമാണു 1408. സാധാരണ കണ്ട് വരുന്ന ഹൊറർ ചിത്രങ്ങളേക്കാൾ തികച്ചും വ്യത്യസ്തമാണു ഈ സൈക്കോളജിക്കൽ ത്രില്ലർ. മനം മടുപ്പിക്കുന്ന രക്തചൊരിച്ചിലൊ, ഭീകരരൂപങ്ങളോ ഒന്നും തന്നെയില്ലാതെ ഓരൊ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെയും ആശങ്കയുടേയും മുൾ മുനയിൽ നിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
പ്രേതങ്ങളുണ്ടെന്ന് പറയപ്പെടുന്ന സ്ഥലത്ത് ചെന്ന് ഒരു രാത്രി താമസിച്ച്, ആ അനുഭവങ്ങൾ തന്റെ പുസ്തകത്തിൽ റിവ്യൂ പോലെ എഴുതുന്ന ഒരു എഴുത്തുകാരനാണു മൈക്ക് എൻസ്ലിൻ. ഇതിനോടകം തന്നെ അനേകം പ്രേതാലയങ്ങളിൽ താമസിച്ച മൈക്കിനു ഒരു ദിവസം അജ്ഞാതനായ വ്യക്തിയിൽ നിന്നും ഒരു പോസ്റ്റ് കാർഡ് ലഭിക്കുന്നു. “ന്യൂ യോർക്കിലുള്ള ഡോൾഫിൻ ഹോട്ടലിലെ 1408ആം നമ്പർ മുറിയിൽ ഒരു കാരണവശാലും പ്രവേശിക്കരുത് ” എന്ന് മാത്രമായിരുന്നു ആ കത്തിൽ. സ്വാഭാവികമായും അവിടെ താമസിക്കാനെത്തുന്ന മൈക്കിനെ ഹോട്ടൽ മാനേജർ ജെറാൾഡ് ഒലിൻ, തന്നാലാകും വിധം പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. ആ മുന്നറിയുപ്പുകൾ എല്ലാം അവഗണിച്ച മൈക്ക്, 1408ൽ കാലു കുത്തി ആ മുറിയുടെ വാതിൽ തനിക്ക് പിന്നിൽ അടയുന്നതോടെ, തന്റെ ജീവിതം എന്നന്നേക്കുമായി മാറിമറിയാൻ പോകുന്നു എന്ന് മനസ്സിലാക്കുന്നു. തുടർന്നങ്ങോട്ട് മൈക്കിന്റെ അതിജീവനത്തിന്റേയും അമാനുഷിക ശക്തിയുടെ ഊരാക്കുടുക്കുകളുടെയും ഉദ്വേഗ ജനകമായ സന്ദർഭങ്ങളാണു 1408 എന്ന ചിത്രത്തിൽ ഉടനീളം.
കഥാനായകൻ മൈക്കിനെ പോലെ തന്നെ ഈ സിനിമ കാണുന്ന പ്രേക്ഷകനും താനീ കാണുന്നതാണോ സത്യം, അതോ മുൻപ് കണ്ടതാണോ സത്യം എന്ന് പലപ്പോഴും ആശയക്കുഴപ്പം തോന്നിയേക്കാം. ആ ആശയക്കുഴപ്പം ഒന്നു കൂടി സങ്കീർണ്ണമാക്കുന്നതിനു വേണ്ടിയായിരിക്കണം സംവിധായകൻ ഈ സിനിമയ്ക്ക് 3 ക്ലൈമാക്സുകൾ രൂപപ്പെടുത്തിയത്. തീയേറ്ററിൽ പ്രേക്ഷകൻ കണ്ട ക്ലൈമാക്സല്ല ഡിവിഡിയിലും ബ്ലൂ റേ ഡിസ്കിലുമുള്ളത്. ഈ രണ്ട് ക്ലൈമാക്സുമല്ല നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഓൺലയിൽ സ്റ്റ്രീമിങ്ങിലുള്ളത്. തീയേറ്ററിൽ ഈ സിനിമ കണ്ട പ്രേക്ഷകൻ പിന്നീട് ഡിവിഡി കാണുമ്പോൾ സിനിമയിലെ നായകൻ മൈക്കിനെ പോലെ ആശയക്കുഴപ്പത്തിലാകുന്നു. അതേ വ്യക്തി ഈ ചിത്രം ഇന്റർനെറ്റിൽ കാണുമ്പോൾ ഈ ആശയക്കുഴപ്പം ഒന്നു കൂടി സങ്കീർണമാകും. സർവൈവൽ സിനിമകളുടെയും ഹൊറർ സിനിമകളുടെയും ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പരീക്ഷണം. രണ്ടാമത്തെ ക്ലൈമാക്സിനെ ആധാരമാക്കിയാണു ഈ സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത്.