എം-സോണ്‍ റിലീസ് – 1806
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jill Culton, Todd Wilderman (co-director) |
പരിഭാഷ | ഇമ്മാനുവൽ ബൈജു |
ജോണർ | ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി |
2019ൽ ഇറങ്ങിയ Jill Culton സംവിധാനം ചെയ്ത അനിമേഷൻ സിനിമയാണ് Abominable.
യതി എന്ന സാങ്കൽപ്പിക ജീവിയെ അടിസ്ഥാനമാക്കിയാണ് പടം മുന്നോട്ട് പോകുന്നത്. യതി എന്നത് വെറും സങ്കല്പികമാണെന്ന് ലോകം വിശ്വസിക്കുമ്പോൾ ഒരു സ്വകാര്യ കമ്പനി പ്രായപൂർത്തിയായ ഒരു കുട്ടി യതിയെ പിടികൂടുന്നു. സിനിമയുടെ ആരംഭത്തിൽ തന്നെ പിടികൂടിയ യതി കൂട് തകർത്ത് പരീക്ഷണശാലയിൽ നിന്നും ചാടി പോകുന്നു. ഇതേ സമയം നഗരത്തിൽ യി എന്ന പെൺകുട്ടി സ്വന്തം അച്ഛന്റെ മരണ ശേഷം ആരുമായും കൂട്ടു കൂടാതെ ഒറ്റപ്പെട്ട് തിരക്കുള്ള ജീവിതം നയിക്കുകയാണ്. രക്ഷപ്പെട്ട് പോയ യതിയാകട്ടെ നേരെ അഭയം തേടിയത് യി താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസ്സിലും. അവിടെ വച്ച് പരസ്പരം കണ്ടുമുട്ടുന്ന യി യും യതിയും സുഹൃത്തുക്കളാകുന്നു. ഒരു ഘട്ടത്തിൽ “എവറസ്റ്റ്” എന്ന് പേരിട്ട ആ യതി ഹിമാലയത്തിലെ വീട്ടിൽ എത്തിക്കാൻ യാത്രയാകുന്നു. കൂട്ടിന് അവളുടെ ഏറ്റവും അടുത്ത കസിൻസായ ജിൻ, പെങ് എന്നിവരും കൂടുന്നു. ആ യാത്ര അവരുടെ ജീവിതത്തിൽ ചെറുതെന്ന് തോന്നുന്ന വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. അവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ ആ യാത്ര മാറ്റിയെടുക്കുന്നു. എന്നിരുന്നാലും തൊട്ടു പിന്നാലെ അവരെ പിടികൂടാൻ യതിയെ പിടികൂടിയ സ്വകാര്യ കമ്പനിയും പിന്തുടരുന്നു. മനുഷ്യർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള എവറസ്റ്റ് പർവ്വതത്തിൽ യതിയെ എത്തിക്കാനുള്ള യി യുടെയും സുഹൃത്തുക്കളുടെയും യാത്രയാണ് ഈ സിനിമയുടെ പ്രമേയം.
ഇന്നത്തെ കാലത്ത് ക്ലീഷേ എന്ന് കേൾക്കുമ്പോഴേ മുഖം തിരിക്കുമ്പോൾ ക്ലീഷേ കഥ തന്നെ പുതുമയോടെ അവതരിപ്പിക്കുന്നതിൽ ഈ സിനിമ 100 % വിജയിച്ചിട്ടുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കണ്ടു മടുത്ത കഥയെ ഇനി എത്ര കണ്ടാലും മടുപ്പ് തോന്നാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണിത്. കണ്ണിന് കുളിർമയേകുന്ന മനോഹര കാഴ്ചകളും, മനസിനെ ലയിപ്പിക്കുന്ന മ്യൂസിക്കും ക്യൂട്ട് ആയി തോന്നുന്ന യതിയുടെ മുഖഭാവങ്ങളും ആണ് ഈ സിനിമയുടെ പ്രധാന ആകർഷണം. ഒരു അനിമേഷൻ സിനിമയ്ക്ക് വേണ്ട മ്യൂസിക്ക്, കോമഡി, മോട്ടിവേഷൻ, ഫാന്റസി, ഫ്രണ്ട്ഷിപ്പ്, ഇമോഷൻ തുടങ്ങിയ എല്ലാ വിധ ചേരുവകളും ചേർത്തിട്ടുണ്ട് ഈ സിനിമയിൽ.
കണ്ടവരെ ഒരിക്കലും നിരാശപ്പെടുത്താത്ത അനിമേഷൻ സിനിമയാണിത്.