Amistad
അമിസ്റ്റാഡ് (1997)

എംസോൺ റിലീസ് – 2743

Download

4560 Downloads

IMDb

7.3/10

പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായിരുന്ന അടിമത്തം പ്രമേയമാക്കി, സ്റ്റീവൻ സ്പീൽബെർഗിന്റെ സംവിധാന മികവിൽ പിറന്ന ക്ലാസ്സിക് ചിത്രം.

ആഫ്രിക്കയിൽ നിന്ന് നൂറോളം അടിമകളുമായി അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു “അമിസ്റ്റാഡ്” എന്ന സ്പാനിഷ് കപ്പൽ. കൊടും ക്രൂരതകൾ നേരിടേണ്ടി വന്ന അടിമകൾ ചങ്ങലയിൽ നിന്ന് രക്ഷപ്പെട്ട് കപ്പലിലുള്ള സ്പാനിഷ് അടിമക്കച്ചവടക്കാരെ ആക്രമിക്കുന്നു. കപ്പൽ അധീനതയിലാക്കി തിരിച്ച് ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെ ഒരു അമേരിക്കൻ കപ്പൽ അവരെ പിടികൂടുന്നു.

അമേരിക്കയിൽ എത്തിച്ച അടിമകൾക്കു വേണ്ടി പലരും അവകാശവാദം ഉന്നയിക്കുന്നു. പതിനൊന്ന് വയസു മാത്രമുള്ള സ്പെയിനിലെ ഇസബെല്ല രാജ്ഞിയും, അടിമകളെ വാങ്ങിയ സ്പെയിൻകാരുമെല്ലാം കപ്പലിലെ ആ “ചരക്കുകൾ” തങ്ങളുടേതാണെന്ന വാദവുമായി അമേരിക്കയിലെ കോടതിയെ സമീപിച്ചു. അടിമത്തം നിരോധിക്കണമെന്ന് വാദിക്കുന്ന രണ്ടു പേർ അടിമകൾക്കു വേണ്ടിയും വക്കീലിനെ വെച്ചു. ജയിക്കാൻ സാധ്യത വളരെ കുറഞ്ഞ ഒരു നിയമപോരാട്ടമായിരുന്നു അവർക്ക് നടത്താനുണ്ടായിരുന്നത്. ഭാഷ പോലുമറിയാത്ത, സ്വന്തം ആവശ്യങ്ങൾ പറയാനറിയാത്ത നിസ്സഹായരായ അടിമകളുടെ ശബ്ദമാകുക എന്നത് അഡ്വ. റോജർ ബാർഡ്വിന് വലിയ വെല്ലുവിളിയായി.
തുടർന്നുള്ള നിയമപോരാട്ടത്തിൽ അടിമത്തം എന്ന കൊടും ക്രൂരതയുടെ ഞെട്ടിക്കുന്ന സത്യങ്ങൾ ഓരോന്നായി അവർ പുറത്തു കൊണ്ടുവരുന്നു.

അടിമയായി വേഷമിട്ട ജിമോൻ ഹൊൻസു, ആന്തണി ഹോപ്കിൻസ്, മോർഗൻ ഫ്രീമൻ തുടങ്ങിയവരുടെ പ്രകടനത്തിലൂടെ ഏറെ പ്രശംസ നേടിയ ചിത്രം നാല് ഓസ്കാർ നോമിനേഷനുകൾ നേടി.