എം-സോണ്‍ റിലീസ് – 2116
MSONE GOLD RELEASE
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Otto Preminger |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
കോടതി വിചാരണ പ്രമേയമാക്കിയ സിനിമകളിൽ എക്കാലത്തെയും ക്ലാസിക്കായി കരുതപ്പെടുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ മർഡർ. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
സ്വതവേ ഉഴപ്പനാണ് അഭിഭാഷകനായ പോൾ ബീഗ്ലർ. മീൻപിടിത്തവും നേരംപോക്കും അല്ലറചില്ലറ കേസുകളുമായി കഴിഞ്ഞുകൂടുന്നു. യാദൃച്ഛികമായാണ് ഇയാളിലേക്ക് ഒരു കേസ് എത്തുന്നത്. ഭാര്യയെ ബലാത്സംഗം ചെയ്തയാളെ വെടിവെച്ചു കൊന്ന കുറ്റത്തിന് അറസ്റ്റിലായ ലഫ്റ്റനന്റ് ഫ്രെഡറിക് മാനിയന് വേണ്ടി വാദിക്കണം. തെളിവുകളെല്ലാം പ്രതിക്ക് എതിരാണ്. മനസ്സില്ലാമനസ്സോടെ ആണെങ്കിലും പോൾ ബീഗ്ലർ പ്രതിയുടെ വക്കാലത്ത് ഏൽക്കുന്നു.
കോടതിയിൽ നേരിടേണ്ടത് അതിസമർത്ഥനായ രണ്ടു പ്രോസിക്യൂട്ടർമാരെയാണ്. പ്രതിയെ രക്ഷിച്ചെടുക്കാൻ നിയമത്തിന്റെ എല്ലാ വശങ്ങളും ബീഗ്ലർ അരിച്ചു പെറുക്കുന്നു.
ചിത്രത്തിൽ ഭൂരിഭാഗവും കോടതിയിലെ തീപാറുന്ന വിചാരണയാണ്. അഭിഭാഷകർ കോടതിയിൽ ഇറക്കുന്ന എല്ലാ തന്ത്രങ്ങളും ഈ സിനിമയിൽ കാണാം. അമേരിക്കയിൽ നിയമ വിദ്യാർത്ഥികൾക്ക് പഠന സഹായിയായി ഈ സിനിമ ഉപയോഗിച്ചിരുന്നു. കാര്യമായ പ്രതീക്ഷയില്ലാത്ത കേസിൽ പോലും അഭിഭാഷകന് എങ്ങനെ വാദിച്ച് മുന്നേറാം എന്നതിന് തെളിവാണ് ചിത്രമെന്ന് അമേരിക്കൻ ബാർ അസോസിയേഷൻ വിലയിരുത്തി. 2012 ൽ ചിത്രം അമേരിക്കൻ നാഷണൽ ഫിലിം രജിസ്ട്രിയിൽ സംരക്ഷിക്കപ്പെടാനായി തെരഞ്ഞെടുത്തു.