എം-സോണ്‍ റിലീസ് – 2604
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sean Ellis |
പരിഭാഷ | പ്രശോഭ് പി. സി. |
ജോണർ | ആക്ഷൻ, ബയോഗ്രഫി, ഡ്രാമ |
പൂർണമായും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കപ്പെട്ട വാർ/ ത്രില്ലർ സിനിമയാണ് ആന്ത്രൊപോയ്ഡ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ ഉദ്യോഗസ്ഥനായ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനെ കൊല്ലാൻ ചെക്കോസ്ലോവാക്യൻ പോരാളികൾ നടത്തിയ ‘ഓപ്പറേഷൻ ആന്ത്രൊപോയ്ഡി’ൻ്റെ ചലച്ചിത്ര ആവിഷ്കാരമാണിത്.
മ്യൂണിക് ഉടമ്പടിയെ തുടർന്ന് ചെക്കോസ്ലോവാക്യ നാസി ജർമനിക്ക് കീഴടങ്ങി. കൊടും ക്രൂരനായ നാസി ഉദ്യോഗസ്ഥൻ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനു കീഴിൽ ചെക്ക് ജനത ഓരോ നിമിഷവും ഭയന്ന് ജീവിച്ചു. ചെക്കോസ്ലോവാക്യൻ സർക്കാർ ലണ്ടനിൽ അഭയം തേടി.
ഈ സമയത്താണ്, യോസഫ് ഗാബ്ചിക്ക്, യാൻ കുബിഷ് എന്നീ ചെക്ക് പട്ടാളക്കാർ വിമാനത്തിൽ നിന്ന് പാരച്യൂട്ടിൽ ചാടി ചെക്കോസ്ലോവാക്യയിൽ എത്തുന്നത്. പ്രത്യേക ദൗത്യവുമായി എത്തിയ ഇവർക്ക്, നാസികളുടെ കണ്ണിൽ പെടാതെ കഴിഞ്ഞു കൂടുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. പ്രാഗ് കേന്ദ്രീകരിച്ചുള്ള ‘യിന്ദ്ര ഗ്രൂപ്പ്’ എന്ന പ്രതിരോധ സംഘവുമായി ചേർന്ന് ഇവർ ഓപ്പറേഷൻ ആന്ത്രോപ്പോയ്ഡ് നടപ്പാക്കാൻ പദ്ധതിയിടുന്നു.
ആകാംക്ഷയുണർത്തുന്ന കഥാഗതിയും, മികവുറ്റ ക്ലൈമാക്സ് പോരാട്ടവുമടങ്ങിയ ചിത്രം ചെക്ക് സ്വാതന്ത്ര്യ പോരാട്ടത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ഏടാണ് പ്രേക്ഷകനു കാണിച്ചു തരുന്നത്.