എം-സോണ്‍ റിലീസ് – 1617

ഭാഷ | കിർഗിസ് |
സംവിധാനം | Aktan Arym Kubat (as Aktan Abdykalykov) |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ |
കിർഗിസ്ഥാനിൽ സ്വതന്ത്രമായി നിർമ്മിക്കുന്ന ആദ്യ സിനിമയാണ് ബേഷ്കെംപിർ അഥവാ അഡോപ്റ്റഡ് സൺ (ദത്തുപുത്രൻ). ഒരു യാഥാസ്ഥിതിക ഗ്രാമത്തിലെ കുട്ടികളുണ്ടാവാത്ത ദമ്പതികൾക്ക് ഒരു ആൺകുഞ്ഞിനെ വളർത്താൻ കൊടുക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്. മുത്തശ്ശിയോട് ഏറെ അടുപ്പവും പിതാവിനോട് ഏറെ ഭയവുമായിരുന്നു. പുറംലോകവുമായി ആ ഗ്രാമത്തിന് ആകെയുള്ള ബന്ധം സിനിമകളാണ്. കുട്ടിത്തത്തിൽ നിന്നും കൗമാരത്തിലെ ചാപല്യങ്ങളിലൂടെ കഥപറഞ്ഞ് പോകുമ്പോൾ താനൊരു ദത്തുപുത്രനാണോ എന്ന സംശയം അവനിൽ ജനിക്കുമ്പോൾ അവൻ ആളാകെ മാറുന്നു. സിനിമയും.
കൗമാരക്കാരായ ആൺകുട്ടികളുടെ “വികൃതി” വളരെ ഭീകരമായി സംവിധായകൻ അക്തൻ ആബ്ദികലിക്കോവ് വരച്ചുകാട്ടുന്നുണ്ട്. ഒളിച്ചുനോട്ടവും, പൂഴിമണലിലെ “നാരീവിഗ്രഹത്തിൽ പനിനീർ തളിക്കുന്നതും” ഒരു കുസൃതിയായി കണക്കാക്കിയാൽ ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന മികച്ച കിർഗിസ് ചിത്രമാണിത്.
പ്രധാനമായും ബ്ലാക്ക് & വൈറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിൽ സെപിയ ടോണും കളർ ടോണും ചേരുംപടി ചേരുമ്പോൾ സംവിധായകന്റെ ബോധപൂർവ്വമായ ഇടപെടൽ വ്യക്തവുമാണ്. പ്രകൃതിയും പ്രകൃതിയിലെ ഓരോ പ്രതിഭാസങ്ങളും മനുഷ്യമുഖങ്ങളുടെ അത്രയും തന്നെ ഷോട്ടുകളിൽ ഇടംനേടിയിട്ടുണ്ട്. അദ്ധ്വാനം, ദുരിതം, പ്രതീക്ഷ, സൗഹൃദം പ്രണയം എന്നിവ ആ മുഖങ്ങൾക്ക് അനുപൂരകങ്ങളാവുന്നത് സിനിമയെ കൂടുതൽ ദൃഢപ്പെടുത്തുന്നു.