എം-സോണ് റിലീസ് – 815
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Smith |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | Action Adventure Drama |
മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരക പകർച്ച വ്യാധികളിൽ ഒന്നായിരുന്നു 1348-നും 1350-നും ഇടയിൽ യൂറോപ്പിൽ മൂർദ്ധന്യത്തിലെത്തിയ പ്ലേഗ് ബാധയായ ബ്ലാക്ക് ഡെത്ത് (Black Death). ഏഴരക്കോടിക്കും 20 കോടിക്കും ഇടയിൽ മരണങ്ങൾ ഇതുമൂലമുണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.യൂറോപ്പിലെ ജനസംഖ്യയുടെ 30–60 ശതമാനം ഈ അസുഖം മൂലം മരണപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു.ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു. മൊത്തത്തിൽ ആ സമയത്തെ (പതിനാലാം നൂറ്റാണ്ട്) ലോക ജനസംഖ്യയായിരുന്ന 45 കോടി ഈ അസുഖം മൂലം 35 കോടിക്കും 37.5 കോടിക്കും ഇടയിലെത്തി. ബ്ലാക്ക് ഡെത്തിന്റെ മതപരവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ അതിഭീമമായിരുന്നു. ഇത് യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ജനസംഖ്യ പഴയ നിലയിലെത്താൻ 150 വർഷങ്ങളെടുത്തു. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവർത്തനങ്ങൾ ചാക്രികമായി യൂറോപ്പിൽ വന്നുകൊണ്ടിരുന്നു. കഥാനായകനായ ഓസ്മണ്ട് ഒരു മത വിദ്യാർത്ഥിയായിരുന്നു. ദൈവകോപം കൊണ്ടാണ് ഈ അസുഖം വന്നതെന്ന് പാതിരിമാർ വിശ്വസിച്ചു.കൂടെ നിൽക്കുന്ന ആരും എപ്പോൾ വേണമെങ്കിലും രോഗബാധിതരാവാം എന്നത് എല്ലാവരേയും പരസ്പരം സംശയത്തിന്റെ നിഴലിൽ നിർത്തുന്ന കാലം. തന്റെ പ്രണയിനിയായ അവ്റിൽ എന്ന പെൺകുട്ടിയെ മഹാമാരിയുടെ താണ്ഡവനൃത്തം അവസാനിക്കും വരെ നാടുവിടാൻ അവൻ പ്രേരിപ്പിക്കുന്നു. അവളുടെ കൂടെ, മഠം വിട്ടു പോകാൻ അവന്റെ വിശ്വാസം അവനെ അനുവദിക്കുന്നില്ല. പ്രണയം ഒരു ദൈവനിഷേധമായി അവനെ ഉലയ്ക്കുകയായിരുന്നു.പുറത്തെ അപരിചിതത്ത്വത്തിലേക്ക് അവളെ തള്ളിവിട്ടതിന്റെ വേദന മറുവശത്തും. വിശ്വാസവും പ്രണയവും അവനെ ആശയകുഴപ്പത്തിലാക്കിയപ്പോൾ, അവൻ ദൈവത്തിന്റെ മുമ്പിൽ മുട്ടുകുത്തി. അപ്പോൾ മഠത്തിന്റെ മതിലുകൾക്ക് പുറത്ത് കുളമ്പടി ശബ്ദങ്ങൾ കേട്ടു.ബിഷപ്പിന്റെ സന്ദേശവുമായി വന്ന കുറച്ച് യോദ്ധാക്കളായിരുന്നു അവർ. ദൂരെ ഒരിടത്ത് ഇതുവരേയും മഹാമാരി എത്തിപ്പെടാത്ത ആ ഗ്രാമമുണ്ടെന്നും ആ ഗ്രാമം മാത്രം എങ്ങനെ അതിജീവിച്ചു എന്നു കണ്ടെത്തണമെന്നും ആയിരുന്നു അവരുടെ വരവിന്റെ ലക്ഷ്യം. ആ ഗ്രാമത്തിലേക്ക് പോകാൻ അവർക്കൊരു വഴികാട്ടിയെ വേണമായിരുന്നു.അത് ദൈവനിയോഗമായി കരുതിയ ഓസ്മണ്ട് പാതിരിമാരുടെ എതിർപ്പ് വകവെയ്ക്കാതെ ആ ദൗത്യം ഏറ്റെടുക്കുന്നു. അവന്റെ ലക്ഷ്യം തന്റെ പ്രിയ്യപ്പെട്ടവളുടെ അടുത്തെത്തുക എന്നതായിരുന്നു. പക്ഷേ, വന്നവരുടെ ലക്ഷ്യം വേറെയായിരുന്നു.ഈയാംപാറ്റ കണക്കെ മരിച്ചു വീഴുന്ന മനുഷ്യർക്കിടയിലൂടെ അവരുടെ യാത്ര തുടങ്ങുന്നു.