എം-സോണ്‍ റിലീസ് – 1701
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Vince Gilligan |
പരിഭാഷ | ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്, ഗായത്രി മാടമ്പി |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്‍റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി ഏറെക്കാലം ആയുസ്സില്ല എന്ന ആസന്നമായ സത്യത്തെക്കാള്‍ അയാളെ അലട്ടുന്നത് കാലം തെറ്റി ഗര്‍ഭിണിയായ പ്രിയ ഭാര്യ സ്കൈലറിന്‍റെയും, അംഗവൈകല്യം ഉള്ള മകന്‍ വാള്‍ട്ടര്‍ ജൂനിയറിന്‍റെയും ഭാവിയാണ്.
അപ്രതീക്ഷിതമായി തന്‍റെ പഴയ വിദ്യാര്‍ത്ഥി ജെസ്സി പിങ്ക്മാനെ (ആരോണ്‍ പോള്‍) കണ്ടു മുട്ടുന്ന വാള്‍ട്ടര്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാര്യയുടെയും മക്കളുടെയും ഭാവി ജീവിതത്തിലേക്ക് ആവശ്യമായ പണമുണ്ടാക്കുക എന്ന അനിവാര്യതയെ മുന്‍നിര്‍ത്തി ജെസ്സിയുടെ സഹായത്തോടെ നിയമലംഘനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ലോകത്ത് എത്തിപ്പെടുന്നു.
താന്‍ പഠിപ്പിക്കുന്ന രസതന്ത്രത്തിന്‍റെ അനന്തസാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന വാള്‍ട്ട്, ജെസ്സിയുടെ സഹായത്താല്‍ മെത്താംഫെറ്റമിൻ എന്ന മാരകമായ ലഹരിമരുന്ന് ഉത്പാദിപ്പിക്കാനും വിൽക്കുവാനും തുടങ്ങുന്നു. വാള്‍ട്ടും, ജെസ്സിയും കടന്നു പോകുന്ന അത്യന്തം കോരിത്തരിപ്പിക്കുന്നതും, ആകാംക്ഷാഭരിതവുമായ നിമിഷങ്ങള്‍ കാഴ്ചവെക്കുന്ന പരമ്പരയാണ് വിന്‍സ് ഗില്ലിഗന്‍ ഒരുക്കിയ ബ്രേക്കിങ് ബാഡ്. മാറ്റങ്ങളുടെ ശാസ്ത്രമായ കെമിസ്ട്രി വാൾട്ടറിന്‍റെയും, ജെസ്സിയുടെയും അവർക്ക് ചുറ്റുമുള്ളവയുടെയും ജീവിതങ്ങളെ പരിണാമപ്പെടുത്തുന്നതിലൂടെ സീരീസ് മുന്നേറുന്നു. ഉജ്വലമായ കാസ്റ്റിംഗ്, തകര്‍പ്പന്‍ അഭിനയം, എന്നിങ്ങനെ ഇന്നേവരെയുള്ള ടെലിവിഷന്‍ പരമ്പരകളില്‍ നിന്ന് വേറിട്ട, ഒരു വ്യത്യസ്താനുഭവമാണ് ബ്രേക്കിങ് ബാഡ് മുന്നോട്ട് വെക്കുന്നത്. ഓരോ എപ്പിസോഡ് കഴിയുന്തോറും പ്രേക്ഷകനെ അടുത്ത ഭാഗം കാണാന്‍ പ്രേരിപ്പിക്കുന്ന മയക്കുമരുന്നാണ് ഈ പരമ്പര.
AMC നെറ്റ് വർക്കിലൂടെ 2008 ജനുവരി 20നാണ് മികച്ച സീരീസുകളുടെ കൂട്ടത്തിൽ ഇന്നും മുൻനിരയിൽ നിൽക്കുന്ന ബ്രേക്കിങ് ബാഡിന്‍റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്.
അഞ്ചു സീസണുകളിലായി 62 എപ്പിസോഡുകള്‍ ഉള്ള ബ്രേക്കിങ് ബാഡിന്‍റെ ആദ്യ രണ്ടു സീസണുകളിലെ 20 എപ്പിസോഡുകള്‍ എംസോണ്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. മൂന്നാമത്തെ സീസണിലെ 13 എപ്പിസോഡുകളാണ് ഈ റിലീസില്‍ ഉള്ളത്. തുടര്‍ന്നുള്ള സീസണുകള്‍ അതിവേഗത്തില്‍ എംസോണിലൂടെ ലഭ്യമാകുന്നതാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത എംസോണിന്‍റെ മലയാളം സബ്ടൈറ്റിലുകള്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും മികച്ച പരമ്പരയായി നിരൂപകര്‍ വാഴ്ത്തുന്ന ബ്രേക്കിങ് ബാഡ് ആസ്വദിക്കൂ.