എംസോൺ റിലീസ് – 2689
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Roman Polanski |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
വിഖ്യാത സംവിധായകൻ റോമൻ പൊളാൻസ്കിയുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് 1974ൽ ഇറങ്ങിയ ചൈനടൗൺ.
ഈസ്റ്റ് കാലിഫോർണിയയിലെ കർഷകരും ലോസ് ആഞ്ചലസ് നഗര അധികൃതരും തമ്മിൽ വെള്ളത്തിന്റെ അവകാശത്തിനായി നടന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത് യഥാർത്ഥ സംഭവങ്ങളുമായി ചിത്രത്തിന് വളരെ സാമ്യമുണ്ട്.
ലോസ് ആഞ്ചലസിലെ ഒരു സ്വകാര്യ കുറ്റാന്വേഷകനാണ് ജെ. ജെ. ഗിറ്റിസ്. നഗരത്തിലെ വാട്ടർ ഡിപ്പാർട്ട്മെന്റിന്റെ മേധാവി ഹോളിസ് മൾറേയുടെ ഭാര്യ എന്ന് സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീ ഗിറ്റിസിനെ കാണാനെത്തുന്നു. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആയിരുന്നു അവരുടെ ആവശ്യം. അന്വേഷണം ആരംഭിച്ച ഗിറ്റിസ് എത്തിച്ചേരുന്നത് അപ്രതീക്ഷിതമായ കാര്യങ്ങളിലേക്കാണ്. വാട്ടർ ഡിപ്പാർട്ട്മെന്റിലെ ഞെട്ടിക്കുന്ന ചില രഹസ്യങ്ങൾ ഹോളിസ് മൾറേയ്ക്ക് അറിയാമെന്ന് ഗിറ്റിസ് മനസിലാക്കുന്നു. ഹോളിസിന്റെ പിന്നാലെ പോയ ഗിറ്റിസ്, തന്നെയും ചിലർ കരുവാക്കുന്നതായി മനസ്സിലാക്കി. ഡിപ്പാർട്ട്മെന്റിൽ നടക്കുന്നതിന്റെ പിന്നിലുള്ള വസ്തുതകൾ കണ്ടെത്താൻ തന്നെ ഗിറ്റിസ് തീരുമാനിക്കുന്നു.
നിരവധി മിസ്റ്ററി/ത്രില്ലർ സിനിമകൾക്ക് പ്രേരകമായ ചിത്രമാണ് ചൈനടൗൺ. സസ്പെൻസ് നിറഞ്ഞ ചിത്രത്തിൽ ജാക്ക് നിക്കോൾസൺ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.