എം-സോണ്‍ റിലീസ് – 2467
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Stuart Rosenberg |
പരിഭാഷ | പ്രശോഭ് പി. സി. |
ജോണർ | ക്രൈം, ഡ്രാമ |
പ്രിസൺ ഡ്രാമ സിനിമകളിൽ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ് പോൾ ന്യൂമാൻ നായകനായ ‘കൂൾ ഹാൻഡ് ലൂക്ക്’. ഫ്ലോറിഡയിലെ ഒരു പ്രിസൺ ക്യാമ്പിൽ കഴിഞ്ഞ കുറ്റവാളിയുടെ അനുഭവക്കുറിപ്പുകൾ ആധാരമാക്കിയാണ് ഈ ചിത്രം നിർമിച്ചത്.
പട്ടാളത്തിലെ സേവനത്തിൽ നിന്ന് പിരിഞ്ഞ് നാട്ടിൽ ഒരു അരാജക ജീവിതം നയിക്കുന്നയാളാണ് ലൂക്ക് ജാക്സൺ. ഒരു നിസ്സാര കുറ്റത്തിനാണ് ഇയാൾ ജയിലിലാകുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ള ഫ്ലോറിഡയിലെ ഒരു പ്രിസൺ ക്യാമ്പിൽ ഇയാളെ എത്തിക്കുന്നു. തടവുകാർ ദിവസവും റോഡ് വൃത്തിയാക്കൽ അടക്കമുള്ള ജോലികൾ ചെയ്യണം. ജയിലിലെ കടുത്ത നിയന്ത്രണങ്ങളും മറ്റും ലൂക്കിനെ അസ്വസ്ഥനാക്കുന്നു. സഹതടവുകാരുമായി ഇയാൾ അതിവേഗം സൗഹൃദം സ്ഥാപിക്കുന്നു. ജയിൽ അധികൃതരുടെ അനുമതിയോടെ തന്നെ, ഒരു നിശ്ചിത ദിവസം ഇവിടെ തടവുകാർക്ക് പരസ്പരം ഫൈറ്റ് ചെയ്യാം. തടവുകാരുടെ ഇടയിലെ മുതിർന്നയാളാണ് ഡ്രാഗ്ലൈൻ. ഇയാൾ ലൂക്കിനെ ഫൈറ്റ് ചെയ്യാൻ ക്ഷണിക്കുന്നു. ഫൈറ്റിൽ ഇടിയേറ്റ് അനങ്ങാൻ വയ്യാതെ കിടന്നപ്പോഴും തോൽവി സമ്മതിച്ചു കൊടുക്കാൻ തയ്യാറാകാതിരുന്ന ലൂക്ക് എല്ലാവർക്കും അത്ഭുതമായി. ജീവിതത്തിലും അയാൾ അങ്ങനെയാണെന്ന് സഹതടവുകാർ തിരിച്ചറിയുന്നു. ജയിലിൽ പിന്നീട് പല നാടകീയ സംഭവങ്ങളും അരങ്ങേറുന്നു. പോൾ ന്യൂമാന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ചിത്രത്തിന്റേത്.