എംസോൺ റിലീസ് – 3152
National Science Day Special Release
ഭാഷ | ഇംഗ്ലീഷ് |
രചയിതാക്കൾ | Carl Sagan, Ann Druyan & Steven Soter |
പരിഭാഷ | മുബാറക് റ്റി എൻ |
ജോണർ | ഡോക്യുമെന്ററി |
“ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ ശാസ്ത്ര പരമ്പര”
പ്രശ്‌സ്ത അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന കാൾ സാഗൻ അവതരിപ്പിച്ച്, 1980-ൽ പ്രക്ഷേപണം ചെയ്ത കോസ്‌മോസ്: എ പെർസൊണൽ വോയേജ് എന്ന പരമ്പരയ്ക്കാണ് മേൽപ്പറഞ്ഞ വിശേഷണമുള്ളത്. 60 രാജ്യങ്ങളിലായി 50 കോടിയിലേറെ ആളുകൾ വീക്ഷിച്ച ഈ ശാസ്ത്ര പരമ്പര രചിച്ചിരിക്കുന്നത് Carl Sagan, Ann Druyan, Steven Soter എന്നിവർ ചേർന്നാണ്.
13 എപ്പിസോഡുകളിലായി നിർമ്മിച്ചിരിക്കുന്ന ഈ പരമ്പരയിൽ, അന്ന് നിലവിലുണ്ടായിരുന്ന ഏറ്റവും മികച്ച സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. 6 മില്ല്യൻ ഡോളർ ബജറ്റിൽ, 2 മില്ല്യൻ ഡോളറും ചെലവഴിച്ചിരിക്കുന്നത് സ്പെഷ്യൽ എഫെക്ടുകൾക്ക് വേണ്ടിയാണ്. ഇന്ത്യ, മെക്സിക്കോ, ഫ്രാൻസ്, ഇറ്റലി, കംബോഡിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായാണ് പരമ്പര ചിത്രീകരിച്ചിരിക്കുന്നത്.
പ്രപഞ്ചാരംഭം, പരിണാമം, ജ്യോതിഷവും ജ്യോതിശാസ്ത്രവും തമ്മിലുള്ള അന്തരം, വാൽനക്ഷത്രങ്ങൾ, ചൊവ്വാ ഗ്രഹം, വോയേജർ ദൗത്യം, മനുഷ്യ സംസ്കാരത്തിൽ പലവിധ ഐതിഹ്യങ്ങൾ ചെലുത്തിയ സ്വാധീനങ്ങൾ, സ്ഥലം കാലം തുടങ്ങിയ ആശയങ്ങൾ, നക്ഷത്രങ്ങളുടെ ജീവിതചക്രം, പ്രപഞ്ചത്തെക്കുറിച്ചുള്ള വിവിധ മാനങ്ങൾ, മനുഷ്യ മസ്തിഷ്കത്തിന്റെ പരിണാമം, അന്യഗ്രഹ പേടകങ്ങളും ഭൗമേതര സംസ്കാരങ്ങളും, മനുഷ്യകുലത്തിന്റെ ഭാവി, അതിനെതിരെ ഉയരുന്ന ആശങ്കകൾ തുടങ്ങിയ വിവിധ വിഷയങ്ങളെ രസകരമായ കഥകളുടെയും, സംഭവങ്ങളുടെയും അകമ്പടിയോടെയാണ് സാഗൻ അവതരിപ്പിക്കുന്നത്.
ബഹിരാകാശ ദൗത്യങ്ങളോടുള്ള പൊതുജനങ്ങളുടെ താൽപ്പര്യം വർധിച്ചതും, ഭൂമിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന പ്രവൃത്തികൾക്കെതിരെ അവർ അണിനിരക്കാൻ തുടങ്ങിയതും, ഈ പരമ്പര എത്രത്തോളം പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവായി നിരൂപകർ ചൂണ്ടിക്കാട്ടുന്നു.