Dangal
                       
 ദങ്കൽ (2016)
                    
                    എംസോൺ റിലീസ് – 462
2016 ഡിസംബറിൽ പുറത്തിറങ്ങിയ ജീവചരിത്രാത്മകമായ ഒരു ഹിന്ദി ചലച്ചിത്രമാണ് ദംഗൽ. നിതേശ് തിവാരിയാണ് ദംഗലിന്‍റെ സംവിധായകൻ. സ്ത്രീ ശാക്തീകരണം പ്രമേയമാക്കി ലോകത്തുണ്ടായിട്ടുള്ള സിനിമകളില്‍ ഇന്ത്യയില്‍ നിന്നുള്ളതില്‍ ഏറ്റവും മികച്ചത് എന്ന് ദംഗലിനെ വിശേഷിപ്പിക്കാം. കാസ്റ്റിംഗിലെ പഴുതടച്ച പരിപൂര്‍ണത തന്നെയാണ് ഈ സിനിമ വേറിട്ട അനുഭവമാക്കുന്നത്.
സ്വപ്നങ്ങളെ സഫലീകരിക്കാന്‍ ജീവിതവുമായി ഗുസ്തിയിലേര്‍പ്പെട്ട ഒരച്ഛന്റെയും, അദ്ദേഹത്തിന്റെ പെണ്മക്കളുടെയും കഥയാണ് ദംഗല്‍. ഗുസ്തിയെ ഹൃദയമൂറ്റി സ്‌നേഹിക്കുന്ന ഗ്രാമീണ നിഷ്‌കളങ്കതകളുടെ അത്രമേല്‍ അസാധാരണ കാഴ്ചയായ ഒരു ഹരിയാനക്കാരന്‍ മനുഷ്യന്‍, ഒരു ആണ്‍കുഞ്ഞുണ്ടാകാന്‍ ആഗ്രഹിക്കുകയും, തന്‍റെ ഗുസ്തി പാരമ്പര്യം അവനു പകര്‍ന്നു നല്‍കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ മഹാവീര്‍ സിംഗ് ഫോഗട്ടിനു ഉണ്ടാകുന്നതെല്ലാം പെണ്‍കുട്ടികളാണ്. ഒടുവില്‍ ഒരു തപസ്സുപോലെ തന്റെ പെണ്‍മക്കളുടെ കായിക ഔന്നത്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ജീവിതവും, ചിന്തകളും, അധ്വാനവും സമര്‍പ്പിക്കുന്ന ഹൃദയഹാരിയായ കഥയിലെ, വാത്സല്യ നിധിയായ ഒരു പിതാവായി മാറുകയാണ് ആമിര്‍ അവതരിപ്പിക്കുന്ന മഹാവീര്‍ സിംഗ് ഫോഗട്ട്. എല്ലാ അര്‍ത്ഥത്തിലും ബോളിവുഡ് ഇന്നോളം കണ്ട മനോഹര ചലച്ചിത്ര ശ്രമങ്ങളില്‍ ഒന്നാണ് ‘ദംഗല്‍’. 744 കോടി രൂപ ഇന്ത്യയില്‍ നിന്ന് മാത്രം കളക്ഷന്‍ നേടിയ ഈ സിനിമ ചൈനയില്‍ റിലീസ് ചെയ്ത ശേഷം 2000 കോടി രൂപയിലധികം കളക്ഷന്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമയായി മാറി. (കടപ്പാട്:ജഹാംഗീര്‍ റസാഖ് പാലേരി)

