എംസോൺ റിലീസ് – 2827
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alastair Fothergill, Jonathan Hughes & Keith Scholey |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | ഡോക്യുമെന്ററി, ബയോഗ്രഫി |
മറ്റാരേക്കാളും കൂടുതലായി പ്രകൃതിയെ അടുത്തറിഞ്ഞ ജീവശാസ്ത്രജ്ഞൻ. ഘനഗംഭീരമായ ശബ്ദം കൊണ്ടും, അവതരണ ശൈലിയിലെ പുതുമ കൊണ്ടും, തലമുറകളെ സ്വാധീനിച്ച ടെലിവിഷൻ അവതാരകൻ. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും, വന്യമായ പ്രദേശങ്ങളും സന്ദർശിച്ച പര്യവേക്ഷകൻ. ജീവജാലങ്ങളെ അതിന്റെ എല്ലാ വൈവിധ്യങ്ങളിലും, അത്ഭുതങ്ങളിലും രേഖപ്പെടുത്തിയ പ്രകൃതി സ്നേഹി. ബ്രിട്ടൺ, തങ്ങളുടെ “ദേശീയ നിധിയായി” പ്രഖ്യാപിച്ച, സർ ഡേവിഡ് ആറ്റൻബറോ എന്ന ഈ 93 വയസുകാരന് വിശേഷണങ്ങൾ അനവധിയാണ്.
തന്റെ പര്യവേക്ഷണ ജീവിതത്തിലെ, നിർണായക നിമിഷങ്ങളെക്കുറിച്ചും, പ്രകൃതിയിൽ താൻ കണ്ട വിനാശകരമായ മാറ്റങ്ങളെക്കുറിച്ചും, ആറ്റൻബറോ നടത്തുന്ന വെളിപ്പെടുത്തലുകളാണ്, 2020 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡേവിഡ് ആറ്റൻബറോ: എ ലൈഫ് ഓൺ അവർ പ്ലാനറ്റ് എന്ന ഡോക്യുമെൻ്ററിയുടെ പ്രതിപാദ്യ വിഷയം. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, “93 വയസ്സ് പിന്നിട്ട, ഒരു വൃദ്ധന്റെ സാക്ഷ്യ പത്രം“. കാലാവസ്ഥാ വ്യതിയാനം, അതുയർത്തുന്ന ഭീഷണികൾ, പ്രകൃതിക്ക് മേൽ മനുഷ്യൻ നടത്തുന്ന കയ്യേറ്റങ്ങൾ, അതിന്റെ ഫലമായി ഉണ്ടാകുന്ന ആവാസ വ്യവസ്ഥയുടെ തകർച്ച എന്നീ വിഷയങ്ങൾ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലാണ് ആറ്റൻബറോ വിവരിക്കുന്നത്. മനുഷ്യൻ നേരിടാവുന്ന അപകടങ്ങളെപ്പറ്റി മുന്നറിയിപ്പ് നൽകുന്നതോടൊപ്പം, അവയെ എങ്ങനെ തരണം ചെയ്യണമെന്നും അദ്ദേഹം വിവരിക്കുന്നുണ്ട്.
പ്രേക്ഷക പ്രശംസയ്ക്ക് പുറമേ, ഛായാഗ്രഹണം, ശബ്ദമിശ്രണം, സംഗീതം എന്നീ വിഭാഗങ്ങളിൽ എമ്മി അവാർഡും ഡോക്യുമെന്ററി നേടുകയുണ്ടായി.