എം-സോണ്‍ റിലീസ് – 566
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ക്രിസ്റ്റഫർ നോളൻ |
പരിഭാഷ | ഷാന്‍ വി എസ് |
ജോണർ | ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി |
ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവ്വഹിച്ച 2017ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് യുദ്ധ-ചലച്ചിത്രമാണ് ഡൺകിർക്ക്. ഫിയോൻ വൈറ്റ്‌ഹെഡ്, ടോം ഗ്ലിൻ-കാർണി, ജാക്ക് ലോഡൻ, ഹാരി സ്റ്റൈൽസ്, അനൈറിൻ ബർണാർഡ്, ജെയിംസ് ഡാർസി, ബാരി കോഗൻ, കെന്നത്ത് ബ്രനാഗ്, സിലിയൻ മർഫി, മാർക്ക് റൈലൻസ്, ടോം ഹാർഡി എന്നിവർ ഇതിൽ അഭിനയിച്ചിരിക്കുന്നു.
രണ്ടാം ലോകമഹായുദ്ധം പശ്ചാത്തലമാക്കിയ ഈ ചിത്രത്തിൽ, ഡൺകിർക്ക് പിൻവാങ്ങലിനെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. യുണൈറ്റഡ് കിങ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, നെതർലാൻഡ്സ് തുടങ്ങിയവരുടെ ഒരു അന്താരാഷ്ട്ര-നിർമ്മാണമായ ഈ ചലച്ചിത്രം വാർണർ ബ്രോസ്. പിക്ചേഴ്സ് ആണ് വിതരണം ചെയ്തിരിക്കുന്നത്.
കുറഞ്ഞ സംഭാഷണങ്ങൾ അടങ്ങിയിരിക്കുന്ന, എന്നാൽ വിശദാംശങ്ങളിലൂടെ മാത്രം ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിൽ മൂന്ന് വീക്ഷണകോണുകളിൽ നിന്നാണ്—ഭൂമി, കടൽ, വായു—നോളൻ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 2016 മേയിൽ ഫ്രാൻസിലെ ഡൺകിർക്കിൽ തുടങ്ങി, അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് ചിത്രീകരണം അവസാനിച്ചത്; അവിടെത്തന്നെയാണ് പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും ആരംഭിച്ചതും.
IMAX 65 mmലും 65 mm large format film stockലുമാണ് ഹൊയ്റ്റെ വാൻ ഹൊയ്റ്റമ ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ആയിരക്കണക്കിന് എക്സ്ട്രാ അഭിനേതാക്കളെ വിനിയോഗിച്ചും, യഥാർഥ ഡൺകിർക്ക് പിൻവാങ്ങലിൽ പങ്കെടുത്ത ബോട്ടുകളെ സംയോജിപ്പിച്ചും, വ്യോമ-രംഗങ്ങൾക്കായി ആ കാലഘട്ടത്തോടു ചേർന്ന രീതിയിലുള്ള വിമാനങ്ങൾ ഉപയോഗിച്ചും സമഗ്രമായ പ്രാക്റ്റിക്കൽ ഇഫക്റ്റുകളോടെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ലണ്ടനിലെ ഓഡിയോൺ ലെയ്സെസ്റ്റ്ർ സ്ക്വയരിൽ 2017 ജൂലായ് 13ന് പ്രഥമപ്രദർശനം നടത്തിയ ഈ ചിത്രം, യുനൈറ്റഡ് കിങ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ 2017 ജൂലായ് 21ന് റിലീസായി. ആഗോളതലത്തിൽ ഈ ചിത്രം ഇതുവരെ $525 മില്ല്യൺ ഡോളർ കരസ്ഥമാക്കി. ഛായാഗ്രഹണം, സംവിധാനം, അഭിനയം, ഹാൻസ് സിമ്മറുടെ സംഗീതം എന്നിവയിൽ നിരൂപകപ്രശംസ നേടിയ ഈ ചലച്ചിത്രം, എക്കാലത്തേയും മികച്ച യുദ്ധ-ചലച്ചിത്രങ്ങളിൽ ഒന്നായും, നോളന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ മികച്ചതായും ചില നിരൂപകർ വിലയിരുത്തുന്നു.