എം-സോണ്‍ റിലീസ് – 1129
ക്ലാസ്സിക് ജൂൺ 2019 – 09

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ഫാമിലി, സയൻസ് ഫിക്ഷൻ |
Info | F6B6B456E9B6BE6AA5F5D6F6AFD1829E7B0D9243 |
വിശ്വ വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബെർഗിനെ കുറിച്ച് അറിയാത്തവർ വിരളമാണ്. വിഭിന്നമായ, ഒട്ടുമിക്ക എല്ലാ ചലച്ചിത്രവിഭാഗങ്ങളിൽ നിന്നും അനുസ്മരണീയമായ കലാസൃഷ്ടികൾ സമ്മാനിച്ച, വിമർശകരെ പോലും അസൂയാലുവാക്കിയ മനുഷ്യൻ. അങ്ങ് ശാസ്ത്രകഥാസാഹിത്യം മുതൽ ജീവചരിത്രം പ്രേമയമാക്കിയ ചലച്ചിത്രം വരെ എടുത്ത് കഴിവ് തെളിയിച്ച വ്യക്തി.
ഒരു പരിധി വരെ അതിന്റെ തുടക്കം E.T. യിൽ നിന്നാണ് എന്നു തന്നെ പറയാം.
ഭൂമിയിൽ എത്തുന്ന അന്യഗ്രഹജീവികൾ. അതിൽ നിന്നൊരു ജീവി ഭൂമിയിൽ ഒറ്റപ്പെട്ട് പോകുന്നതും ആ ജീവി ഏലിയറ്റ് എന്ന കുട്ടിയിൽ അഭയം തേടുന്നതുമാണ് കഥാസാരം. ചില സമയങ്ങളിൽ ജീവിതനുഭവമുള്ള വലിയ മനുഷ്യരേക്കാൾ ശരി പ്രായപൂർത്തിപോലും ആകാത്ത കുഞ്ഞുങ്ങൾ ആണ് എന്നത് സത്യമാണ് എന്നു സിനിമ കാണുന്ന പ്രേക്ഷകരോട് സംവിധായകൻ പറയുന്നു. ഏലിയറ്റും E.T. യും തമ്മിലുള്ള ആത്മബന്ധം അത് വരെ പ്രേക്ഷകർ അനുഭവിച്ച വൈകാരിക ബന്ധങ്ങളെക്കാൾ കൂടുതൽ മാനം നൽകുന്ന ഒന്നായിരുന്നു.
ലോക സിനിമ ചരിത്രത്തിലെ ഒരു നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് E.T. പല രീതിയിൽ ഒരു പൂർണമായ ചിത്രമാണെന്ന് തന്നെ പറയാം. ഇതിന്റെ ഏറ്റവും വലിയ മേന്മ, ഇത് കുട്ടികളുടെ കാഴ്ചപ്പാടിൽ നിന്ന് കഥ പറഞ്ഞത് തന്നെ ആണ്. ആ ഒരു ഘടകം തന്നെയാണ് ഈ ചലച്ചിത്രത്തെ ഇപ്പോഴും മികച്ച സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ദൃഢമായി നിലനിർത്തുന്നത്. മുതിർന്നവരുടെ പ്രതികൂലമായ പ്രകൃതത്തേയും കുട്ടികളുടെ നിര്‍ദോഷിത്വം നിറഞ്ഞ മനസ്സിനെപ്പറ്റിയും വളരെ വൈകാരികമായി സിനിമ പറയുന്നു. ഒരേ സമയം ഈ ചലച്ചിത്രം ത്രില്ലിങ്ങും ഇമോഷണലും ആകുന്നു.
E.T. എന്തുകൊണ്ട് മറ്റ് സയൻസ് ഫിക്ഷൻ ഫ്ലിക്കുകളേക്കാൾ സവിശേഷമാകുന്നു എന്ന് ചോദിച്ചാൽ, ഈ ചലച്ചിത്രം ബാല്യത്തെയും കുട്ടികളേയും മനസിലാക്കിയത് പ്രാപഞ്ചികമായ സമവൃത്തിയിൽ ആയിരുന്നു. ഇന്നും അത്തരം ആഴമേറിയ ചലച്ചിത്രങ്ങൾ വന്നിട്ടില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോഴും സ്പീൽബെർഗിന്റെ ഏറ്റവും പവിത്രമായ ചിത്രം E.T. തന്നെയാണ് എന്നതിൽ സംശയമില്ല. സാങ്കേതിക പരമായി ഇത് പോലൊരു ചിത്രം 80കളുടെ തുടക്കത്തിൽ ഇറക്കാൻ കഴിഞ്ഞു എന്നതാണ് സംവിധായകന്റെ ഏറ്റവും വലിയ വിജയം. ഏതൊരു സിനിമ പ്രേമിയും കണ്ടിരിക്കേണ്ട സിനിമയിൽ ഒന്ന് തന്നെയാണ് E .T.
കടപ്പാട്. ഗിരി പി. എസ്